12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

പണം കൊടുക്കാനും 'പണി' കിട്ടാനും പ്രൈവറ്റുകാര്‍

പണം കൊടുക്കാനും 'പണി' കിട്ടാനും പ്രൈവറ്റുകാര്‍
'യൂനിയന്‍' സിറ്റിയിലെ പരീക്ഷണങ്ങള്‍-3

കോഴിക്കോട്: ജൂണ്‍ 15ന് നടക്കേണ്ട പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കിട്ടാന്‍ തലേന്ന് രാത്രിവരെ ഇന്റര്‍നെറ്റ് കഫേകള്‍ക്കു മുന്നിലാണ് വിദ്യാര്‍ഥികള്‍. അവസാവനവട്ട തയാറെടുപ്പ് നടത്തേണ്ട നേരമാണെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്നിട്ട് കാര്യമില്ല. എത്ര പഠിച്ചാലും ഹാള്‍ടിക്കറ്റ് കിട്ടാതെ പരീക്ഷ എഴുതാനാവില്ലല്ലോ. എപ്പോഴാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക എന്നറിയിച്ചിട്ടില്ലാത്തതിനാല്‍ 'നെറ്റി'നു മുന്നില്‍ നോമ്പുനോറ്റിരിക്കുകതന്നെ രക്ഷ. അതേസമയം, ഹാള്‍ടിക്കറ്റിനായി കുട്ടികള്‍ പരക്കംപായുന്ന നേരത്ത് പരീക്ഷാഭവനില്‍ വലിയൊരു 'വര്‍ഗ പോരാട്ടം' നടക്കുകയാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അപേക്ഷകള്‍ ആര് കൈകാര്യം ചെയ്യണമെന്നതാണ് തര്‍ക്കം. തര്‍ക്കം മൂത്ത് പണി മുടങ്ങി. ഹാള്‍ ടിക്കറ്റ് തയാറായെങ്കിലും പരീക്ഷാര്‍ഥികളുടെ രജിസ്റ്റര്‍ (നോമിനല്‍ റോള്‍) തയാറായിട്ടില്ല. ഇത് പരീക്ഷാകേന്ദ്രത്തിലേക്ക് അയക്കണം. പരീക്ഷാഹാളിലെ ഡസ്ക്കില്‍ രജിസ്റ്റര്‍ നമ്പറിടണമെങ്കിലും ഇതുവേണം. ചുരുക്കിപ്പറഞ്ഞാല്‍ പിറ്റേന്ന് പരീക്ഷ നടന്നില്ല. വളരെ 'ഈസി'യായി ഒരു അറിയിപ്പ്, 'സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റി', ആരു ചോദിക്കാന്‍ ! ആരു പറയാന്‍ !
ചെയ്യുന്ന പണിയോട് ഒട്ടും കൂറില്ലാതെ ചിലര്‍ നടത്തിയ ഈ ചെയ്ത്തിനോട് പക്ഷേ, വൈസ് ചാന്‍സലറെങ്കിലും പ്രതികരിച്ചു. ചിലര്‍ മനഃപൂര്‍വം കളിച്ചതാണെന്ന് സൂചിപ്പിച്ച് അദ്ദേഹം നോട്ടീസ് ഇറക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കി. പക്ഷേ, എന്തു നടപടിയെടുത്തു എന്നു ചോദിക്കരുത്. ഓരോ സെക്ഷനും സ്വന്തം സാമ്രാജ്യമായി പ്രഖ്യാപിച്ച് സ്വയംഭരണം നടത്തുന്ന 'യൂനിയന്‍'സിറ്റിയില്‍ ഇങ്ങനെയൊരു നോട്ടീസ് ഇറങ്ങിയതുതന്നെ വലിയൊരു ധീരകൃത്യമെന്ന് കരുതി സമാധാനിക്കാം.
നല്ലത് നല്ലതെന്നുതന്നെ പറയണമല്ലോ. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം പരീക്ഷാഭവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരീക്ഷാഭവനെ വിഭജിച്ച് കണ്‍ട്രോളര്‍ക്കു കീഴില്‍ ആറ് ജോയന്റ് കണ്‍ട്രോളര്‍മാര്‍ക്ക് ചുമതല നല്‍കി. കെട്ടിക്കിടക്കുന്ന അരലക്ഷത്തോളം സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ തീര്‍പ്പാക്കിയതാണ് പ്രധാന നേട്ടം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകളും തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, പരിഷ്കാരം തകര്‍ക്കാന്‍ ചില ജീവനക്കാര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇതിന് ഭരണ-പ്രതിപക്ഷ യൂനിയന്റെ കൊടിനിറവുമുണ്ട്.
സര്‍വകലാശാലകളുടെ അക്കാദമിക മികവിന് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്ന ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കിയതില്‍ കാലിക്കറ്റ് സര്‍വകലാശാല വന്‍ പരാജയമാണ്. പരീക്ഷ മുഴുവന്‍ താളം തെറ്റി. എങ്ങനെയെങ്കിലും പരിഷ്കാരം പിന്‍വലിച്ചാല്‍ മതിയെന്നാണ് മിക്കവരുടെയും താല്‍പര്യം. പരിഷ്കാരം റദ്ദാക്കിയാല്‍ അധ്യാപകര്‍ക്ക് പണി കുറയും. കുട്ടിരാഷ്ട്രീയക്കാര്‍ക്ക് പഴയപോലെ ക്ളാസില്‍ കയറാതിരിക്കാം. പരീക്ഷാഭവനിലുള്ളവര്‍ക്ക് മാര്‍ച്ചുവരെ ഉറങ്ങുകയും ചെയ്യാം. ഡിഗ്രിക്ക് സെമസ്റ്റര്‍ എന്ന യു.ജി.സിയുടെ ഈ നിര്‍ദേശത്തോട് മാത്രം എല്ലാവര്‍ക്കും എതിര്‍പ്പ്. ഇടതു കാലത്ത് വന്ന പരിഷ്കാരമായതിനാല്‍ സഖാക്കളായ അധ്യാപകര്‍ക്ക് വിമര്‍ശിക്കാന്‍ പ്രയാസം. പി.ജി തലത്തിലാണ് ആദ്യം സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയത്. കഴിഞ്ഞവര്‍ഷം മുതല്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ വിഭാഗത്തിലുള്ളവരും ഈ രീതിയിലേക്ക് വന്നു. ഇവരുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്താനാണ് ഏറെ പ്രയാസപ്പെട്ടത്. 52,000ത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2011 നവംബറിലാണ് നടത്തേണ്ടതെങ്കിലും റെഗുലറിന് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ഒന്നിച്ചുനടത്താന്‍ തീരുമാനിച്ചപ്പോള്‍ ഇവരുടേതും നീണ്ടു. പലതവണ പരീക്ഷ നീട്ടി ജൂണ്‍ 15 ന് നടത്തുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ പരീക്ഷാഭവനിലെ 'വര്‍ഗപോരാട്ടം' കാരണം അതും നീട്ടിയ കഥ മുകളില്‍ പറഞ്ഞുവല്ലോ.
ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ ഡിഗ്രിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍, ഈ സംവിധാനം അകാലചരമമടയുമെന്ന് ആശങ്കയുണ്ട്. മെയിന്‍ (കോര്‍), ഇംഗ്ളീഷ് പരീക്ഷകള്‍ വാര്‍ഷിക രീതിയില്‍ നടത്താനും ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ മൂല്യനിര്‍ണയം കോളജുകളെ ഏല്‍പിക്കാനുമാണ് കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശ. അങ്ങനെ വരുമ്പോള്‍ , ചുരുക്കം ചില പേപ്പറുകളേ സെമസ്റ്റര്‍ രീതിയില്‍ പിന്നെ ഉണ്ടാവൂ.
സെമസ്റ്റര്‍ സംവിധാനത്തിലെ ഗ്രേഡിന് പകരം മാര്‍ക്ക് സംവിധാനം തിരികെ കൊണ്ടുവരാനും ശിപാര്‍ശയുണ്ട്. ഇതുകൂടിയാകുമ്പോള്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ ഫലത്തില്‍ എടുക്കപ്പെടും. യു.ഡി.എഫ് അധ്യാപക സംഘടനകളാണ്, ലോകമെങ്ങും അംഗീകരിക്കപ്പെട്ട പരിഷ്കാരം അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സര്‍വകലാശാലയാണിത്. കഴിഞ്ഞവര്‍ഷം എട്ടുകോടി രൂപ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി ലഭിച്ചു. നടപ്പുവര്‍ഷമിത് 10 കോടി കവിഞ്ഞിട്ടുണ്ട്. പദ്ധതിയിതര വരുമാനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. എന്നാല്‍, ഇവരോട് എന്നും ചിറ്റമ്മ നയമാണ് അധികൃതര്‍ക്ക്. റെഗുലര്‍ ഡിഗ്രിയുടെ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും പ്രൈവറ്റുകാരുടെ ഫലപ്രഖ്യാപനം എന്നുണ്ടാവുമെന്നുപോലും പറയാന്‍ കഴിയുന്നില്ല.
ഏപ്രിലില്‍ നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം പാതിവഴിപോലും എത്തിയിട്ടില്ല. അരലക്ഷത്തില്‍പരം പേരുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തി ഫലംവന്നാലേ ഇവര്‍ക്ക് പി.ജിക്ക് അപേക്ഷിക്കാനാവൂ. ജൂലൈ അവസാനമെങ്കിലും ഫലം വന്നില്ലെങ്കില്‍ ഇവര്‍ക്ക് ഉപരിപഠനം സാധ്യമാവില്ല. മുന്‍കാലങ്ങളില്‍ റെഗുലര്‍-പ്രൈവറ്റ് ഭേദമില്ലാതെയായിരുന്നു പരീക്ഷയും ഫലപ്രഖ്യാപനവും ഉണ്ടായിരുന്നത്.
പ്രൈവറ്റുകാരുടെ പരീക്ഷ നടത്താന്‍ ഓപണ്‍ യൂനിവേഴ്സിറ്റി എന്ന ആശയം യാഥാര്‍ഥ്യമാക്കുകയാണ് പരിഹാരം. ഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നുവെന്നാണ് വിവരം. സര്‍വകലാശാലകളുടെ പ്രധാന വരുമാനമാര്‍ഗം അടയുമെന്നതിനാലാണിത്. എന്തായാലും ഓപണ്‍ യൂനിവേഴ്സിറ്റി വരുന്നതുവരെ ഇവരോടുള്ള അവഗണന തുടരും.

(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com