ബംഗളൂരു: സ്ഥാനമൊഴിഞ്ഞ സദാനന്ദ ഗൗഡ അവസാനനിമിഷം ഉടക്കിയതിനെ തുടര്‍ന്ന് നിയുക്ത മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ സത്യപ്രതിജ്ഞ നീണ്ടു. പാര്‍ട്ടി പ്രസിഡന്റ് പദവി, ഉപമുഖ്യമന്ത്രി സ്ഥാനം, കൂടുതല്‍ മന്ത്രിപദവികള്‍ എന്നീ ആവശ്യങ്ങളുമായി ഗൗഡപക്ഷം വിലപേശിയതോടെ രാവിലെ നടക്കേണ്ടിയിരുന്ന നിയമസഭാ കക്ഷിയോഗം വൈകീട്ട് നാലുമണിക്കാണ് ചേരാനായത്.
കേന്ദ്ര നേതാക്കളായ രാജ്നാഥ്സിങ്, അനന്ത്കുമാര്‍, അരുണ്‍ ജെയ്റ്റ്ലി എന്നിവരുടെ നേതൃത്വത്തില്‍ ചേരേണ്ടിയിരുന്ന യോഗം അവസാന നിമിഷം ഗൗഡയും അനുയായികളും ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് രാവിലെ അനിശ്ചിതത്വത്തിലായി. യോഗം നിശ്ചയിച്ചിരുന്ന ബംഗളൂരുവിലെ കാപിറ്റോള്‍ ഹോട്ടലില്‍ യെദിയൂരപ്പ പക്ഷം എത്തിയെങ്കിലും ഗൗഡയും അനുയായികളും അദ്ദേഹത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. ഒടുവില്‍ കേന്ദ്ര നേതാക്കള്‍ ഗൗഡ, ഷെട്ടര്‍, പാര്‍ട്ടി പ്രസിഡന്റ് ഈശ്വരപ്പ എന്നിവരെ ചര്‍ച്ചക്കു വിളിപ്പിച്ചതോടെയാണ് യോഗം ചേരാനുള്ള സാഹചര്യം ഒരുങ്ങിയത്. ഗൗഡപക്ഷം മുന്നോട്ടുവെച്ച ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ പദവിയും നല്‍കാന്‍ കേന്ദ്ര നേതാക്കള്‍ സമ്മതം മൂളിയതിനെ തുടര്‍ന്നാണിതെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
ഗൗഡ അയഞ്ഞതോടെ വൈകീട്ട് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ജഗദീഷ് ഷെട്ടറെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കര്‍ണാടകയുടെ 21ാമത്തെയും ബി.ജെ.പി മന്ത്രിസഭയുടെ മൂന്നാമത്തെയും മുഖ്യമന്ത്രിയായി അദ്ദേഹം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.നേരത്തേ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാവണമെന്നത് സംബന്ധിച്ച് ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേ തീരുമാനമുണ്ടാവൂ.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബുധനാഴ്ച ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് രാജി സമര്‍പ്പിക്കും. മികച്ച ഭരണമാണ് സദാനന്ദ ഗൗഡ കാഴ്ച വെച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി ഷെട്ടര്‍ വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ തനിക്കുണ്ടാവുമെന്നും ഷെട്ടര്‍ പറഞ്ഞു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വരള്‍ച്ചാ നിവാരണത്തിനാണ് മുഖ്യപരിഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗശേഷം ഷെട്ടറെ അഭിനന്ദിച്ച സദാനന്ദ ഗൗഡ സംസ്ഥാനത്തിന്റെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എമാരോട് അഭ്യര്‍ഥിച്ചു. അതേസമയം, ഷെട്ടര്‍ മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേ തീരുമാനമുണ്ടാകൂ എന്നാണ് അറിയുന്നത്.
പാര്‍ട്ടി പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ, ആഭ്യന്തര മന്ത്രി ആര്‍. അശോക് എന്നിവരെ ഉപമുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതായാണ് സൂചന. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഉപമുഖ്യമന്ത്രി സ്ഥാനമുണ്ടാകുന്നത്.
ഈശ്വരപ്പ മാറുന്നതോടെ പാര്‍ട്ടി പ്രസിഡന്റിന്റെ ഒഴിവിലേക്ക് ആരെ നിശ്ചയിക്കണമെന്ന് ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രനേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സദാനന്ദ ഗൗഡയെ പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ സമുദായമായ വൊക്കലിഗ നേതൃത്വവും അനുയായികളും കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍