12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

എസ്.എഫ്.ഐ ജെ.എന്‍.യു യൂനിറ്റ് പിരിച്ചുവിട്ടു

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും സി.പി.എം നിലപാടിനെതിരെ രംഗത്തുവന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) എസ്.എഫ്.ഐ ഘടകം പിരിച്ചുവിട്ടു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ നാലുപേരെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. അഖിലേന്ത്യാ പ്രസിഡന്‍റ് പി.കെ. ബിജു, ജോ. സെക്രട്ടറി വി. ശിവദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന പ്രസിഡന്‍റ് റോഷന്‍ കിഷോര്‍, വൈസ് പ്രസിഡന്‍റുമാരായ പി.കെ. ആനന്ദ്, സൈകോ ദാസ്ഗുപ്ത, സംസ്ഥാന കമ്മിറ്റിയംഗം വി. ലെനിന്‍കുമാര്‍ എന്നിവരാണ് പുറത്താക്കപ്പെട്ടത്.
പ്രണബിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ പ്രസന്‍ജിത്ത് ബോസ് നേരത്തേ രാജിവെച്ചിരുന്നു. ഇതിനുപിന്നാലെ നവലിബറല്‍ നയങ്ങളുടെ പ്രയോക്താവായ പ്രണബിനെ പിന്തുണക്കാനുള്ള സി.പി.എം തീരുമാനം ഇടതുനയങ്ങള്‍ക്ക് നിരക്കുന്നതല്ളെന്ന് കുറ്റപ്പെടുത്തി എസ്.എഫ്.ഐ ജെ.എന്‍.യു ഘടകം ജനറല്‍ ബോഡി പ്രമേയം പാസാക്കിയിരുന്നു. പ്രണബിനെ പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ നേതാക്കളില്‍ 11 പേര്‍ സി.പി.എമ്മില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. സി.പി.എം നിലപാടിനെ വിമര്‍ശിക്കുന്ന പ്രമേയം എസ്.എഫ്.ഐ ജെ.എന്‍.യു ഘടകത്തിന്‍െറ ബ്ളോഗില്‍ പരസ്യപ്പെടുത്തുകയും ടി.പി വധത്തിലെ പാര്‍ട്ടി നിലപാട് തള്ളി ലഘുലേഖ പുറത്തിറക്കുകയും ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് ജെ.എന്‍.യു ഘടകത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അനുനയ ശ്രമം നടത്തിയെങ്കിലും ഇവര്‍ നിലപാട് മാറ്റിയില്ല. ഇതേതുടര്‍ന്നാണ് ജെ.എന്‍.യു ഘടകം പിരിച്ചുവിടാനും നാലു നേതാക്കളെ പുറത്താക്കാനും എസ്.എഫ്.ഐ നേതൃത്വം തീരുമാനിച്ചത്.
കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജെ.എന്‍.യുവിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ അഭിപ്രായം പറഞ്ഞതിന് കീഴ്ഘടകത്തെ പിരിച്ചുവിട്ട നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പുറത്താക്കപ്പെട്ടവരിലൊരാളായ മലയാളി പി.കെ. ആനന്ദ് കുറ്റപ്പെടുത്തി. വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം കേന്ദ്രകമ്മിറ്റിയുടെ ചുമതലയായ ദേശീയ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തി ഇടതുപക്ഷത്തെ തകര്‍ക്കുന്ന നിലയിലേക്ക് നീങ്ങിയതിനാണ് ജെ.എന്‍.യു ഘടകം പിരിച്ചുവിടുകയും നാലുപേരെ പുറത്താക്കുകയും ചെയ്തതെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി വി. ശിവദാസന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം ജെ.എന്‍.യുവില്‍ പുതിയ കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവദാസന്‍ തുടര്‍ന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com