12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ടി.പി വധം: ഷിനോജും രജീകാന്തും കീഴടങ്ങി

ടി.പി വധം: ഷിനോജും രജീകാന്തും കീഴടങ്ങി
ഷിനോജിന് തിരിച്ചറിയല്‍ പരേഡ്, കാരായി രാജനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. കൊലയാളിസംഘത്തില്‍പ്പെട്ട മാഹി പള്ളൂര്‍ കണ്ണാടിക്കല്‍ ഷിനോജ് (28), ഇവര്‍ക്ക് വഴികാണിച്ച കോടിയേരി ചിരാന്‍കണ്ടി രജീകാന്ത് എന്ന കൂരാപ്പന്‍ (30) എന്നിവരാണ് വടകര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
റിമാന്‍ഡ് ചെയ്ത് ജയിലിലടക്കുമെന്ന പ്രതീക്ഷയോടെ പൊലീസിനെ കബളിപ്പിച്ച് രഹസ്യമായി കീഴടങ്ങിയ ഇവരില്‍ രജീകാന്തിനെ ചൊവ്വാഴ്ചതന്നെ പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ ഷിനോജിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ പൊലീസ് ചൊവ്വാഴ്ച എറണാകുളം കാക്കനാട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്റെ ജാമ്യാപേക്ഷയില്‍ ഹൈകോടതി വ്യാഴാഴ്ച വിധി പറയും.
കൂത്തുപറമ്പ് ബാറിലെ അഭിഭാഷകന്‍ വി.പി. തങ്കച്ചനൊപ്പം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് ഷിനോജും രജീകാന്തും കോടതിയിലെത്തിയത്. രജീകാന്ത് നേരത്തേ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശ്ശേരി ജില്ലാ കോടതി തള്ളിയിരുന്നു.
കൊല നടന്ന മേയ് നാലിനു രാത്രി ടി.പി. ചന്ദ്രശേഖരനെ മറ്റൊരു വാഹനത്തില്‍ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കൊലയാളിസംഘത്തെ വഴികാണിച്ചത് രജീകാന്താണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച പ്രതികള്‍ അഭിഭാഷകനൊപ്പം കോടതിയില്‍ എത്തുമ്പോള്‍ അന്വേഷണസംഘമോ പൊലീസോ പരിസരത്ത് ഉണ്ടായിരുന്നില്ല. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ഇവര്‍ ആരെന്ന് മനസ്സിലായതുമില്ല. കീഴടങ്ങാനെത്തിയവര്‍ ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളാണെന്നറിഞ്ഞ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ഉടന്‍ വിവരം അന്വേഷണസംഘത്തെ അറിയിച്ചു. അരമണിക്കൂറിനകം കുറ്റ്യാടി സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കോടതിയിലെത്തി. ഈ സമയത്തിനിടെ കോടതി ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടിരുന്നു.
കോടതി പിരിയാന്‍ അരമണിക്കൂര്‍ ബാക്കിനില്‍ക്കെ അന്വേഷണസംഘം രജീകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകനും എ.പി.പിയും തമ്മിലുള്ള വാദത്തിനിടെ രജീകാന്തിനെ ജൂലൈ 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് മജിസ്ട്രേറ്റ് എം. ശുഐബ് ഉത്തരവിട്ടു.
കൊലയില്‍ നേരിട്ട് പങ്കാളിയായ ഷിനോജിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാലാണ് ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നല്‍കാതിരുന്നത്. ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം പൊലീസ് കസ്റ്റഡിക്കായി അപേക്ഷ നല്‍കും. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖംമൂടിയണിയിച്ചാണ് ഷിനോജിനെ കോടതിയില്‍നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്. തിരിച്ചറിയല്‍ പരേഡിനായി അന്വേഷണസംഘം ബുധനാഴ്ച കോഴിക്കോട് സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും. കൊടി സുനിയുടെ ഉറ്റ സുഹൃത്തായ ഷിനോജാണ് ടി.പി. ചന്ദ്രശേഖരന്റെ തലയില്‍ കൂടുതല്‍ തവണ വെട്ടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇത്രയുംകാലം കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തലശ്ശേരി ഫസല്‍വധക്കേസിലെ പ്രതിയായ കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ കിട്ടാനായി ഉടനെ വടകര കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. പി. മോഹനന്‍ മാസ്റ്ററുടെ കസ്റ്റഡി കാലാവധി തീരുന്നതിനുമുമ്പ് കാരായി രാജനെ കസ്റ്റഡിയില്‍ വാങ്ങി രണ്ടുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് പൊലീസിന്റെ ശ്രമം.
2010ലെ ഗൂഢാലോചന കേസില്‍ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ പാനൂര്‍ ചമ്പാട് സ്വദേശി ജന്മിന്റവിട ബിജു, ചെട്ടി ഷാജി എന്നിവരെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനിടെ, കസ്റ്റഡിയില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനില്‍നിന്ന് ഗൂഢാലോചന സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും അറസ്റ്റുകള്‍കൂടി ഉടനെ ഉണ്ടാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com