നെടുങ്കണ്ടം: താലൂക്കാശുപത്രിയില്‍ ജനറേറ്റര്‍ ഇല്ലാത്തതിനാല്‍ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചു. 66 കെ.വിയുടെ ജനറേറ്റര്‍ ഉണ്ടായിരുന്നത് തകരാറായിട്ട് മാസങ്ങളായി. ഇത് നന്നാക്കാനോ ഉപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയില്‍ നന്നേ ബുദ്ധിമുട്ടുകയാണ് ആശുപത്രി അധികൃതര്‍. മോര്‍ച്ചറിയുടെ ഉപയോഗത്തിന് മാത്രമുള്ളതായിരുന്നു ജനറേറ്റര്‍.
ജനറേറ്ററിന് നിസ്സാരമായ തകരാറാണുള്ളത്. ഇത് നന്നാക്കണമെങ്കില്‍ തുച്ഛമായ വിലയുള്ള ചെറിയ ഉപകരണം മാറ്റിവെക്കണം. എന്നാല്‍, ഇത് മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ മൃതദേഹം സൂക്ഷിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കട്ടപ്പനക്ക് കൊണ്ടുപോകണം.
നിലവില്‍ മാസങ്ങളായി മോര്‍ച്ചറി ഉപയോഗശൂന്യമാണ്. ആശുപത്രിയിലെ മറ്റൊരു ജനറേറ്ററും തകരാറിലാണ്. ഇത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ആശുപത്രി വക ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷത്തോളമായി. ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ ഇത് വലക്കുകയാണ്.
ഇതുസംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കിലും പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍