തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് പി. ശ്രീരാമകൃഷ്ണന് സ്വാശ്രയ കോളജുമായി ബന്ധമുണ്ടെന്ന നിയമസഭയിലെ ഭരണപക്ഷ ആരോപണം സംബന്ധിച്ച രേഖകള്‍ സ്പീക്കര്‍ പരിശോധിക്കും. വെള്ളിയാഴ്ച അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ചക്കിടെ ഉയര്‍ന്ന ആരോപണം ഇന്നലെ വീണ്ടും വിവാദമായ സാഹചര്യത്തിലാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇക്കാര്യത്തില്‍ റൂളിങ് നല്‍കിയത്.
സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ ഗുണനിലവാരം സംബന്ധിച്ച ശ്രീരാമകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ആരോപണം ഉന്നയിച്ചത്. പ്രവാസി എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള കോളജിന്റെ ഡയറക്ടറാണ് ശ്രീരാമകൃഷ്ണനെന്നും അവരുടെ എന്‍ജിനീയറിങ് കോളജിന് അനുമതി തേടി തന്നെ സമീപിച്ചുവെന്നും മന്ത്രി ആരോപിച്ചു. താന്‍ ഒരു കോളജിന്റെയും ഡയറക്ടറല്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയതോടെ മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അബ്ദുറബ്ബ് പരാമര്‍ശം പിന്‍വലിച്ചു.
ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ കെ.എം. ഷാജിയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. സ്വാശ്രയ സ്ഥാപനം നടത്തുന്ന ട്രസ്റ്റിന്റെ മുഖ്യ പ്രമോട്ടറാണ് ശ്രീരാമകൃഷ്ണനെന്നും അവരുടെ ബ്രോഷറില്‍ ശ്രീരാമകൃഷ്ണന്റെ ചിത്രമുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഉച്ചക്ക് 1.30 വരെ അവരുടെ വെബ്സൈറ്റില്‍ ശ്രീരാമകൃഷ്ണന്റെ ചിത്രമുണ്ടായിരുന്നു. സംഭവം വിവാദമായപ്പോള്‍ അത് പിന്‍വലിച്ചു. സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു. കെട്ടിടവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ അത് നിരസിച്ചു. കടവരാന്തയില്‍ സ്വാശ്രയ കോളജ് നടത്തുന്നവരാണ് നിലവാരത്തെക്കുറിച്ച് പറയുന്നതെന്നും ഷാജി ആരോപിച്ചു. ഇതിന്റെ രേഖകളും ഷാജി ഹാജരാക്കി. സ്വാശ്രയ കോളജുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോടിയേരി ബാലകൃഷ്ണനും ശ്രീരാമകൃഷ്ണനും പിന്‍വലിക്കണമെന്നും മന്ത്രി അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
താന്‍ ഡയറക്ടറാണെന്ന മന്ത്രിയുടെ ആരോപണം നിഷേധിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തിഗത വിശദീകരണമായി ശ്രീരാമകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. സ്വാശ്രയ കോളജിന് തങ്ങള്‍ എതിരല്ല. നിലവാരമില്ലാത്ത കോളജുകള്‍ നടത്തുന്നതിനെയാണ് വിമര്‍ശിച്ചത്. പ്രവാസി ട്രസ്റ്റിന്റെ കോളജിന് അക്കാദമിക കാര്യങ്ങള്‍ക്കുള്ള ഉപദേശക സമിതിയില്‍ പേരുവെച്ചത് ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഇത് രേഖയില്‍ നിന്ന് നീക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മന്ത്രിയും അംഗങ്ങളും അവരവരുടെ വാദങ്ങളില്‍ ഉറച്ചുനിന്നതോടെയാണ്, കീഴ്വഴക്കമനുസരിച്ച് സ്പീക്കര്‍ രേഖകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കുമെന്ന് ജി. കാര്‍ത്തികേയന്‍ റൂളിങ് നല്‍കിയത്.
തിങ്കളാഴ്ച സഭയില്‍ ആര്‍.ശെല്‍വരാജ്, ഇ.പി ജയരാജന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം ജില്ലാസെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും എതിരെയായിരുന്നു ശെല്‍വരാജിന്റെ പരാമര്‍ശം. കെ.പി.സി.സി പ്രസിഡന്റിനെതിരെയാണ് കുഞ്ഞിരാമന്‍ സംസാരിച്ചത്. ചന്ദ്രശേഖരന്‍ വധക്കേസന്വേഷണ ഉദ്യോഗസ്ഥനെതിരായ പരാമര്‍ശമായിരുന്നു ജയരാജന്റേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍