തേഞ്ഞിപ്പലം: കോടതി വിധിയുടെ ബലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ മുന്‍ പരീക്ഷാകണ്‍ട്രോളറെ തിരിച്ചയച്ചു. വിധിയുടെ പകര്‍പ്പുമായെത്താന്‍ ഇദ്ദേഹത്തോട് വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മുന്‍ കണ്‍ട്രോളര്‍ വി. രാജഗോപാലന്‍ വി.സിയുടെ ഓഫിസിലെത്തിയത്. മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദിനും പരീക്ഷാകണ്‍ട്രോളര്‍ക്കും 56വയസ്സുവരെ ജോലിയില്‍ തുടരാമെന്ന് ഹൈകോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. ഇരുവരെയും ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നതാണ് സര്‍വകലാശാലാ നിലപാട്. വിധിക്കെതിരെ അപ്പീല്‍ പോകുന്നത് തീരുമാനിച്ചില്ലെന്ന് സിന്‍ഡിക്കേറ്റിന്റെ നിയമ സ്ഥിരം സമിതി കണ്‍വീനര്‍ അഡ്വ. പി.എം. നിയാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍