Thu, 07/12/2012 - 00:59 ( 45 weeks 2 daysago)
തന്ത്രങ്ങളില്‍ മാറ്റമില്ലെന്ന് ദിജു
ഹൈദരാബാദ്: നിലവിലെ തന്ത്രങ്ങളുമായി ലണ്ടനില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം വി. ദിജു.
‘പുതിയ പരീക്ഷണങ്ങള്‍ക്ക് സമയമില.്ള നിലവിലെ തന്ത്രങ്ങളും ടെക്നിക്കുകളുമായി ജ്വാല ഗുട്ടയോടൊപ്പം മിക്സഡ് ഡബിള്‍സില്‍ കോര്‍ട്ടിലിറങ്ങും. തന്‍െറ തയാറെടുപ്പുകള്‍ വളരെ മികച്ചതാണ്. ഇന്തോനേഷ്യന്‍ കോച്ചിന് കീഴില്‍ ഹൈദരാബാദിലാണ് പരിശീലനം. ഒളിമ്പിക്സിനായി പ്രത്യേക തന്ത്രങ്ങളൊന്നും ആവിഷ്കരിച്ചിട്ടില്ല. ഒളിമ്പിക്സില്‍ കളിക്കുന്നത് അഭിമാനം തോന്നുന്ന കാര്യമാണ്.
നിരവധി താരങ്ങളോടൊപ്പം കോര്‍ട്ടിലിറങ്ങിയിട്ടുണ്ട്. മികച്ചതായി തോന്നിയത് ജ്വാലയോടൊപ്പമുള്ള സഖ്യമാണ്. തികഞ്ഞ ആത്മ വിശ്വാസമുള്ള കളിക്കാരിയാണ് ജ്വാല’- ദിജു പറഞ്ഞു.
ദിജു- ജ്വാല സഖ്യം ലോക റാങ്കിങ്ങില്‍ 13 ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലെ ഇരുവരുടെയും സ്ഥിരതയാര്‍ന്ന പ്രകടനം ലണ്ടനില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 2009 ല്‍ ഹൈദരാബാദില്‍ നടന്ന ഇന്ത്യന്‍ ഓപണില്‍ ദിജു -ജ്വാല സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2010ല്‍ മലേഷ്യയില്‍ നടന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സിന്‍െറ ഫൈനലിലും സഖ്യം പ്രവേശിച്ചിരുന്നു.
ഇത്തവണ മരുന്നടിയില്ല -വാഡ
ലണ്ടന്‍: ഒളിമ്പിക് അസോസിയേഷനെ കബളിപ്പിച്ച് ചുളുവില്‍ മെഡല്‍ നേടാമെന്നു കരുതി ഇത്തവണ ആരും ലണ്ടനിലേക്കെത്തണ്ട. മരുന്നടിക്കുന്നവരെ പിടികൂടാന്‍ സര്‍വ സന്നാഹവുമായാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കാത്തിരിക്കുന്നത്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തേജക പരിശോധന നടന്ന ഒളിമ്പിക്സാണ് ലണ്ടനിലേതെന്ന് വാഡ പ്രസിഡന്‍റ് ജോണ്‍ ഫാഹേ അവകാശപ്പെട്ടു. 6000ത്തിലധികം സാമ്പിളുകള്‍ ഇതിനോടകം പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.
‘ഒളിമ്പിക് വില്ലേജിലെത്തിയ നിമിഷം മുതല്‍ താരങ്ങള്‍ കടുത്ത നിരീക്ഷണത്തിലായിരിക്കും. ഒളിമ്പിക് അസോസിയേഷനും ലണ്ടന്‍ ഒളിമ്പിക് സംഘാടക സമിതിയും ചേര്‍ന്ന് സമഗ്രമായ ഉത്തേജക വിരുദ്ധ പരിപാടിക്കള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഒളിമ്പിക്സ് ഉത്തേജക മുക്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഒളിമ്പിക്സിലെത്തുന്നതിന് മുമ്പ് ട്രെയ്നിങ് ക്യാമ്പില്‍ വെച്ചുതന്നെ ഉത്തേജക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തേജകം ഉപയാഗിക്കുന്ന താരങ്ങളുണ്ടെങ്കില്‍ അവര്‍ ടീമില്‍നിന്ന് പിന്മാറുന്നതാണ് നല്ലത്. ഉത്തേജകം ഉപയോഗിക്കുന്നവര്‍ മറ്റു താരങ്ങളെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ആരാധകരെയുമാണ് വഞ്ചിക്കുന്നത്. ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമാണ് അവരുടെ പ്രവൃത്തി.
നാലുവര്‍ഷം തുടര്‍ച്ചയായി പരിശീലനം നടത്തിയാണ് താരങ്ങള്‍ ലണ്ടനിലെത്തുന്നത്. ഉത്തേജകം ഉപയോഗിക്കുന്നവര്‍ അവരുടെ പരിശ്രമത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്’. - ജോണ്‍ ഫാഹേ പറഞ്ഞു.
റെക്കോഡ് വനിതാ സംഘവുമായി ഈജിപ്ത്
കൈറോ: ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ പ്രതിനിധി സംഘവുമായിട്ടാണ് ഈജിപ്ത് ലണ്ടനിലെത്തുന്നത്. 34 വനിതകളാണ് ഒളിമ്പിക്സില്‍ ഈജിപ്തിനായി മത്സരിക്കാനിറങ്ങുന്നത്.
ഒരു മുസ്ലിം രാജ്യത്തുനിന്നുള്ള ഏറ്റവും വലിയ വനിതാ പ്രതിനിധി സംഘമാണിത്.
ബെയ്ജിങ് ഒളിമ്പിക്സില്‍ 29 വനിതാ അത്ലറ്റുകളാണ് ഈജിപ്തിനായി മാറ്റുരച്ചത്. 13 ഇനങ്ങളില്‍ ഈജിപ്ഷ്യന്‍ വനിതകള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍