12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഒച്ചുകളിലെ 'സിന്‍ഡ്രല' നിലമ്പൂര്‍ കാട്ടില്‍

ഒച്ചുകളിലെ 'സിന്‍ഡ്രല' നിലമ്പൂര്‍ കാട്ടില്‍

മലപ്പുറം: ബഹുവര്‍ണത്തിലുള്ള അപൂര്‍വയിനം ഒച്ചിനെ നിലമ്പൂരില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ മാത്രം കാണുന്ന ഇനത്തിലെ ഒച്ചിനെ ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂരിന് സമീപം വനംവകുപ്പിന്റെ തേക്ക്തോട്ടത്തിലാണ് കണ്ടെത്തിയത്. നിലമ്പൂര്‍ മാനവേദന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജന്തുശാസ്ത്ര അധ്യാപകനും ഗവേഷകനുമായ സി. സക്കീര്‍ ഹുസൈനാണ് ഇതിനെ തേടിപ്പിടിച്ചത്.
'ഇന്‍ഡ്രല്ല ആമ്പുല്ല' (Indrella ampulla) ശാസ്ത്രീയ നാമത്തിലുള്ള ഒച്ചിനെ പശ്ചിമഘട്ടത്തില്‍ 3,000 അടി ഉയരത്തില്‍ മാത്രമാണ് കണ്ടുവരുന്നത്. നിരന്ന പ്രദേശങ്ങളില്‍ ഇതിനെ കാണുന്നത് അപൂര്‍വമാണെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ചുവപ്പും വെള്ളയും ചേര്‍ന്ന ആകര്‍ഷക വര്‍ണമാണ് ഒച്ചിന്റെ പ്രത്യേകത. വെള്ള, ക്രീം, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലും ഇവയെ കാണാറുണ്ട്. താരതമ്യേന വലിപ്പമുള്ള ഇതിന്റെ നീളം 20 സെന്റിമീറ്ററാണ്. ഇരുണ്ട നിറത്തിലുള്ള പുറംതോടിന് 38 മുതല്‍ 60 മില്ലിമീറ്റര്‍ വരെ വീതിയും 30 മില്ലിമീറ്റര്‍ ഉയരവുമുണ്ട്.
ഒച്ചുവര്‍ഗത്തിലെ അരിയോഫാന്റിഡേ കുടുംബ്ധില്‍പ്പെട്ടതാണ് ഇന്‍ഡ്രല ആമ്പുല്ല. ഇന്‍ഡ്രല വിഭാഗത്തിലെ ഏക ഇനമായ ഇവയെ മണ്ണിലും മരത്തടിയിലുമാണ് കാണുക. പായലും ഫംഗസുമാണ് ഭക്ഷണം. ഇവയുടെ പുറന്തോടുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് മൃദുലമാണ്.
11 വര്‍ഷമായി ജൈവലോക വര്‍ഗീകരണ ശാസ്ത്രത്തിന്റെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ചാലിയാര്‍ നമ്പൂരിപ്പൊട്ടി സ്വദേശിയായ സക്കീര്‍ ഒരു ലക്ഷം ജീവജാലങ്ങളുടെ വീഡിയോ ചിത്രം എടുത്തിട്ടുണ്ട്. ഗവേഷണങ്ങള്‍ക്കിടെ നിലമ്പൂര്‍ കാടുകളില്‍നിന്നും കവചവാലന്‍ പാമ്പിനെയും 'ഇന്ത്യന്‍ കെമലിയോണ്‍' എന്ന അപൂര്‍വ ഓന്തിനെയും സക്കീര്‍ കണ്ടെത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com