Tue, 07/10/2012 - 23:33 ( 45 weeks 1 dayago)
കളി കലക്കും; ഒളിമ്പിക്സിലും
(+)(-) Font Size
കളി കലക്കും; ഒളിമ്പിക്സിലും

ലണ്ടന്‍: കായികലോകത്ത് ഫുട്ബാളിനുള്ള സ്ഥാനം പ്രഥമഗണനീയമാണ്. കളികളുടെ മാമാങ്കമായ ഒളിമ്പിക്സിലും അതിന് മാറ്റമൊന്നുമില്ല. യുവരക്തത്തിന് മുന്‍തൂക്കമുള്ള പോരാട്ടവേദിയില്‍ അതിപ്രശസ്തര്‍ എണ്ണത്തില്‍ കുറവെങ്കിലും ലണ്ടന്‍ മേളയിലും ഫുട്ബാള്‍ കാണികളുടെ ആകര്‍ഷണത്തിന് പാത്രമാകുമെന്നുറപ്പ്. കളിക്ക് അത്രമേല്‍ വേരോട്ടമുള്ള മണ്ണില്‍ ബ്രിട്ടന്റെ സ്വന്തം ടീം അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം മണ്ണിലിറങ്ങുന്നുവെന്നതാണ് ആതിഥേയരെ ആവേശഭരിതരാക്കുന്നത്.
പുരുഷവിഭാഗത്തില്‍ അണ്ടര്‍ 23 ടീമും വനിതാ വിഭാഗത്തില്‍ സീനിയര്‍ ടീമുകളും ഒളിമ്പിക്സിന്റെ പുല്‍മേട്ടില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. അണ്ടര്‍ 23 പുരുഷ ടീമുകളില്‍ ആ പ്രായപരിധിക്ക് പുറത്തുള്ള മൂന്നു താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ട്. പുരുഷ വിഭാഗത്തില്‍ 16 ടീമുകളും വനിതാ വിഭാഗത്തില്‍ 12 ടീമുകളുമാണ് ലണ്ടനില്‍ സ്വര്‍ണമെഡലിനായി മാറ്റുരക്കുന്നത്. ഒളിമ്പിക്സിന് ഉദ്ഘാടനം കുറിക്കുന്ന ജൂലൈ 27ന് രണ്ടു നാള്‍ മുമ്പേ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് കിക്കോഫ് വിസില്‍ മുഴങ്ങും. ബ്രിട്ടനില്‍ ഉടനീളമുള്ള ആറു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ആഗസ്റ്റ് 11ന് ഫൈനല്‍ അരങ്ങേറുന്നത് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ റ്യാന്‍ ഗിഗ്സ് നയിക്കുന്ന ബ്രിട്ടീഷ് ടീമിന് പുറമെ, യൂറോകപ്പ് ജേതാക്കളായ സ്പെയിനിന്റെ ഇളമുറക്കാരും പുത്തന്‍ താരോദയം നെയ്മറിന്റെ കരുത്തില്‍ അണിനിരക്കുന്ന ബ്രസീലിന്റെ മഞ്ഞപ്പടയുമൊക്കെ ഒളിമ്പിക് ഫുട്ബാളില്‍ ജഴ്സിയണിയുന്നുണ്ട്. കഴിഞ്ഞ തവണ ബെയ്ജിങ്ങില്‍ ലോക ഫുട്ബാളര്‍ ലയണല്‍ മെസ്സിയുടെ മികവില്‍ സുവര്‍ണ മെഡലില്‍ മുത്തമിട്ട അര്‍ജന്റീന ടീമിന് ഇത്തവണ യോഗ്യത നേടാനായില്ല. പെറുവില്‍ 2011 ഫെബ്രുവരിയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ഒരു പോയന്റിനാണ് അര്‍ജന്റീനക്ക് യോഗ്യത കൈവിട്ടത്. 12 പോയന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനം നേടി യോഗ്യത സ്വന്തമാക്കിയപ്പോള്‍ പത്തു പോയന്റുള്ള ഉറുഗ്വായ് രണ്ടാം സ്ഥാനക്കാരായി ഒളിമ്പിക്സില്‍ ഇടമുറപ്പിച്ചു. തെക്കനമേരിക്കയില്‍നിന്ന് രണ്ടു ടീമുകള്‍ക്ക് മാത്രമാണ് ഇടമെന്നിരിക്കെ ഒമ്പതു പോയന്റുമായി അര്‍ജന്റീന മൂന്നാം സ്ഥാനത്തൊതുങ്ങി.
ഏഷ്യയില്‍നിന്ന് ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എ.ഇ ടീമുകളാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ആഫ്രിക്കയില്‍നിന്ന് ഗാബോണ്‍, മൊറോക്കോ, ഈജിപ്ത് ടീമുകളും പിന്നെ ഏഷ്യ-ആഫ്രിക്ക പ്ലേഓഫ് വഴി സെനഗലും ലണ്ടനില്‍ ബര്‍ത്തുറപ്പിച്ചു. സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ബെലറൂസ് ടീമുകള്‍ യൂറോപ്പിനെയും മെക്സികോ, ഹോണ്ടുറസ് ടീമുകള്‍ കോണ്‍കകാഫ് മേഖലയെയും ന്യൂസിലന്‍ഡ് ഓഷ്യാനിയയെയും പ്രതിനിധാനം ചെയ്യാന്‍ അര്‍ഹരായി. മുന്‍ ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളുമായ നൈജീരിയയും യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.
വെംബ്ലിക്കു പുറമെ കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയം, ഗ്ളാസ്ഗോയിലെ ഹാംപ്ഡന്‍ പാര്‍ക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ളബിന്റെ ആസ്ഥാനമായ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയം, ന്യൂകാസില്‍ യുനൈറ്റഡിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്ക്, കോവന്‍ട്രിയിലെ സിറ്റി ഓഫ് കോവന്‍ട്രി സ്റ്റേഡിയം എന്നിവയാണ് ഒളിമ്പിക് ഫുട്ബാളിന് വേദിയൊരുക്കുന്നത്. പുരുഷ വിഭാഗത്തില്‍ 16 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍.
ആതിഥേയരായ ബ്രിട്ടന്റെ അണിയില്‍ ഗിഗ്സിനു പുറമെ മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ മിക റിച്ചാര്‍ഡ്സ്, ലിവര്‍പൂള്‍ ഫോര്‍വേഡ് ക്രെയ്ഗ് ബല്ലാമി എന്നിവരാണ് മറ്റു 'മുതിര്‍ന്ന' താരങ്ങള്‍. ചെല്‍സി സ്ട്രൈക്കര്‍ ഡാനിയല്‍ സ്റ്റുറിഡ്ജ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ടോം കെ്ളവേര്‍ലി, ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ ആരോണ്‍ റാംസി തുടങ്ങിയ പ്രഗല്ഭരുണ്ട്.
യൂറോകപ്പ് നേടിയ ടീമിലെ ജോര്‍ഡി ആല്‍ബ, യാവി മാര്‍ട്ടിനെസ്, യുവാന്‍ മാറ്റ എന്നിവരുള്‍പ്പെട്ടതാണ് സ്പാനിഷ് ടീം. ബാഴ്സലോണ സ്ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ടെല്ലോ, അത്ലറ്റികോ മഡ്രിഡിന്റെ മുന്നേറ്റതാരം അഡ്രിയാന്‍ ലോപസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗീ, ബാഴ്സാ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ മോണ്ടോയ, അത്ലറ്റിക് ബില്‍ബാവോ മിഡ്ഫീല്‍ഡര്‍ ഇകേര്‍ മുനിയെയ്ന്‍ തുടങ്ങിയവരുള്‍പ്പെട്ട സ്പെയിന്‍ സ്വര്‍ണത്തില്‍ കണ്ണുനട്ടാണെത്തുന്നത്.  നെയ്മറെ കൂടാതെ ഹള്‍ക്, ക്യാപ്റ്റന്‍ തിയാഗോ സില്‍വ, അലക്സാന്ദ്രേ പാറ്റോ, മാര്‍സെലോ, റാഫേല്‍ ഡാ സില്‍വ, സാന്‍ഡ്രോ, ഡാനിലോ, ഓസ്കര്‍ തുടങ്ങി താരനിബിഡമായ ബ്രസീല്‍ സാധ്യതയുടെ മുന്‍പന്തിയിലാണുള്ളത്. ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ കരഗതമാക്കിയ മഞ്ഞപ്പടക്ക് ഇതുവരെ ഒളിമ്പിക് സ്വര്‍ണം നേടാനായിട്ടില്ലെന്ന നിരാശ മായ്ക്കാനുറച്ചാണ് മാനോ മെനസസിസ് പരിശീലിപ്പിക്കുന്ന ടീം ലണ്ടനിലെത്തുന്നത്.

 

ഗ്രൂപ് എ: ബ്രിട്ടന്‍, സെനഗല്‍, യു.എ.ഇ, ഉറുഗ്വായ്.
ഗ്രൂപ് ബി: മെക്സികോ,
ദ. കൊറിയ, ഗാബോണ്‍,
സ്വിറ്റ്സര്‍ലന്‍ഡ്.
ഗ്രൂപ് സി: ബ്രസീല്‍, ഈജിപ്ത്, ബെലറൂസ്, ന്യൂസിലന്‍ഡ്.
ഗ്രൂപ് ഡി: സ്പെയിന്‍, ജപ്പാന്‍, ഹോണ്ടുറസ്, മൊറോക്കോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus