Thu, 07/12/2012 - 23:54 ( 44 weeks 6 daysago)
മഞ്ഞപ്പടയുടെ മുന്നണിപ്പോരാളി
(+)(-) Font Size
മഞ്ഞപ്പടയുടെ മുന്നണിപ്പോരാളി

റിയോ ഡെ ജനീറോ: ലോക ഫുട്ബാളിലെ മുടിചൂടാമന്നന്മാരായി വിരാജിക്കുമ്പോഴും ബ്രസീലിന് തങ്ങളുടെ ഷോക്കേസിലെത്തിക്കാന്‍ കഴിയാത്തൊരു കനകക്കിരീടമുണ്ട് -ഒളിമ്പിക് സ്വര്‍ണം. പ്രതീക്ഷയോടെ മാറ്റുരച്ച പല വേളകളിലും വിശ്വകായിക മാമാങ്കത്തിന്റെ പുല്‍ത്തകിടിയില്‍ മഞ്ഞലോഹത്തിന്റെ തിളക്കം മഞ്ഞപ്പടയില്‍നിന്ന് വഴുതിമാറിയകന്നു. ലണ്ടനില്‍ ഇത്തവണ ഒളിമ്പിക്സിന്റെ ആരവമുയരുമ്പോള്‍ ബ്രസീല്‍ ഏറെ പ്രതീക്ഷകളിലാണ്. കാത്തുകാത്തിരിക്കുന്ന ആ ഫുട്ബാള്‍ സ്വര്‍ണം ഇത്തവണ ലണ്ടനില്‍നിന്ന് റിയോ ഡെ ജനീറോയിലെത്തുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഫുട്ബാളിനെ അത്രയേറെ സ്നേഹിക്കുന്ന ബ്രസീല്‍ ജനതയുടെ സ്വപ്നങ്ങള്‍ക്കാധാരം മുന്‍നിരയില്‍ നിറഞ്ഞുകളിക്കുന്ന പുത്തന്‍ താരോദയം നെയ്മറാണ്. 20കാരനായ ഈ സാന്റോസ് സ്ട്രൈക്കറുടെ മികവില്‍ ഒളിമ്പിക്സിന് യോഗ്യത നേടിയ ബ്രസീല്‍, ലണ്ടനിലും തങ്ങളുടെ 11ാം നമ്പറുകാരന്‍ മിന്നിത്തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കന്നി ഒളിമ്പിക്സിലേക്ക് കാലൂന്നാന്‍ ഒരുങ്ങുന്ന നെയ്മര്‍ ടീമിന്റെ സാധ്യതയും ഒരുക്കങ്ങളുമെല്ലാം വിലയിരുത്തി ഒരു ഫുട്ബാള്‍ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്...
? കുട്ടിയായിരിക്കുമ്പോള്‍ ഒളിമ്പിക്സ് ടി.വിയില്‍ കണ്ട ഓര്‍മയുണ്ടോ
* നല്ല ഓര്‍മയുണ്ട്. ഒളിമ്പിക്സില്‍ ഫുട്ബാള്‍ മത്സരങ്ങള്‍ മാത്രമല്ല ഞാന്‍ കണ്ടിരുന്നത്. ലോകകപ്പിലും ഒളിമ്പിക്സിലും കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. മറ്റെല്ലാ അത്ലറ്റുകള്‍ക്കുമൊപ്പം ഗെയിംസ് വില്ലേജില്‍ താമസിക്കുകയെന്നത് മഹത്തരമായി തോന്നുന്നു. ഒളിമ്പിക്സില്‍ പങ്കെടുക്കാനും അതിന്റെ ഭാഗമാവാനും കഴിയുന്നത് ഭാഗ്യമാണ്. ബ്രസീലിന് ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുക്കുകയാണ് ഞങ്ങള്‍ക്കു മുന്നിലുള്ള ലക്ഷ്യം. ഇതുപോലൊരു വമ്പന്‍ ആഗോളപരിപാടിയില്‍ പങ്കെടുക്കുന്നതുതന്നെ വലിയ പ്രചോദനം പകരും.
? ഫുട്ബാളര്‍ എന്ന നിലക്ക് മറ്റു കായിക ഇനങ്ങളിലെ അറിയപ്പെടുന്ന താരങ്ങളുമായി ഒളിമ്പിക്സില്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതിനെക്കുറിച്ച്
* അതെ, അവിടെ നിങ്ങളുടെ മറുവശത്തുനിന്ന് ലെബ്രോണ്‍ ജെയിംസും ഉസൈന്‍ ബോള്‍ട്ടും നടന്നുവരുന്നുണ്ടാവും (ചിരിക്കുന്നു). ഞാന്‍ ലണ്ടനിലേക്ക് പോവുന്നത് ഏറ്റവും വലിയ ആരാധകനായാണ് എന്നും മുഴുവന്‍ സമയവും ഫോട്ടോകള്‍ എടുത്തുകൊണ്ടിരിക്കുകയാവുമെന്നൊക്കെ കൂട്ടുകാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബോള്‍ട്ടിനെയും ലെബ്രോണിനെയും പോലുള്ള ആളുകളെ കാണാന്‍ കൂടിയാണ് ഈ അവസരം ഞാന്‍ വിനിയോഗിക്കുക. അവര്‍ക്കൊപ്പംനിന്ന് ഫോട്ടോയെടുക്കണം. ഓട്ടോഗ്രാഫ് വാങ്ങണം. അവരോട് എന്താണ് പറയുകയെന്നൊന്നും എനിക്കറിയില്ല. എങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കും ഞാന്‍ (ചിരിക്കുന്നു).
? ബ്രസീല്‍ ഫുട്ബാള്‍ ടീമിന് സ്വര്‍ണം നേടാന്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സാധ്യത ഇത്തവണ ഇല്ലേ.
* ചാമ്പ്യന്മാരാകാനുള്ള എല്ലാം ഈ ടീമിനുണ്ട്. ഏതു ചാമ്പ്യന്‍ഷിപ്പായാലും ബ്രസീല്‍ എന്നും സാധ്യതയില്‍ മുന്നിലുള്ള ടീമായിരിക്കും. ഏറെ പ്രതിഭയുള്ള താരങ്ങളടങ്ങിയ മികച്ച ടീമാണ് ഇത്തവണത്തേത്.
? ഡെന്മാര്‍ക്ക്, യു.എസ്.എ, അര്‍ജന്റീന, മെക്സികോ ടീമുകള്‍ക്കെതിരായ പരിശീലന മത്സരങ്ങളിലെ പ്രകടനങ്ങളില്‍ സംതൃപ്തനാണോ. ഏതെങ്കിലും മേഖലയില്‍ മെച്ചപ്പെടേണ്ടതുണ്ടോ
* മെക്സികോയോടും (2-0) അര്‍ജന്റീനയോടും (4-3) തോറ്റുവെങ്കിലും മികച്ച ഫോമില്‍ത്തന്നെയാണ് ഞങ്ങള്‍ ലണ്ടനിലെത്തുന്നത്. അര്‍ജന്റീനയുടെ മികച്ച താരങ്ങളടങ്ങിയ ടീമിനെതിരെ ഞങ്ങളുടെ ഒളിമ്പിക് ടീമാണ് മത്സരിച്ചത്. എന്നിട്ടും അവരെ തോല്‍പിക്കുന്നതിന് അടുത്തെത്തിയിരുന്നു. ചില പ്രശ്നങ്ങള്‍ പരിശീലനത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
? ബ്രസീല്‍ ദേശീയ ടീമിലെ താരങ്ങളിലൊരാളായ താങ്കള്‍ ഒളിമ്പിക് ടീമിലെ സുപ്രധാന കളിക്കാരനായാണ് ഗണിക്കപ്പെടുന്നത്.
* ടീമിലെ എല്ലാവരും പ്രധാനപ്പെട്ടവരാണ്. എല്ലാവര്‍ക്കും അവരുടേതായ ചുമതലകളുമുണ്ട്. ടീമിലെ 18 പേരും ഒരേമനസ്സോടെ കരുത്തുകാട്ടാന്‍ പോന്നവര്‍തന്നെയാണ്.
? ബ്രസീലിനു പുറത്ത് ഇപ്പോള്‍ താങ്കള്‍ ഏറെ അറിയപ്പെട്ടുകഴിഞ്ഞില്ലേ
* തീര്‍ച്ചയായും. ആളുകള്‍ എന്നെ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്. കളത്തില്‍ ഞാന്‍ കൂടുതല്‍ മാര്‍ക്ക് ചെയ്യപ്പെടുന്നു. പക്ഷേ, അത് ടീമിന് തുണയാകുന്ന അവസരങ്ങള്‍ സൃഷ്ടിക്കും. രണ്ടുപേര്‍ എന്നെ മാര്‍ക്ക് ചെയ്യുമ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്നവര്‍ക്ക് കളിഗതിയെ സ്വാധീനിക്കാന്‍ കഴിയും. ബ്രസീലിനുവേണ്ടി ആദ്യ മത്സരം കളിക്കുമ്പോള്‍ ആര്‍ക്കും എന്നെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും എന്നെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയാം.
? സ്പെയിന്‍ യൂറോകപ്പ് നേടിയപ്പോള്‍ താങ്കള്‍ ആന്ദ്രെ ഇനിയസ്റ്റയെ ഏറെ പ്രശംസിച്ചു. ടൂര്‍ണമെന്റ് നിങ്ങള്‍ കണ്ടിരുന്നോ
* ലോകകപ്പ് പോലെത്തന്നെ യൂറോകപ്പില്‍ കളിയുടെ സാങ്കേതിക നിലവാരം ഏറെ ഉയര്‍ന്നതായിരുന്നു. ബ്രസീലും അര്‍ജന്റീനയും പോലുള്ള ടീമുകളുടെ അഭാവം മാത്രമാണ് ഞാന്‍ കണ്ട കുറവ്. സ്പെയിന്‍ മികച്ച കളിയാണ് കെട്ടഴിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീമും അവരുടേതായിരുന്നു.
? മറ്റേതൊക്കെ കളിക്കാരാണ് പ്രശംസയര്‍ഹിക്കുന്നവര്‍
* ഇനിയസ്റ്റയെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. സെന്‍സേഷനല്‍ കളിക്കാരനാണദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കേമന്‍തന്നെ. ജര്‍മനിയുടെ മെസൂത് ഒസീലിന്റെ കളി ഞാനേറെ ആസ്വദിച്ചു. പ്രതിഭാധനനായ കളിക്കാരനാണ് ഒസീല്‍. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus