മുംബൈ: പിഞ്ചു കുഞ്ഞടക്കം 14 പേര്‍ വെന്തുമരിച്ച പ്രമാദമായ ബെസ്റ്റ് ബേക്കറി കേസിലെ സാക്ഷികളുടെ നഷ്ടപരിഹാരത്തുക മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് ബോംബെ ഹൈകോടതിയുടെ ഉത്തരവ്. കലാപകാരികള്‍ ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കിയപ്പോള്‍ സാരമായി പരിക്കേറ്റവര്‍ക്ക് 2000 രൂപ വീതമാണ് ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍, ഇത് അവരനുഭവിച്ച കാഠിന്യത്തിന് തുല്യമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വി.എം. കനാഡെ, പി.ഡി. കോഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് സാക്ഷികളുടെ പേരില്‍ നിക്ഷേപിക്കാന്‍ ഉത്തരവിട്ടത്. ബെസ്റ്റ് ബേക്കറി കേസില്‍ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരായ അപ്പീലില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി നല്‍കിയ നാലുപേരുടെ നഷ്ടപരിഹാരത്തുകയാണ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.
പ്രത്യേക കോടതി ജീവപര്യന്തം തടവിന് വിധിച്ച ഒമ്പതു പ്രതികളുടെ അപ്പീലില്‍ വിധിപറഞ്ഞശേഷമാണ് ഹൈകോടതി സാക്ഷികള്‍ക്കുവേണ്ടി ഉത്തരവിട്ടത്. ബേക്കറി ജീവനക്കാരായ തുഫൈല്‍ അഹ്മദ് സാദിഖ്, റഹീസ് ഖാന്‍, ശഹസാദ് ഖാന്‍ പഠാണ്‍, ശൈലുന്‍ഖാന്‍ പഠാണ്‍ എന്നീ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളുടെ ശിക്ഷ റദ്ദാക്കിയ കോടതി നാലുപേരുടെ ശിക്ഷ ശരിവെച്ചത്. മറ്റ് സാക്ഷികള്‍ കൂറുമാറിയപ്പോള്‍ മൊഴിയില്‍ ഉറച്ചുനിന്നവരാണ് ഇവര്‍. നിരവധി സാക്ഷികള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. പ്രമാദമായ കേസുകളിലെ സാക്ഷികളെ സംരക്ഷിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചതായും കോടതി വിലയിരുത്തി.
ഈയിടെ കൂറുമാറുകയും മൊഴി മാറ്റിയെടുക്കാനാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കുകയും ചെയ്ത, ബേക്കറി ഉടമയുടെ മരുമകള്‍ യാസ്മിന്‍ ശൈഖിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ട 17 പേര്‍ക്കെതിരെ മൊഴി നല്‍കിയത് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍െറ പ്രലോഭനത്തിന് വഴങ്ങിയാണെന്നാണ് യാസ്മിന്‍ ഹരജിയില്‍ പറയുന്നത്. യാസ്മിന്‍െറ വാദങ്ങള്‍ വിശ്വസനീയമല്ളെന്ന് ഹൈകോടതി വിലയിരുത്തി. 2006ലാണ് മുംബൈയിലെ പ്രത്യേക കോടതി ഒമ്പതു പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. സാക്ഷികളെ സ്വാധീനിച്ചതിന് അന്നത്തെ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ പ്രത്യേക കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഹൈകോടതി നീക്കം ചെയ്യുകയും അഭിഭാഷകര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍