കിങ്കോങ്ങിനെ കശക്കിയ കരുത്തന്‍

കിങ്കോങ്ങിനെ കശക്കിയ കരുത്തന്‍

ന്യൂദല്‍ഹി: വെള്ളിത്തിരയുടെ അഭിനയ രീതികളിലേക്ക് കൂടുമാറും മുമ്പ് ദാരാസിങ്ങിന്റെ മെയ്ക്കരുത്തിനെ കായികലോകം ആരാധനയോടെ നോക്കിക്കണ്ട നാളുകള്‍ ഇന്ത്യക്ക് അഭിമാനത്തിന്റേതായിരുന്നു. ആസ്ട്രേലിയയുടെ ആജാനുബാഹുവായ കിങ്കോങ്ങും ഫ്ളാഷ് ഗോര്‍ഡനും പിന്നെ ദാരാസിങ്ങും അടക്കിവാണ അമ്പതുകളുടെ ഗുസ്തി റിങ്ങില്‍ ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത്.
കിങ്കോങ്ങും ദാരാസിങ്ങും തമ്മില്‍ നടന്ന ഒരു മത്സരം ഗുസ്തിയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായാണ് ഇന്നും വാഴ്ത്തപ്പെടുന്നത്. അന്ന് 130 കിലോഗ്രാം ഭാരമുണ്ടായിരുന്ന ദാരാസിങ് 200 കിലോ തൂക്കമുണ്ടായിരുന്ന കിങ്കോങ്ങിനെ തലക്കുമുകളില്‍ ഉയര്‍ത്തിയശേഷം വട്ടത്തില്‍ കറക്കിയ ദൃശ്യം വിസ്മയിപ്പിക്കുന്നതായിരുന്നു. നിയമപ്രകാരമുള്ള ചെയ്തിയല്ല ഇന്ത്യന്‍ താരത്തിന്റേതെന്ന് ചൂണ്ടിക്കാട്ടി കിങ്കോങ് അമ്പയര്‍ക്കുനേരെ ആക്രോശിക്കുകയായിരുന്നു. ദാരാസിങ്ങിനെ തടയാന്‍ വേണ്ടി റഫറി ശ്രമിച്ചപ്പോള്‍ അദ്ദേഹം കിങ്കോങ്ങിനെ റിങ്ങിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. കാണികള്‍ക്ക് ഒരടി മുന്നിലാണ് കിങ്കോങ് ചെന്നുവീണത്. ദാരാസിങ്ങും കിങ്കോങ്ങുമായി നടന്ന ഗുസ്തി മത്സരങ്ങള്‍ അന്ന് നിറഞ്ഞ കാണികള്‍ക്ക്മുമ്പാകെയാണ് അരങ്ങേറിയിരുന്നത്. കരുത്തും പ്രതിഭയും ഒത്തുചേര്‍ന്നതായിരുന്നു ആ പോരാട്ടങ്ങള്‍.
ഇരുവരെയും കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് അന്ന് പ്രചരിച്ചിരുന്നത്. രണ്ട് അജയ്യ ശക്തികള്‍ പരസ്പരം കടിച്ചുകീറാനൊരുങ്ങിനില്‍ക്കുന്ന ചിത്രം അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ദാരാസിങ് ഒട്ടേറെ ചപ്പാത്തി ഒറ്റയിരിപ്പിന് കഴിക്കുമ്പോള്‍ ഡസന്‍ കണക്കിന് കോഴിമുട്ടകളായിരുന്നു കിങ്കോങ്ങിന് കരുത്തുപകര്‍ന്നത്.
അഞ്ഞൂറോളം പ്രഫഷനല്‍ ഫൈറ്റുകളില്‍ ഗുസ്തിപിടിച്ച ദാരാസിങ് എല്ലാത്തിലും വിജയിയായിരുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. കിങ്കോങ്ങിനും ഗോര്‍ഡനും പുറമെ കാനഡയുടെ ജോര്‍ജ് ഗോര്‍ഡിയെങ്കോയും ന്യൂസിലന്‍ഡിന്റെ ജോണ്‍ ഡെസില്‍വയുമൊക്കെ ദാരാസിങ്ങിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങി.
ഗുസ്തിയുടെ ഇന്ത്യന്‍ രീതിയായ പെഹല്‍വാനി പയറ്റിയാണ് ദാരാസിങ് വളര്‍ന്നത്. പൊടിമണലിലായിരുന്നു പെഹല്‍വാനിക്ക് അരങ്ങ്. അന്നത്തെ നാട്ടുരാജാക്കന്മാരുടെ ക്ഷണപ്രകാരം ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം മേളകളിലും ഉത്സവങ്ങളിലും തന്റെ കഴിവ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
1947ല്‍ സിംഗപ്പൂരിലേക്കുപോയ അദ്ദേഹം ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തിയില്‍ മലേഷ്യയിലെ ചാമ്പ്യനായി. ക്വാലാലംപൂരില്‍ തര്‍ലോക് സിങ്ങിനെയാണ് തോല്‍പിച്ചത്. പ്രഫഷനല്‍ ഗുസ്തി താരമെന്ന നിലയില്‍ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുത്ത ദാരാസിങ് 1952ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ചാമ്പ്യനായി. 1983ല്‍ ദല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഗുസ്തിയില്‍നിന്നുള്ള വിരമിക്കല്‍.
ദാരാസിങ്ങിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അനുശോചിച്ചു. ഇന്ത്യന്‍ ഗുസ്തിക്ക് പുതിയ ദിശാബോധം നല്‍കിയ പ്രതിഭാശാലിയായിരുന്നു ദാരാസിങ്ങെന്ന് ഐ.ഒ.എ ആക്ടിങ് പ്രസിഡന്റ് വിജയ്കുമാര്‍ മല്‍ഹോത്ര അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നികത്താനാവാത്ത നഷ്ടമാണ് ദാരാസിങ്ങിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ് ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus