ന്യൂദല്‍ഹി: വിമാനക്കമ്പനികളുടെ നീരസത്തിന് പാത്രമായ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത്ഭൂഷണിന്റെ കസേര തെറിച്ചു. വ്യോമയാന മന്ത്രി അജിത്ത് സിങ്ങാണ് ഉടനടി പ്രാബല്യത്തില്‍ വരുത്തുന്ന വിധം ഭരത്ഭൂഷണെ മാറ്റാന്‍ തീരുമാനിച്ചത്. ഡയറക്ടര്‍ ജനറലിന്റെ താല്‍ക്കാലിക ചുമതല ജോ. സെക്രട്ടറി പ്രശാന്ത്നരേന്‍ സാകുല്‍ ഏറ്റെടുത്തു. പുറത്താക്കിയതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍, പ്രവര്‍ത്തനം തകരാറിലായ കിങ് ഫിഷര്‍ അടക്കം ചില വിമാനക്കമ്പനികളുടെ കാര്യത്തില്‍ ഭരത്ഭൂഷണ്‍ കര്‍ശന നിലപാട് സ്വീകരിച്ചതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കടക്കെണിയില്‍ വലയുന്ന കിങ് ഫിഷര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സാമ്പത്തിക പുനഃസംഘടന സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പലകുറി അവധി തെറ്റിച്ച കിങ് ഫിഷറിനെതിരെ കര്‍ശന തീരുമാനം വേണ്ടിവരുമെന്ന് ഭരത്ഭൂഷണ്‍ ഏതാനും ദിവസം മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. 79 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഓഫിസറായ ഭരത്ഭൂഷണ്‍ 2010ലാണ് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തെത്തിയത്. ജൂണ്‍ നാലിന് ചേര്‍ന്ന നിയമന കമ്മിറ്റി യോഗമാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് ഭരത്ഭൂഷണിന്റെ കാലാവധി 2012 ഡിസംബര്‍ വരെ നീട്ടാന്‍ തീരുമാനിച്ചത്. ഒരാഴ്ച തികയുമ്പോള്‍ മന്ത്രാലയം തീരുമാനം തിരുത്തുകയാണ് ഉണ്ടായത്. വിമാന സര്‍വീസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഭരത്ഭൂഷണ്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കടക്കെണിയില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ചെലവ് കുറക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള നീക്കങ്ങള്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
ശമ്പളം മുടങ്ങിയതിന്റെ പേരില്‍ സമരവും സര്‍വീസ് മുടങ്ങുന്നതും ആവര്‍ത്തിച്ചപ്പോള്‍ ജീവനക്കാരുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയും ഭരത്ഭൂഷണ് എതിരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍