Tue, 07/10/2012 - 23:07 ( 45 weeks 3 daysago)
പരിക്കില്‍ ബോള്‍ട്ടിളകുമോ?
(+)(-) Font Size
പരിക്കില്‍ ബോള്‍ട്ടിളകുമോ?

ലണ്ടന്‍: ഒളിമ്പിക്സിന്റെ മഹനീയ വേദിയില്‍ ലോകം ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന താരം ലോക സ്പ്രിന്റ് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടാണെന്നതില്‍ സംശയമില്ല. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ 100, 200 മീറ്റുകളില്‍ ലോകറെക്കോഡോടെ സ്വര്‍ണത്തിലേക്ക് ഓടിക്കയറി വിസ്മയം വിതറിയ 'മിന്നല്‍ ബോള്‍ട്ട്' ലണ്ടനില്‍ ആ നേട്ടം ആവര്‍ത്തിക്കുമോയെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍, ഈ കാത്തിരിപ്പിനിടെ ബോള്‍ട്ടിന് പരിശീലനക്കളരിയില്‍ പരിക്കുപറ്റിയത് ആശങ്കയുടെ നിമിഷങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഒളിമ്പിക്സിനുമുമ്പ് സന്നാഹ ട്രാക്കില്‍ മാറ്റുരക്കാനുള്ള അവസാന അവസരമായ മൊണാക്കോ ഡയമണ്ട് ലീഗ് മീറ്റില്‍നിന്ന് ബോള്‍ട്ട് പരിക്കുകാരണം പിന്മാറിയത് ഈ ആധിയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.
മഹാമേളക്ക് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ പരിക്കിന്റെ പിടിയിലായ ജമൈക്കക്കാരന്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലുണ്ടാവുമോയെന്ന സന്ദേഹത്തിന് അറുതിയായിട്ടില്ല. കിങ്സ്റ്റണിലെ റേസേഴ്സ് ട്രാക് ക്ളബില്‍ നടന്ന ജമൈക്കന്‍ ട്രയല്‍സില്‍ 100, 200 മീറ്ററുകളില്‍ യോഹാന്‍ ബ്ലേക്കിനോട് തോറ്റതിന് പിന്നാലെ മ്യൂണിക്കിലെ പ്രശസ്ത സ്പോര്‍ട്സ് ഡോക്ടറായ ഹാന്‍സ് വില്‍ഹെം മ്യൂളര്‍ വോള്‍ഫാര്‍ട്ടിനരികിലേക്ക് പറക്കുകയായിരുന്നു ബോള്‍ട്ട്. കിങ്സ്റ്റണിലെ ട്രാക്കില്‍ 200 മീറ്ററില്‍ തോറ്റതിനുശേഷം ബോള്‍ട്ട് പേശിവേദനക്ക് ചികിത്സ തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് ജൂലൈ 20ന് നടക്കുന്ന മൊണാക്കോ മീറ്റില്‍നിന്ന് പിന്മാറിയതായി അറിയിപ്പു വന്നത്. ഉടനടി മ്യൂണിക്കിലേക്ക് വിമാനം കയറിയതോടെ ഗൗരവതരമായ പരിക്കിന്റെ പിടിയിലാണ് ബോള്‍ട്ടെന്ന് അഭ്യൂഹം പരക്കുകയും ചെയ്തു.
എന്നാല്‍, പിന്‍തുട ഞരമ്പിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്ത ബോള്‍ട്ട് പരിശീലനട്രാക്കില്‍ തിരിച്ചെത്തിയെന്നും അദ്ദേഹത്തിന്റെ ഏജന്റ് റിക്കി സിംസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇപ്പോള്‍ ലണ്ടനിലാണ് ബോള്‍ട്ട് ഉള്ളതെന്നും സിംസ് വ്യക്തമാക്കി. വേനല്‍കാലത്ത് ബോള്‍ട്ടിന്റെ സ്ഥിരം പരിശീലനവേദി കൂടിയാണ് ലണ്ടന്‍. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനുമുമ്പ് മറ്റു ജമൈക്കന്‍ താരങ്ങള്‍ക്കൊപ്പം ചേരാന്‍ ദേശീയ ടീമിന്റെ പരിശീലന താവളമായ ബിര്‍മിങ്ഹാമിലേക്ക് പോകുന്നതുവരെ ബോള്‍ട്ട് ലണ്ടനില്‍ തുടരും. ഒളിമ്പിക്സിനു മുമ്പ് ജമൈക്കയിലെത്തി മടങ്ങാന്‍ താരത്തിന് പദ്ധതിയൊന്നുമില്ലെന്നും സിംസ് പറഞ്ഞു. ഒളിമ്പിക്സ് പദ്ധതികളെ ബാധിക്കുന്ന വിധത്തിലുള്ള അതീവ ഗുരുതരമായ പുറംവേദന കാരണം ബുദ്ധിമുട്ടുകയാണ് ബോള്‍ട്ടെന്ന അഭ്യൂഹങ്ങള്‍ സിംസ് തള്ളിക്കളഞ്ഞു. സ്പ്രിന്റ് ചാമ്പ്യനെ കുഴക്കിയ മസിലിന്റെ വലിഞ്ഞുമുറുക്കം പൂര്‍ണമായും മാറിയെന്നും ശാരീരിക സ്ഥിതി സാധാരണ അവസ്ഥയിലാണെന്നുമാണ് ഏജന്റിന്റെ വിശദീകരണം. 'പേശി മുറുക്കം കാരണമുള്ള നേരിയ പ്രശ്നങ്ങള്‍ മാത്രമായിരുന്നു ഉസൈന്. അതുകൊണ്ടാണ് ട്രയല്‍സില്‍ പരമാവധി മികവിലേക്ക് ശ്രദ്ധയൂന്നാതിരുന്നത്. പരിക്കിനെ സൂക്ഷിച്ചാണ് അവിടെ പങ്കെടുത്തത്. ഒളിമ്പിക്സിനുള്ള ടീമില്‍ ഇടം നേടുക മാത്രമായിരുന്നു ഉന്നം.'- ഏജന്റ് പറഞ്ഞു.
ജര്‍മനിയിലെത്തി ഡോക്ടറെ കണ്ടതോടെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് കായിക ലോകത്ത് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും കിങ്സ്റ്റണ്‍ ട്രയല്‍സിനു മുമ്പേ നിശ്ചയിച്ച പതിവു ചെക്കപ്പ് മാത്രമായിരുന്നു അതെന്ന് സിംസ് പറയുന്നു. 'ഹീലിങ് ഹാന്‍സ്' എന്നറിയപ്പെടുന്ന മ്യൂളര്‍ വോള്‍ഫാര്‍ട്ടിന്റെ ക്ളിനിക്കില്‍ 16 വയസ്സു മുതല്‍ ബോള്‍ട്ട് സ്ഥിരം സന്ദര്‍ശകനാണ്. പരിക്ക് വേഗം ഭേദമാക്കാന്‍ ബോള്‍ട്ടിന്റെ സപ്പോര്‍ട്ട് ടീം ഒരു ബ്രിട്ടീഷ് കമ്പനിയില്‍നിന്ന് 'മൊബൈല്‍ ഐസ് ചേംബര്‍' വാങ്ങിയെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഏജന്റ് വ്യക്തമാക്കി.
ബോള്‍ട്ടിന്റെ ആരാധകര്‍ക്കു മാത്രമല്ല, ലണ്ടന്‍ ഒളിമ്പിക്സിന്റെ സംഘാടക സമിതിക്കും ഏറെ ആശ്വാസം പകരുന്നതാണ് സിംസിന്റെ വാക്കുകള്‍. ബോള്‍ട്ടിന്റെ സാന്നിധ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് , പുരുഷ വിഭാഗം 100 മീറ്റര്‍ ഫൈനലിന്റെ ടിക്കറ്റിന് സംഘാടകര്‍ ഈടാക്കുന്നത് 725 പൗണ്ട് (62500 രൂപ) ആണ്. പൂര്‍ണമായി ഫിറ്റല്ലാത്ത ബോള്‍ട്ടാണ് മത്സരരംഗത്തുള്ളതെങ്കില്‍ സംഘാടകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus