കോയമ്പത്തൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പൂമാര്‍ക്കറ്റ് ഭാഗത്ത് താമസിക്കുന്ന ദിണ്ഡുക്കല്‍ സ്വദേശികളായ ധര്‍മത്തുപട്ടി ശെല്‍വം (32), സുബ്രഹ്മണ്യം (35) എന്നിവരാണ് അറസ്റ്റിലായത്. ബാലികമാരെ വിലയ്ക്ക് വാങ്ങി വിദേശ രാജ്യങ്ങളിലേക്ക് മറിച്ചുവില്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്യുന്ന കൊച്ചിയിലെ റാക്കറ്റിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കോയമ്പത്തൂര്‍ വേലാണ്ടിപാളയം ആനന്ദ്-റാണി ദമ്പതികളുടെ മകള്‍ കോവില്‍മേട്ടിലെ കോര്‍പറേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി കാര്‍ത്യായനിയെയാണ് (ആറ്) തിങ്കളാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. സ്കൂളില്‍നിന്ന് കുട്ടിയെ വിളിക്കാന്‍ അമ്മ റാണി എത്തിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്.
ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ശെല്‍വവും കുട്ടിയും സംശയ സാഹചര്യത്തില്‍ പിടിയിലായത്. സ്കൂള്‍ യൂനിഫോമില്‍ കുട്ടി കരഞ്ഞുനില്‍ക്കുന്നത് കണ്ടതോടെയാണ് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് ശെല്‍വം അറിയിച്ചു. തുടര്‍ന്ന് ഇവരെ കോയമ്പത്തൂര്‍ പൊലീസിന് കൈമാറി. വിളിച്ചുകൊണ്ടുവരാന്‍ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് മിഠായി നല്‍കിയാണ് സ്കൂള്‍ പരിസരത്ത് നിന്ന് കാര്‍ത്യായനിയെ പ്രതികള്‍ കൊണ്ടു പോയത്. ശെല്‍വം മാത്രമാണ് കുട്ടിയെ കൂട്ടി പാലക്കാട്ടേക്ക് പോയത്.
പ്രതികള്‍ ഇതിനകം 15ലധികം ബാലികമാരെ തട്ടിക്കൊണ്ടുപോയി കൊച്ചിയിലെ സ്ത്രീക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘം അടുത്ത ദിവസം കൊച്ചിയിലേക്ക് തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍