തിരുവനന്തപുരം: ബിരുദ തലത്തില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്ററില്‍ മുഖ്യ (കോര്‍) വിഷയങ്ങള്‍ക്കും ഇംഗ്ളീഷിനും വാര്‍ഷിക പരീക്ഷ നടത്താന്‍ വിദഗ്ധ സമിതി ശിപാര്‍ശ. ഇംഗ്ളീഷിലും മുഖ്യ വിഷയങ്ങളിലും വര്‍ഷത്തില്‍ പൊതുപരീക്ഷകളും കേന്ദ്രീകൃത മൂല്യ നിര്‍ണയവും നടത്തും. മറ്റ് വിഷയങ്ങള്‍ക്ക് ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളിലായിരിക്കും പരീക്ഷ. ഈ വിഷയങ്ങളുടെ മൂല്യനിര്‍ണയം കോളജുകള്‍തന്നെ നടത്തണം. സര്‍വകലാശാലകള്‍ തയാറാക്കുന്ന ചോദ്യപേപ്പറുകളും ഫാള്‍സ് നമ്പറുകളും ഉപയോഗിച്ചായിരിക്കും പരീക്ഷ. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷയും കേന്ദ്രീകൃത മൂല്യനിര്‍ണയവും സര്‍വകലാശാല നേരിട്ട് നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളില്‍ മാത്രമായിരിക്കും ഇംഗ്ളീഷിനും മുഖ്യ വിഷയങ്ങള്‍ക്കും പരീക്ഷ. മോഡറേഷന്‍ പാടേ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഗ്രേഡിനോടൊപ്പം മാര്‍ക്കുകള്‍കൂടി ചേര്‍ത്ത് നിലവിലെ മാര്‍ക്ക് രീതിയിലും മാറ്റം വരുത്തും. പ്രഫ. ബി. ഹൃദയകുമാരി അധ്യക്ഷയായ സമിതിയുടേതാണ് ശിപാര്‍ശ.
എക്സ്ട്രാ, പ്രോ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്ക് ക്രെഡിറ്റ് നല്‍കും. എന്‍.എസ്.എസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാല് ക്രെഡിറ്റ് വീതം നല്‍കും. ആറ് സെമസ്റ്ററുകളിലുമായി 120 ക്രെഡിറ്റുകളുണ്ടാകും. കോളജ്, സര്‍വകലാശാലാ മാറ്റങ്ങളോടൊപ്പം ക്രെഡിറ്റുകളും മാറ്റാന്‍ കഴിയും. ഇന്റേണല്‍ മൂല്യനിര്‍ണയത്തിന് പ്രത്യേക മാര്‍ക്ക് നല്‍കും.
യു.ജി.സി നിര്‍ദേശിച്ച അധ്യാപക വിദ്യാര്‍ഥി അനുപാതം നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഇന്റേണല്‍ പരീക്ഷകള്‍ പ്രഹസനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഒരു സെമസ്റ്ററില്‍ ഒരു വിഷയത്തിന് രണ്ട് വീതം അസൈന്‍മെന്റും ഒരു സെമിനാറും രണ്ട് ക്ളാസ് പരീക്ഷകളും അടക്കം അഞ്ച് പരീക്ഷകള്‍ വീതം നടക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരു പരീക്ഷക്ക് മൂന്ന് ദിവസം മാത്രമാണ് ലഭിക്കുന്നത്. ഇതിന് ബദലായി മൂന്ന് നിര്‍ദേശങ്ങളാണ് കമ്മിറ്റി നിര്‍ദേശിച്ചത്. ഒരു സെമസ്റ്ററില്‍ ഒരു വിഷയത്തിന് ഒരു ക്ളാസ് പരീക്ഷ മാത്രം നടത്തുകയും പരമാവധി 10 മാര്‍ക്കോ പോയന്റോ നല്‍കുക. അല്ലെങ്കില്‍ ഒരു വിഷയത്തില്‍ ഒന്ന് വീതം ക്ളാസ്പരീക്ഷ, അസൈന്‍മെന്റ്, സെമിനാര്‍ എന്നിങ്ങനെ നടത്തുകയും ഹാജറിന് അഞ്ച് ഉള്‍പ്പെടെ പരമാവധി 20 മാര്‍ക്കും നല്‍കുക. അധ്യാപക വിദ്യാര്‍ഥി അനുപാതം ക്രമീകരിക്കുന്നത് വരെ ഇന്റേണല്‍ പരീക്ഷാ സമ്പ്രദായം തടഞ്ഞുവെക്കണമെന്നാണ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രഫ. ബി. ഹൃദയകുമാരി അഭിപ്രായപ്പെട്ടത്.
ഇന്റേണല്‍ പരീക്ഷകള്‍ക്ക് നിലവിലുള്ള അഞ്ച് പോയന്റിന് പകരം ഏഴ് പോയന്റിന്റെ ഇന്‍ഡയറക്ട് അബ്സല്യൂട്ട് ഗ്രേഡിങ് ഏര്‍പ്പെടുത്തും. എം.ജി സര്‍വകലാശാല നടപ്പാക്കിയ അവധിക്കാല പരിഷ്കാരത്തെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാനത്താകമാനം വേനലവധി ഏപ്രില്‍, മേയ് മാസങ്ങളിലാക്കണം എന്ന് നിര്‍ദേശിക്കുന്നു. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ കോളജുകള്‍ ഒരു സര്‍വകലാശാലക്ക് കീഴില്‍ കൊണ്ടുവന്ന് സ്വയം ഭരണാവകാശം നല്‍കണം എന്നും നിര്‍ദേശിക്കുന്നു.
ബിരുദതലത്തിലെ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റി സമൂല മാറ്റങ്ങളോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. സമ്പ്രദായം നിലവിലുള്ള അതേ പേരില്‍ (ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം- സി.ബി.സി.എസ്.എസ്) തന്നെ തുടരാനാണ് നിര്‍ദേശം.
റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് ഗവേണിങ് കൗണ്‍സിലിന് സമര്‍പ്പിച്ച് കഴിവതും പെട്ടെന്ന് നടപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. പ്രഫ. ലോപ്പസ് മാത്യു കണ്‍വീനറും ഡോ. വീരമണികണ്ഠന്‍, ഡോ. എം.സി. ദിലീപ്കുമാര്‍, പ്രഫ. ജോണ്‍ ജോസഫ്, ഡോ. സി.കെ. ജോസഫ്, ഡോ. കെ.സി. ജെയിംസ്, ഡോ. സൈനുല്‍ ആബിദ് എന്നിവര്‍ അംഗങ്ങളുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍