12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ലാവലിന്‍: പിണറായി ഹാജരായില്ല

തിരുവനന്തപുരം: എസ്. എ ന്‍ .സി ലാവലിന്‍ കമ്പനിക്കും പ്രതിനിധിക്കുമെതിരായ വാറണ്ട് കനേഡിയന്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ളെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. 2011 നവംബര്‍ എട്ടിന് കനഡയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ മുഖാന്തരം ഇന്‍റര്‍പോള്‍ അയച്ച വാറണ്ടില്‍ കനേഡിയന്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. ഇതിനത്തെുടര്‍ന്ന് 2012 മാര്‍ച്ച് അഞ്ചിന് കനേഡിയന്‍ ഡയറക്ടര്‍ ജനറല്‍ ജാനറ്റ് ഹെന്‍ച്ചിന് സി.ബി.ഐ ആസ്ഥാനത്തുനിന്ന് വീണ്ടും കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാറണ്ട് നടപ്പാക്കാന്‍ സി.ബി.ഐ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത് പ്രതിഭാഗം അഭിഭാഷകരെ ചൊടിപ്പിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സി.ബി.ഐയുടെ തന്ത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ഒരു പോലെ വാദിച്ചു. എന്നാല്‍ ഈ കാലതാമസം ഗൗരവമായി കാണേണ്ടതില്ളെന്ന് സി.ബി.ഐ ജഡ്ജി ടി.എസ്.പി മൂസത് അഭിപ്രായപ്പെട്ടു.
അതേസമയം മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, എ.ഫ്രാന്‍സിസ് എന്നിവര്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജി അടുത്ത വിചാരണ ദിവസം പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹരജികളും അന്ന് കോടതി പരിഗണിക്കും. എന്നാല്‍ ഈ ഹരജികളില്‍ തര്‍ക്കം ബോധിപ്പിക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ ഏഴാംപ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരായില്ല. പിണറായിക്ക് വേണ്ടി കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായ അഡ്വ.മഞ്ചേരി ശ്രീധരന്‍ നായര്‍ പുതിയ വക്കാലത്ത് സമര്‍പ്പിച്ചു. പിണറായിക്കുവേണ്ടി ഹാജരായിരുന്ന മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരന് പുറമെയാണ് പുതിയ വക്കാലത്ത് ഫയല്‍ ചെയ്തത്. പ്രതികളില്‍ കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, പി.എ.സിദ്ധാര്‍ഥ മേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണ് ചൊവ്വാഴ്ച ഹാജരായത്. കേസ് ആഗസ്റ്റ് പത്തിന് വീണ്ടും പരിഗണിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com