വാഷിങ്ടണ്‍: ഓണ്‍ലൈന്‍ കച്ചവടത്തിലൂടെ കാറ് സ്വന്തമാക്കുമ്പോള്‍ സിനോപ് തുന്‍സര്‍ അറിഞ്ഞിരുന്നില്ല അത് ജര്‍മനിയെ വിറപ്പിച്ച നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെതാവുമെന്ന്. കാറിന്‍െറ പ്രത്യേകതകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സത്യം മനസ്സിലായത്. അതേസമയം, കാര്‍ വിറ്റ ഡയബ്സിന് അതിന്‍െറ ചരിത്രത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. യുദ്ധകാലത്ത് നിര്‍മിച്ച കാര്‍ യു.എസ് ഷോപ്പില്‍നിന്ന് ഡയബ്സിന്‍െറ മുത്തച്ഛനാണ് വാങ്ങിയത്.
വാഹന റിപ്പയര്‍ ഷോപ്പ് ഉടമയായ തുന്‍സര്‍ ക്ളാസിക് കാറുകളുടെ ആരാധകനാണ്്. 540 കെ മോഡല്‍ കാര്‍ ആവശ്യമുണ്ടെന്നു കാണിച്ച് ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയപ്പോള്‍ കിട്ടിയത് 1942 മോഡല്‍ 320 കാബ്രിയോലറ്റ് ഡി കണ്‍വെര്‍ട്ടബ്ള്‍ ആണ്. ഒരു മിലിറ്ററി കാറിന്‍െറ തലയെടുപ്പുള്ളതുകൊണ്ട് ആ കാറുതന്നെ വാങ്ങി. കറുത്തനിറത്തിലുള്ള കാറിന്‍െറ മുന്‍വശത്ത് സ്വസ്തിക ചിഹ്നവും പരുന്തിന്‍െറ ചിത്രവും കൊത്തിവെച്ചിരുന്നു. കാറിന്‍െറ സീരിയല്‍ നമ്പറിനായി മെഴ്സിഡസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. ഇത്തരം കാറുകള്‍ ഹിറ്റ്ലര്‍ക്ക് വേണ്ടി മാത്രമേ നിര്‍മിക്കാറുള്ളൂവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചരിത്രത്തിന്‍െറ ഭാഗമായതിനാല്‍ കാറിനെ പൊന്നുപോലെ സൂക്ഷിക്കുമെന്നാണ് തുന്‍സര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍