റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈച്ച പറക്കുന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈച്ച പറക്കുന്നു

ഭാഷാവ്യത്യാസമില്ലാതെ റെക്കോര്‍ഡുകള്‍ ഭേദിച്ച് 'ഈച്ച' മൂളിപ്പറക്കുകയാണ്. തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലി ഒരുക്കിയ 'ഈഗ' എന്ന ചിത്രമാണ് തമിഴില്‍ 'നാന്‍ ഈ', മലയാളത്തില്‍ 'ഈച്ച' എന്നീ പേരുകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു ഭാഷകളിലുമായി ഇതുവരെ 65 കോടിയിലേറെ രൂപ സിനിമ വാരിക്കൂട്ടിയെന്നാണ് റിപോര്‍ട്ട്. 30 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യദിവസം തന്നെ 17 കോടി കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടിരുന്നു. തെന്നിന്ത്യന്‍ ബോക്സോഫീസിന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ വിജയമായിരുന്നു ഇത്.

'ഈച്ചയുടെ ശല്യം' ഭയന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ 'ഗജപോക്കിരി'യുടെ റിലീസ് മാറ്റിയെന്നാണ് വിവരം. തെലുങ്കില്‍ മാത്രം ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെലുങ്കിലെ സൂപ്പര്‍താരങ്ങളും സംവിധായകരുമെല്ലാം ഈച്ചക്ക് ഫുള്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

വളരെ രസകരമായ ഒരു പ്രണയകഥ ഒരു പ്രതികാര കഥയായി വഴിമാറുന്നതിന്റെ സസ്പെന്‍സ് നിറഞ്ഞ ആഖ്യാനമാണ് ഈച്ചയെ വന്‍ വിജയമാക്കുന്നത്. യുവതാരങ്ങളായ നാനി,സാമന്ത, സുദീപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സുദീപ് അവതരിപ്പിക്കുന്ന വില്ലന്‍, നായകനായ നാനിയെ വകവരുത്തുന്നതാണ് 'ഈച്ച'യുടെ കഥയില്‍ വഴിത്തിരിവാകുന്നത്. നാനി ഒരു ഈച്ചയായി പുനര്‍ജനിക്കുകയും തന്നെ ഇല്ലാതാക്കിയ വില്ലനോട് പ്രതികാരം ചെയ്യാനായി എത്തുകയും ചെയ്യുന്നിടത്താണ് കഥ മറ്റൊരു തലത്തേലക്ക് വഴിമാറുന്നത്. തുടര്‍ന്നങ്ങോട്ട് കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ഭ്രമിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയില്‍ ഒരുക്കിയിരിക്കുന്നത്.

സൂപ്പര്‍താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ആരാധക പിന്തുണ ഒരു ഈച്ചയ്ക്ക് ലഭിക്കുന്ന സവിശേഷകരമായ അവസ്ഥയ്ക്കാണ് തെന്നിന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ശല്യത്തോടെ മാത്രം കണ്ടിരുന്ന 'ഈച്ച'ക്ക് ഒരു താരപരിവേഷം ലഭിച്ചിരിക്കയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus