Sun, 07/15/2012 - 10:48 ( 48 weeks 3 daysago)
സോമാലിയക്കും വേണം ഒളിമ്പിക്സ് മെഡല്‍
(+)(-) Font Size
സോമാലിയക്കും വേണം ഒളിമ്പിക്സ് മെഡല്‍

ഏദന്‍ കടലിടുക്കില്‍ പേടിസ്വപ്നം തീര്‍ക്കുന്ന കടല്‍കൊള്ളക്കാരുടെ നാട്. എന്നും പൊട്ടിത്തെറിയും കലാപവുമായി ചോരക്കഥകള്‍ മാത്രം ലോകത്തോട് പറയാറുള്ള ആഫ്രിക്കന്‍ രാഷ്ട്രം. ഇങ്ങനെയൊക്കെയാണ് സോമാലിയ. പതിറ്റാണ്ടുകളായി ലോകം പരിചയിച്ച സോമാലിയന്‍ കഥകള്‍ക്ക് തിരുത്ത് നല്‍കാനാണ് ഈ ആഫ്രിക്കന്‍ രാഷ്ട്രം ലണ്ടന്‍ ഒളിമ്പിക്സിലേക്ക് രണ്ടംഗ സംഘത്തെ അയക്കുന്നത്. യുദ്ധഭൂമിയില്‍ നിന്നും ഓടിത്തുടങ്ങി, ചീറിവരുന്ന വെടിയുണ്ടകളെ വകഞ്ഞുമാറ്റി, അല്‍ഖാഇദ അടക്കമുള്ള ഭീകരവാദികളെയും തോല്‍പിച്ചാണ് ലണ്ടനിലേക്കുള്ള ഈ ഓട്ടം. പൊന്നു വിളയിച്ചില്ലെങ്കിലും പൊന്നിനേക്കാള്‍ വലിയ നേട്ടമാവും ഒളിമ്പിക്സില്‍ ഈ നാടിന്റെ പങ്കാളിത്തം.
ലണ്ടനില്‍ കരുത്ത് പരീക്ഷിക്കാനെത്തുന്ന 205 രാജ്യങ്ങളിലെ ആയിരക്കണക്കിന് അത്ലറ്റുകളെ പോലെ സോമാലിയക്കാര്‍ക്കുമുണ്ട് മോഹം. ഒരു ഒളിമ്പിക്സ് മെഡല്‍. കരിയറിന്റെ റെക്കോഡോ, പരിശീലന മികവോ അവരുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വളക്കൂറ് നല്‍കുന്നില്ല. പതിറ്റാണ്ടുകളായി താണ്ടുന്ന ദുരിതഭൂമി നല്‍കിയപാഠം അവരെ ദൃഢനിശ്ചയക്കാരാക്കി മാറ്റുന്നു.
'കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ക്കൊരു സര്‍ക്കാറോ ഭരണകൂടമോ ഇല്ല. എങ്കിലും ആത്മവിശ്വാസമുണ്ട്. ഭാഗ്യം തുണയേകിയാല്‍ വിജയത്തിലേക്ക് ചുവടുവെക്കും' -18കാരിയായ സോമാലിയന്‍ അത്ലറ്റ് സംസം മുഹമ്മദ് ഫറായുടെ വാക്കുകളാണിത്.
രണ്ടുപതിറ്റാണ്ട് പിന്നിട്ട ആഭ്യന്തര പോരാട്ടവും അരക്ഷിതാവസ്ഥയും സോമാലിയയെ മുച്ചൂടും തകര്‍ത്തിരിക്കുന്നു. ജനങ്ങള്‍ പട്ടിണിക്കു മുന്നില്‍ തോറ്റു മരണംവരിക്കുമ്പോള്‍ കായിക രംഗത്തേക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരുമില്ല.
എങ്കിലും തോറ്റു കൊടുക്കാന്‍ അബ്ദി ബില്‍ അബ്ദിയുടെ പിന്‍മുറക്കാര്‍ തയാറല്ല. 1987ലെ റോം ലോകചാമ്പ്യഷിപ്പില്‍ ഈ സോമാലിയക്കാരന്‍ 1500 മീറ്ററില്‍ ചാമ്പ്യനാവുമ്പോള്‍ നാട്ടിലെ ചോരക്കളിക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇക്കുറി ലണ്ടനില്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ കുപ്പായത്തില്‍ മത്സരിക്കാനിറങ്ങുന്ന മുഹമ്മദ് ഹസന്‍ മുഹമ്മദും സംസം ഫറായും ഓര്‍മപ്പെടുത്തുന്നതും തങ്ങളുടെ പൂര്‍വികനായ അബ്ദി ബില്‍ അബ്ദിയെന്ന ഇതിഹാസ തുല്യനായ ഓട്ടക്കാരനെ കുറിച്ച്.
പുരുഷന്മാരുടെ 1500 മീറ്ററില്‍ മത്സരിക്കുന്ന മുഹമ്മദ് ഹസനും വനിതകളുടെ 800 മീറ്ററില്‍ മാറ്റുരക്കുന്ന ഫറയുമാണ് ഒളിമ്പിക്സില്‍ സോമാലിയയെ പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്തെ വിമത പോരാളികള്‍ക്കും സൈന്യത്തിനുമിടയിലെ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഒളിമ്പിക്സ് തയാറെടുപ്പ് മറ്റൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഇവരുടെ കോച്ച് അഹ്മദ് അലി അബികര്‍ പറയുന്നു. 'കലാപങ്ങള്‍ക്കിടയിലാണ് അവര്‍ വളര്‍ന്നത്. ജീവിതത്തിലുടനീളം നേരിട്ട വെല്ലുവിളി അവരുടെ പ്രകടനത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ' -അഹ്മദ് അലി അബികര്‍ പറഞ്ഞു.
അവസാനമില്ലാത്ത ആഭ്യന്തരയുദ്ധത്തിനിടയില്‍ സാമ്പത്തിക ഞെരുക്കവും പട്ടിണിയും അടിസ്ഥാന പരിശീലന സൗകര്യവും ഇല്ലാതെയായിരുന്നു ഒളിമ്പ്ക്സ് സ്വപ്നവുമായി സോമാലിയന്‍ ടീമുകള്‍ ഒരുങ്ങിയത്. മൊഗാദിശുവിലെ പഴയ ഒരു സ്കൂള്‍ കെട്ടിടം ടീം ബേസാക്കി ഒളിമ്പിക്സിനുള്ള അവസാന വട്ട തയാറെടുപ്പ്. അത്ലറ്റുകള്‍ക്കായി ഡോക്ടര്‍മാരില്ല. രോഗമോ പരിക്കോ പറ്റിയാല്‍ പൊതു ആശുപത്രിതന്നെ അത്ലറ്റുകള്‍ക്കും ആശ്രയമെന്ന് കോച്ച് പറയുന്നു.
വനിതയായ ഫറാ ഓടാനിറങ്ങിയപ്പോള്‍ വധഭീഷണിയുമായാണ് രാജ്യത്തെ പ്രധാന വിമത വിഭാഗമായ അല്‍ശബാബ് എത്തിയത്. ഇത് കാരണം മൈതാനത്തെ പരിശീലനം മതിയാക്കി ഇന്‍ഡോറിലായി ഒരുക്കങ്ങള്‍. ഫുട്ബാള്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളെയും പാശ്ചാത്യ അനുകരണമെന്നാരോപിച്ച് തീവ്രവാദികള്‍ തകര്‍ക്കുകയാണ്. കളിയിടങ്ങളില്‍ ബോംബേറും കളിക്കാര്‍ക്ക് ശിക്ഷയുമടക്കം കായികമേഖലയാകെ ഭീതി പടര്‍ത്തുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രിലില്‍ സോമാലിയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആദന്‍ യബറോവിനെ ചാവേര്‍ ആക്രമണത്തിലൂടെ വധിച്ചാണ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയത്.

****
ഭീഷണികള്‍ക്കും രക്തച്ചാലുകള്‍ക്കുമിടയില്‍ പേടിച്ചുനില്‍ക്കാന്‍ ഫറയും മുഹമ്മദും തയാറല്ല. രാജ്യത്തിന് അനുവദിച്ച രണ്ട് ഒളിമ്പിക്സ് ടിക്കറ്റിലൂടെ അവര്‍ ലണ്ടനില്‍ ഓടും. മെഡലണിഞ്ഞാലും ഇല്ലെങ്കിലും യുദ്ധവും കലാപവും താണ്ടിയെത്തിയ അവര്‍ രാജ്യത്തിന് പുതിയൊരു മേല്‍വിലാസം നല്‍കാനാവും ഒളിമ്പികോ സ്റ്റേഡിയത്തിലെ ട്രാക്കില്‍ കുതിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus