കൊച്ചി: സംസ്ഥാനത്തുനിന്ന് ഇത്തവണത്തെ ഹജ്ജിന് 46 പേര്‍ക്കുകൂടി അവസരം ലഭിക്കുമെന്ന് സര്‍ക്കാര്‍. അവസരം ലഭിച്ചതിന് ശേഷം പിന്മാറിയവരുടെ ഒഴിവുകളാണിതെന്നും ഇതിലേക്ക് സംവരണ ാര്‍ഹര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
മെഹ്റം ഒരിക്കല്‍ ഹജ്ജ് ചെയ്തതാണെന്ന കാരണത്താല്‍ അപേക്ഷ തള്ളിയ ഹജ്ജ് കമ്മിറ്റി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളിയ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ തൊടുപുഴ സ്വദേശിനി ഷമീന റഷീദും മറ്റ് രണ്ടുപേരും സമര്‍പ്പിച്ച അപ്പീലിന്മേല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം.
49429 അപേക്ഷകരാണ് ഇത്തവണ ഉണ്ടായിരുന്നത്. ആദ്യം സംസ്ഥാനത്തിന് അനുവദിച്ച ഹജ്ജ് ക്വോട്ട സീറ്റ് 6487 ആണ്. 70 വയസ്സ് പൂര്‍ത്തിയായവരും മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചതിനെത്തുടര്‍ന്ന് അര്‍ഹരായവരുമടങ്ങുന്ന സംവരണ വിഭാഗത്തില്‍പ്പെടുന്നവരെ മാത്രമെ ഈ സീറ്റില്‍ ഉള്‍ക്കൊള്ളിക്കാനായുള്ളൂ. എന്നിട്ടും സംവരണാര്‍ഹരായ 1620 പേര്‍ക്ക് സീറ്റ് ലഭിച്ചില്ല. കേന്ദ്രം വീണ്ടും 1031 സീറ്റുകൂടി അനുവദിച്ചെങ്കിലും 589 പേര്‍ കൂടി ബാക്കിയായി. ഇപ്പോഴത്തെ ഒഴിവിലേക്ക് ഇവരില്‍നിന്നാകും അര്‍ഹരെ കണ്ടെത്തുക.
ഹജ്ജ് നിയമത്തിലെ ചില വകുപ്പുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഹരജിക്കാര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്ന നിലപാട് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെഹ്റം പോകുന്നവര്‍ അഞ്ച് വര്‍ഷത്തിനകം ഹജ്ജ് ചെയ്യാത്തവരാകണമെന്നാണ് ചട്ടമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, നറുക്കെടുപ്പും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതുവരെ സീറ്റ് അലോട്ട്മെന്റ് ലഭിച്ചവര്‍ പുറത്താകുന്ന തരത്തില്‍ ഉത്തരവിടരുതെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ അഭ്യര്‍ഥിച്ചു. ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കൊപ്പം മെഹ്റം പോകുന്നത് ഒഴിവാക്കാനാകാത്തതാണെന്നും എന്നാല്‍, 70 വയസ്സ് കഴിഞ്ഞവര്‍ക്ക് കൂട്ടുപോകുന്നവരുടെ കാര്യത്തിലാണ് ഒരിക്കല്‍ ഹജ്ജ് നിര്‍വഹിച്ചവര്‍ പോകരുതെന്ന ചട്ടമുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്ത് മെഹ്റത്തിന് ബാധകമാക്കിയെന്നാണ് ഹരജിക്കാര്‍ വാദിച്ചത്.
അര്‍ഹരായ തങ്ങളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ തങ്ങള്‍ക്കുവേണ്ടി നാല് സീറ്റ് ഒഴിച്ചിടണമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍