ഒരിക്കല്‍കൂടി ഗള്‍ഫ് മലയാളികളുടെ സ്നേഹം അനുഭവിച്ചറിഞ്ഞു കഴിഞ്ഞവാരാന്ത്യം. 'പാറപ്പുറത്ത് ഫൗണ്ടേഷന്‍' സംഘടിപ്പിച്ച അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യാനും അനുസ്മരണ പ്രഭാഷണം നടത്താനും പാറപ്പുറത്തിന്റെ പേരിലുള്ള ചെറുകഥാപുരസ്കാരം ദുബൈയിലെ ഹിറ്റ് എഫ്.എം റേഡിയോയിലെ വാര്‍ത്താമേധാവി ഷാബുവിന് കൈമാറാനുമായിരുന്നു യാത്ര. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് എത്തി. ശനിയാഴ്ച രാത്രി മടക്കയാത്ര.
ദുബൈ വിമാനത്താവളത്തില്‍ ഒന്നൊന്നരമണിക്കൂര്‍ വൃഥാവിലായ കഥ പറയാതെ വയ്യ. ഇതുവായിക്കുന്ന ഏതെങ്കിലും മലയാളിക്ക് എത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ ഏതെങ്കിലും അധികാരി ഉണ്ടെങ്കില്‍ ഇക്കാര്യം യഥാസ്ഥാനത്ത് ബോധിപ്പിച്ചുകൊള്ളുമെന്ന പ്രത്യാശയോടെയാണ് ഇതു കുറിക്കുന്നത്.
പത്ത് ആനകള്‍ ഒത്തുപിടിച്ചാലും പൊട്ടിക്കാനാവാത്ത ചങ്ങലയുടെ ബലം നിര്‍ണയിക്കുന്നത് ആ ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ്. ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ കാര്യത്തില്‍ ഈ കണ്ണിയുടെ പേര് ഐ സ്കാന്‍ എന്നാണ്. അതിന് കുറെ ആളുകളെ ഇരുത്തിയിട്ടുണ്ട്. ആ പണിക്ക് അത്രയും പേര്‍ മതി തിരുവനന്തപുരം പോലെ ഒരു ചെറിയ വിമാനത്താവളത്തില്‍. ദുബൈപോലെ തിരക്കുള്ള ഒരിടത്ത് അതു പോരാ. നേരത്തേ പോയപ്പോള്‍ ഇത്ര തോന്നിയില്ല. വിമാനസമയത്തിന്റെ വ്യത്യാസമാവാം കാരണം. ഒരുപാട് വിമാനങ്ങള്‍ ഒന്നിച്ചിറങ്ങുന്ന നേരങ്ങള്‍ ഏത് വിമാനത്താവളത്തിലും ഉണ്ടാവാം. അക്കൂട്ടത്തില്‍ ഒന്ന് 600 യാത്രക്കാരുള്ള ഒരു എ 380 ആയെന്ന് വരാം. അതിനൊപ്പിച്ച് അറബികളുടെ സംഖ്യ കൂട്ടുന്നതില്‍ കാര്യമില്ല. എങ്കിലും ഇപ്പോഴുള്ള ഏര്‍പ്പാടുകള്‍ തീര്‍ത്തും അപര്യാപ്തമാണ്. കൃത്യസമയത്ത് പറക്കുകയും നല്ലഭക്ഷണം നല്‍കുകയും സുരക്ഷിതമായി ഇറങ്ങുകയും അതിവേഗം പെട്ടികള്‍ പുറത്തെടുക്കുകയും ചെയ്ത് സമ്പാദിക്കുന്ന സല്‍ക്കീര്‍ത്തി ഈ ഐ സ്കാന്‍ വഴിയില്ലാതാക്കരുത്.
ഓരോ വ്യക്തിയുടെയും നേത്രപടലം വ്യത്യസ്തമാണെന്ന ആശയത്തില്‍ നിന്നാണ് ഈ പരിപാടിയുടെ തുടക്കം. കാള്‍ട്ടണ്‍ സൈമണ്‍, ഗോള്‍ഡ്സ്റ്റീന്‍ എന്നീ വിദ്വാന്മാര്‍ ഈ സാധ്യത തിരിച്ചറിഞ്ഞ് ഏതാണ്ട് അരശതാബ്ദം കഴിഞ്ഞാണ് ഈ ഏര്‍പ്പാടിനുള്ള യന്ത്രം സജ്ജമായത്. പോയനൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ അമേരിക്കയില്‍ ഇതുവ്യാപകമായി ഉപയോഗിച്ചു തുടങ്ങി. വിരലടയാളം പോലെയും തലമുടിപോലെയും വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ് ഐസ്ക്കാന്‍. ഇതു ശേഖരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കാവുന്നതാണ്. കൂടിയ കുറ്റവാളികളുടെ ഐ സ്കാന്‍ ഫലം നമ്മുടെ പൊലീസ് സ്റ്റേഷനുകളിലെ വിരലടയാളം പോലെ ഒരു അടിസ്ഥാനരേഖയാണ്. എയ്ഡ്സ്, സിഫിലിസ് തുടങ്ങിയ രോഗങ്ങളുടെ സൂചനയും ഐ സ്കാന്‍ വഴികിട്ടുമെന്ന് പറയുന്നു. തിമിരം പോലെയുള്ള ചില അവസ്ഥ ചെറിയ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പൊതുവെ വലിയമാറ്റം കൂടാതെ തുടരുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡാണ് ഐ സ്കാന്‍.
എങ്കില്‍ ഒരിക്കല്‍ ഐ സ്കാന്‍ ചെയ്താല്‍ ആറുമാസം കഴിഞ്ഞ് വീണ്ടും ചെയ്യാതിരിക്കാന്‍ കഴിയേണ്ടേ? ആ രേഖകള്‍ സൂക്ഷിക്കാന്‍ അല്‍പം പണച്ചെലവ് ഉണ്ടാകാം. അത് ഗള്‍ഫിലെ സര്‍ക്കാറുകള്‍ക്ക് അത്രവലിയ പ്രശ്നം സൃഷ്ടിക്കേണ്ടതില്ല. ഐ സ്കാന്‍ ചെയ്ത് കുറ്റവാളിയോ എയ്ഡ്സ് രോഗിയോ അല്ലെന്ന് കണ്ടെത്തിയതായി ഒരു ചാപ്പകുത്തരുതോ പാസ്പോര്‍ട്ടില്‍തന്നെ? അമേരിക്കന്‍ വിസ പോലെ ഒരുപത്തുകൊല്ലം കാലാവധി വെക്കാം.
ആലോചിക്കാവുന്ന മറ്റൊരു സംഗതി യാത്ര തുടങ്ങുന്നിടത്തെ ചെക് ഇന്‍ കൗണ്ടറില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്. മറ്റ് വിമാനക്കമ്പനികളുമായി ചേര്‍ന്നോ ഹാന്‍ഡ്ലിങ് ഏജന്റുമാര്‍ വഴിയോയാണ് ചെക്കിങ് നടക്കുന്നതെങ്കില്‍ ഗള്‍ഫുകാര്‍ക്ക് മാത്രമായി ഇത്തരം ഒരുപരിപാടി ബുദ്ധിമുട്ടാകാം. അത്തരം സ്ഥലങ്ങളില്‍നിന്ന് വരുന്നവരുടെ ഐ സ്കാന്‍ ഇപ്പോഴത്തെ മാതൃകയില്‍ അത്തരം സ്ഥലങ്ങളില്‍ തുടരട്ടെ.
ആള്‍ക്കൂട്ടം ഒരുപാടൊന്നും വലുതാവുകയില്ലല്ലോ എത്ര പോയാലും. ധാരാളം യാത്രക്കാരുള്ള കേന്ദ്രങ്ങളില്‍ ഏതായാലും സ്വന്തം കൗണ്ടറുകള്‍ കാണും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഒക്കെ ചെയ്യരുതോ? കേരളത്തില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ പോകുന്നു. അല്ലെങ്കിലെന്താ, രണ്ട് ഗുണം മൂന്ന് സമം ആറ് അറബികളെ ഇവിടെ വെക്കാം. അറബി അറിയുന്ന മലയാളികളായ രണ്ട് സുന്ദരികളെയും സുന്ദരന്മാരെയും തലവഴി മുണ്ടിട്ട് ഇരുത്തിയാലും പോരേ. ഇത് വേരിലും കായ്ക്കുന്ന ചക്കയാണ്.
ഉയര്‍ന്ന ക്ളാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എമിഗ്രേഷന്‍ എളുപ്പത്തിലാക്കാന്‍ പ്രത്യേകം കൗണ്ടറുകളുണ്ട്. അതിന്റെ പ്രയോജനം ഉദ്ദിഷ്ടതലത്തില്‍ പ്രാപ്യമാകണമെങ്കില്‍ ഐ സ്കാന്‍ കൗണ്ടറുകളുടെ കാര്യത്തിലും അത്തരം പരിപാടി ഉണ്ടാകണം. ഏതായാലും ഇപ്പോഴത്തെ കാലതാമസം ഗള്‍ഫുകാരുടെ അന്തസ്സിന് ചേരുന്നതല്ല. ഇത് വായിക്കുന്ന ആരെങ്കിലും ഈ വിവരം അറിയിക്കേണ്ടവരെ വിനയംവിടാതെ അറിയിക്കണം. സാങ്കേതികമായി അസാധ്യമാണ് ആദ്യനിര്‍ദേശങ്ങളെങ്കില്‍ കൗണ്ടറുകളുടെ സംഖ്യയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ.
ഒരു മണിക്ക് വിമാനത്തില്‍നിന്ന് ഇറങ്ങിയ ഞാന്‍ രണ്ടരക്ക് കാറില്‍ കയറി. കണ്‍ട്രി ക്ളബ് എന്നായിരുന്നു ഇത്തവണ തങ്ങിയ ഹോട്ടലിന്റെ പേര്. അത് ഒരു ഭാരതീയന്റെ വകയാണ്. ജോലിക്കാര്‍ ഒട്ടുമുക്കാലും ഇന്ത്യക്കാര്‍ തന്നെ. മലയാളികളെ ഏറെ പരിചയപ്പെട്ടില്ല, തലശ്ശേരിക്കാരന്‍ സതീശനെ അല്ലാതെ. പിന്നെ ശശി. ബാങ്കുദ്യോഗം കളഞ്ഞ് കാമറ ചുമലിലേറ്റി നടക്കുന്നവന്‍. ദേഹോപദ്രവം ഇല്ലാത്ത ഭ്രാന്തുകളെ എന്നും പ്രോത്സാഹിപ്പിക്കുന്നവനാണ് ഞാന്‍. പതിവുപോലെ വേറെയും ഒരുപാട് സ്നേഹമൂര്‍ത്തികള്‍. അവര്‍ക്കിടയിലെ സന്തുലനം എന്നെ സന്തുഷ്ടനാക്കുന്നു. കാസര്‍കോട് മുതല്‍ കളിയിക്കാവിളയ്ക്ക് വരെ പ്രാതിനിധ്യം. ജാതിയോ മതമോ ഇല്ല അവര്‍ക്കിടയില്‍. ചിലരുടെ പേരറിയാം. മറ്റ് ചിലരുടെ ചിരിയാണ് അടയാളം മനസ്സില്‍.
റേഡിയോയും ടി.വിയുമായി ചില അഭിമുഖങ്ങള്‍ ഉണ്ടായി. അവയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പലതായിരുന്നെങ്കിലും ഒന്നുരണ്ട് കാര്യങ്ങള്‍ പ്രത്യേകം പറയാം.
ഒന്ന് ഈശ്വരവിശ്വാസവും സഭാജീവിതവും. വെള്ളിയാഴ്ച രാവിലെ യാദൃച്ഛികമായി ദുബൈയിലായതുകൊണ്ട് മാത്രം ഞാന്‍ പള്ളിയില്‍ പോകാന്‍ ബാധ്യസ്ഥനല്ല. അതില്‍ വേദശാസ്ത്രപ്രശ്നം ഒന്നുമേ ഇല്ല. എന്നാല്‍, ഞാന്‍ പള്ളിയില്‍ പോകേണ്ടതുണ്ടോ എന്നത് മറ്റൊരു കാര്യമാണ്. ഒറ്റക്കിരുന്ന് പ്രാര്‍ഥിച്ചാല്‍ പോരേ? പോരാ എന്നാണ് എന്റെ ചിന്ത. ഒരു വ്യക്തിയും ഒറ്റക്ക് സ്വര്‍ഗത്തില്‍ പോവുകയില്ലെന്ന പേരില്‍ ഇംഗ്ളീഷില്‍ ഒരു പുസ്തകമുണ്ട്. ആരാധനാ സമൂഹങ്ങളുള്ള മതങ്ങളാണ് ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവ. അതേസമയം ഈ മതങ്ങള്‍ വ്യക്തിഗതമായ ആരാധനയും നിര്‍ദേശിക്കുന്നുണ്ട്. ഹിന്ദുമതത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും സമയത്ത് നിര്‍ബന്ധമായി ഒത്തുചേരണമെന്നില്ല. എങ്കിലും അതിന് വിരോധം ഉണ്ടെന്ന് തോന്നുന്നില്ല. ഒരുതരത്തില്‍ നോക്കിയാല്‍ ശബരിമലയിലായാലും ഗുരുവായൂരിലായാലും ആറ്റുകാലമ്പലത്തിലായാലും ചില നേരങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ സങ്കല്‍പനം ചെയ്തിട്ടുള്ളതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഫലത്തില്‍ നടക്കുന്നത് സമൂഹാരാധനതന്നെ ആണെന്ന് എന്നും പറയാവുന്നതാണ്.
സത്യത്തില്‍ സമൂഹാരാധന ഒരു മാര്‍ഗവും ഒരു മാധ്യമവും മാത്രമാണ്. ലക്ഷ്യവും ഫലവും ഈശ്വരസാക്ഷാത്കാരമാണ്. അതാകട്ടെ ഒരു വ്യക്തിതലയാഥാര്‍ഥ്യമാണുതാനും. എല്ലാ വെള്ളിയാഴ്ചയും പള്ളില്‍ പോയി നിസ്കരിക്കുന്നവരിലും എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി വിശുദ്ധകുര്‍ബാനയില്‍ സംബന്ധിക്കുന്നവരിലും എത്രപേര്‍ ഈശ്വരനെ കാണുന്നുണ്ട് എന്നാലോചിക്കുന്നത് കൗതുകകരമായിരിക്കും.
അനുബന്ധമായി വരുന്ന ചോദ്യം മതനേതൃത്വങ്ങളെക്കുറിച്ചാണ്. മൂന്നുകോടി രൂപ കൊടുത്താല്‍ മെത്രാനാക്കുമോയെന്ന് ഒരാള്‍ ചോദിച്ചു. ആ കഥ ഞാന്‍ വിശ്വസിക്കുന്നില്ല എന്നല്ലാതെ എനിക്കെന്താണ് പറയാനാവുക? മെത്രാന്മാര്‍ക്ക് 'കൈമുത്ത്' എന്ന പേരില്‍ പണക്കിഴി കൊടുക്കുക അസാധാരണമല്ല. എന്നാല്‍, അതുപോലും പൂര്‍ണമായി നിരോധിച്ചിട്ടുള്ള ഒരു സന്ദര്‍ഭമാണ് വൈദികസ്ഥാന ദാനവേള. ബൈബ്ളിലെ അപ്പോസ്തോല പ്രവൃത്തികള്‍ എന്ന കൃതിയിലുള്ള നാല് വാക്യങ്ങള്‍ (അധ്യായം എട്ട്, വാക്യങ്ങള്‍ 18-21) ആണ് ഈ പാരമ്പര്യത്തിന്റെ അടിത്തറ. ഏത് നിയമവും അതിന്റെ ലംഘനത്താലാണല്ലോ നീതീകരിക്കപ്പെടുന്നതെന്ന് പ്രതികരിക്കുന്നവരോട് ഞാന്‍ മാവിലായിക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരിക്കയാണെന്നല്ലാതെ ഒന്നും പറയാനില്ല. ഇത്തരം കഥകള്‍ ഏത് മതത്തിലും ഏത് ആചാര്യനെക്കുറിച്ചുമുണ്ടാകും. കാഞ്ചിയിലെ പെരിയ സ്വാമിയെ കൊലക്കേസില്‍ പ്രതിയാക്കി. ശബരിമലയിലെ തന്ത്രികുടുംബ്ധില്‍ പാപക്കറ വീണു. തിരുകേശവിവാദമായാലും മറ്റ് കേട്ടുകേള്‍വിയായാലും ഇസ്ലാമിലും ആരോപണങ്ങള്‍ക്ക് പഞ്ഞമില്ല. ഇതൊക്കെ കരുതിയാണ് പണ്ട് ക്രിസ്തു പറഞ്ഞത്. 'അവര്‍ മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു, അതുകൊണ്ട് അവര്‍ കല്‍പിക്കുന്നത് അനുസരിക്കുക, എന്നാല്‍ അവര്‍ ചെയ്യുന്നതൊന്നും ചെയ്യരുത്.' അതായത് മതനേതൃത്വത്തിന്റെ ഗുണമോ ദോഷമോ മതത്തിന്‍െയോ മതസ്ഥാപകന്റെയോ ഗുണമോ ദോഷമോ ആയി ധരിക്കരുത്. ഗുണത്തില്‍ സ്വാധീനതയുണ്ടാകാം. എന്നാല്‍, അവിടെയും സ്വാംശീകൃതഭാവമാണ് കൂടുതല്‍ പ്രാധാനം. പലപ്പോഴും നാം മതനേതൃത്വത്തെ കുറ്റംപറയുന്നത് നമ്മുടെ സ്വന്തം കുറ്റങ്ങളില്‍നിന്ന് ഓടിയൊളിക്കാനാണ് എന്നതാണ് പരമാര്‍ഥം.
ഗള്‍ഫില്‍നിന്ന് കണ്ടെത്തിയ മറ്റൊരുപാഠംകൂടി പറഞ്ഞു നിര്‍ത്താം. കുറേനാള്‍ മുമ്പ് ബുര്‍ജ് ഖലീഫ തുറന്നകാലത്ത് എന്റെ സാരോപദേശം കേള്‍ക്കാതെ എനിക്കായി നാനൂറ് ദിര്‍ഹം ചെലവാക്കി എന്നെ ബുര്‍ജാരോഹണം ചെയ്യിച്ച എന്റെ അനന്തരവന്‍ ഇത്തവണ പറഞ്ഞു: ഇപ്പോള്‍ അവിടെയും തിരക്കില്ല; നാനൂറ് ചക്രം കൊടുത്ത് കയറാന്‍ ആളില്ല. ഇതാണ് മനുഷ്യജീവിതം. അന്ന് തന്നെ ആ നാനൂറ് ദിര്‍ഹം ചെലവാക്കേണ്ടതില്ലെന്ന് എനിക്ക് പറയാന്‍ കഴിഞ്ഞത് എന്റെ വിവേകം. ഇന്നിപ്പോള്‍ അത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നത് ശ്രദ്ധിക്കാന്‍ അവന് തോന്നുന്നത് അവന്റെ തിരിച്ചറിവ്. അത്ര വിവേകം ഉണ്ടായിരുന്നെങ്കില്‍ പിന്നെ അന്ന് ഞാന്‍ എന്തിന് വഴങ്ങി? 'ജാനാമിധര്‍മം നചമേ പ്രവൃത്തി, ജാനാമ്യ ധര്‍മം നചമേ നിവൃത്തി' എന്ന് ദുര്യോധനനൊപ്പവും 'ഇച്ഛിക്കുന്ന നന്മ ചെയ്യാനാവാതെ ഇച്ഛിക്കാത്ത തിന്മ ചെയ്തു പോകുന്നു' എന്ന് പൗലോസിനൊപ്പവും ഖേദിച്ചുപോവുന്നു ഞാന്‍. മനുഷ്യര്‍ എന്നത് സുന്ദരശബ്ദംതന്നെ. എന്നാല്‍, മനുഷ്യമനസ്സ് ഒരു മഹാപ്രഹേളികയും ആണല്ലോ? ശേഷം ചിന്ത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍