മുംബൈ: പെണ്‍ഭ്രൂണഹത്യ, കൊലക്കുറ്റത്തിന് തുല്യമാക്കി നിയമ ഭേദഗതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി തുടങ്ങി. പെണ്‍ഭ്രൂണഹത്യയെ നരഹത്യയാക്കി പരിഗണിക്കാനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 320 ാം വകുപ്പ് പ്രകാരം കുറ്റക്കാരെ വിചാരണ ചെയ്യാനുമാണ് സര്‍ക്കാറിന്‍െറ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്‍െറ അഭിപ്രായം തേടിയതായി സംസ്ഥാന ആരോഗ്യമന്ത്രി സുരേഷ് ഷെട്ടി മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ആണ്‍-പെണ്‍ അനുപാതത്തിലെ ഭീമമായ അന്തരവും പെണ്‍ഭ്രൂണഹത്യാ കേസുകളുടെ ആധിക്യവുമാണ് നിയമം ശക്തമാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
കേന്ദ്രാനുമതി ലഭിക്കുന്നതോടെ പെണ്‍ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്ന ബന്ധുക്കളും അതിനായി സഹായിക്കുന്ന ഡോക്ടര്‍മാരും കൊലക്കുറ്റത്തിന് വിചാരണ നേരിടേണ്ടി വരും. നിലവിലെ നിയമ പ്രകാരം കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2003 ല്‍ നിലവില്‍വന്ന ഈ നിയമത്തിന് പെണ്‍ഭ്രൂണഹത്യ തടയാന്‍ കഴിഞ്ഞിട്ടില്ല.
ഏതാനും മാസങ്ങള്‍ക്കിടെ നൂറിലേറെ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഏറെയും മറാത്ത്വാഡയിലെ ബീഡിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍