12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഡോക്ടര്‍മാര്‍ സ്ഥലം മാറി; രോഗികള്‍ ദുരിതത്തില്‍

അടിമാലി: ഡോക്ടര്‍മാര്‍ സ്ഥലം മാറിയതോടെ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തില്‍.മെഡിക്കല്‍ ഓഫിസര്‍ കൊല്ലം ജില്ലയിലേക്കും നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനെത്തിയ മറ്റൊരു ഡോക്ടര്‍ കോട്ടയം ജില്ലയിലേക്കുമാണ് മാറിപ്പോയത്. ഇതോടെ ആദിവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ ദുരിതത്തിലായി.
അടിമാലി ഗ്രാമ പഞ്ചായത്തിലെ പൊതുജനാരോഗ്യ വിഭാഗം പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായതോടെ ഈ വിഭാഗത്തിന്‍െറ പ്രവര്‍ത്തനവും അവതാളത്തിലായി.ഇവിടത്തെ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം അടിമാലി ടൗണിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിക്കുന്നത് തുടരുന്നതിനിടയിലാണ് ഡോക്ടറുടെ സ്ഥലം മാറ്റം.
27 ആദിവാസിക്കോളനികളും അത്ര തന്നെ മറ്റ് പിന്നാക്ക വിഭാഗ കോളനികളും ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പരിധിയിലുണ്ട്. ഇവിടങ്ങളില്‍ വിവിധ മഴക്കാല രോഗങ്ങള്‍ പടരുന്നുണ്ടെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം മന്ദീഭവിച്ചു.
ശരാശരി 200 നും 300 നും ഇടയില്‍ രോഗികള്‍ ഈ ആശുപത്രിയില്‍ എത്തിയിരുന്നു. പൊതുജനാരോഗ്യ വിഭാഗം ഉള്‍പ്പെടെ 45 ജീവനക്കാര്‍ ഇപ്പോള്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. ഡോക്ടര്‍ ഇല്ലാതായതോടെ ബോധവത്കരണം മാത്രമാണ് ഇവര്‍ക്കുള്ള പ്രധാന ജോലി.
ആശുപത്രിയില്‍ കുടിവെള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടെ എത്തുന്ന രോഗികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ചാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. ഇത് തകരാറിലായതിനാല്‍ രണ്ടാഴ്ചയായി ആശുപത്രിയില്‍ വെള്ളമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ 30 ഓളം വരുന്ന വനിതാ ജീവനക്കാര്‍ ഏറെ വലയുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ജീവനക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com