12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മെട്രോ: സ്ഥല വില 75 ലക്ഷമാക്കാന്‍ തയാറെന്ന് ഉടമകള്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന സ്ഥലവില സംബന്ധിച്ച തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാണെന്ന് സ്ഥല ഉടമകള്‍. സ്ഥലം വിട്ടുകൊടുക്കേണ്ടിവരുന്ന ബാനര്‍ജി റോഡ്, എം.ജി റോഡ്, സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലെ ഭൂവുടമകളുടെ യോഗമാണ് വിലയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചത്.
ഉടമകള്‍ ഒരു കോടി രൂപ മുതല്‍ ഒരു കോടി 20 ലക്ഷം രൂപ വരെയാണ് സെന്‍റിന് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ച വേണമെന്ന് മുഖ്യമന്ത്രി ഉടമകളോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച എറണാകുളം ദര്‍ബാര്‍ റസിഡന്‍സിയില്‍ സ്ഥല ഉടമകളുടെ യോഗം ചേരുകയായിരുന്നു. സെന്‍റിന് 75 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് ഉടമകള്‍ പറയുന്നത്. ഒരു കോടിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ വിട്ടുവീഴ്ച ഉടമകള്‍ ചെയ്തതായും തുടര്‍ നടപടി സര്‍ക്കാര്‍ അനുഭാവപൂര്‍വം കൈക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ സെന്‍റിന് ഒരു കോടിക്ക് മേലാണ് വില്‍പ്പന വിലയെന്നാണ് ഉടമകളുടെ അവകാശവാദം. സമീപകാലത്ത് നടന്ന സ്ഥലമിടപാടുകളുടെ പ്രമാണമടക്കമുള്ളവ ഇതിന് തെളിവായി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം അംഗീകരിക്കാതെ പൊന്നുംവില പ്രകാരം സ്ഥലം ഏറ്റെടുക്കലുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
പദ്ധതിക്കായി എല്‍.എ പ്രകാരം എം.ജി റോഡില്‍ സെന്‍റിന് 31 ലക്ഷം രൂപയും, ബാനര്‍ജി റോഡില്‍ 26 ലക്ഷം രൂപയും സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ 35 ലക്ഷം രൂപയുമാണ് ജില്ലാ ഭരണകൂടം നിര്‍ണയിച്ചിരിക്കുന്ന വില. ഇത് പോരെന്നാണ് ഉടമകളുടെ വാദം. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ നിലച്ചിരിക്കുകയായിരുന്നു. ഇതിനത്തെുടര്‍ന്ന് പൊന്നും വില പ്രകാരം സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലം ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ ശരിയായ വില കേന്ദ്രമന്ത്രി കെ.വി. തോമസും ഹൈബി ഈഡന്‍ എം.എല്‍.എയോടും ചര്‍ച്ച ചെയ്ത് ധാരണയിലത്തൊനും ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ബാനര്‍ജി റോഡ് 22 മീറ്റര്‍ വീതിയിലും സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് 18 മീറ്റര്‍ വീതിയിലും വികസിപ്പിക്കാനുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. മെട്രോ റെയിലിന്‍െറ അനുബന്ധ ഗതാഗത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com