കണിയാമ്പറ്റ: പാര്‍ശ്വവത്കൃത ജനതയുടെ വിദ്യാഭ്യാസത്തില്‍ വിപ്ളവകരമായ മുന്നേറ്റമുണ്ടാക്കിയ ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ സംസ്ഥാനത്ത് പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥലം ലഭ്യമായാല്‍ ജില്ലയില്‍ തന്നെയായിരിക്കും സ്ഥാപനം തുടങ്ങുക.
കണിയാമ്പറ്റയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ച പെണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രീപ്രൈമറിതലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാഭ്യാസം ഒരു കാമ്പസില്‍ കിട്ടുന്നതാണ് കലിംഗ. കലിംഗ അധികൃതരുമായി പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തി.
അവസരവും സൗകര്യവും ലഭിച്ചാല്‍ എത്ര പിന്നാക്കാവസ്ഥയില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളും മികച്ച പ്രകടനം നടത്തും. കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഇതിന് മികച്ച ഉദാഹരണമാണ് -മുഖ്യമന്ത്രി പറഞ്ഞു.പട്ടികവര്‍ഗ വികസന വകുപ്പ് പത്തരകോടി ചെലവിലാണ് ഒമ്പത് ഏക്കറില്‍ ഇവിടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പണിതത്.
അഞ്ചുമുതല്‍ പത്തുവരെ ക്ളാസുകളില്‍ 210 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളുണ്ട്. പട്ടികവര്‍ഗ, യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. ദേവകി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍