ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ വീണ്ടും കുത്തനെ ഇടിവ്. 2011 ജൂണിനെ അപേക്ഷിച്ച് 5.45 ശതമാനം ഇടിവാണ് ഈ ജൂണില്‍ ഉണ്ടായത്. 2500 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം മാത്രമാണ് ജൂണില്‍ നേടാനായത്. അതേസമയം, വ്യവസായ മേഖലയിലെ ശക്തമായ മാന്ദ്യത്തെ തുടര്‍ന്ന് ഇറക്കുമതിയിലും വന്‍ ഇടിവാണ് ജൂണില്‍ രേഖപ്പെടുത്തിയത്, 13.6 ശതമാനം. ഇതോടെ ജൂണിലെ ഇറക്കുമതി മുന്‍വര്‍ഷം ഇതേ കാലയളവിലെ 4080 കോടി ഡോളറില്‍നിന്ന് 3537 കോടി ഡോളറായി കുറഞ്ഞു.
കയറ്റുമതിയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇറക്കുമതി കുറഞ്ഞതോടെ വിദേശ വ്യാപാര കമ്മിയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. 1030 കോടി ഡോളറാണ് 2012 ജൂണിലെ വിദേശ വ്യാപാര കമ്മി.
രണ്ടു മാസം തുടര്‍ച്ചയായി കയറ്റുമതിയിലുണ്ടായ കുറവ് നിരാശാജനകമാണെന്ന് വാണിജ്യകാര്യ സെക്രട്ടറി എസ്.ആര്‍. റാവു പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കയറ്റുമതിയില്‍ 1.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2011 ഏപ്രില്‍ - ജൂണില്‍ 7650 കോടി ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് നടപ്പു സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായത് 7520 കോടി ഡോളറിന്റെ കയറ്റുമതിയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍