തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്ടറിയില്‍ കെട്ടിക്കിടന്ന വളം നീക്കം ചെയ്യുന്ന പ്രവൃത്തി വീണ്ടും ആരംഭിച്ചു. ജനങ്ങളുടെ പ്രതിഷേധം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചാണ് ജോലികള്‍ തുടങ്ങിയത്. പത്ത് ടണ്ണോളം വളം ഇന്നലെ നീക്കം ചെയ്തു.
കോര്‍പറേഷനും സര്‍ക്കാറും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എഫ്.എ.സി.ടിക്കാണ് വളം നല്‍കാന്‍ തീരുമാനിച്ചത്.
വളം കൊണ്ടുപോകാന്‍ എഫ്.എ.സി.ടിയുടെ വാഹനം രാവിലെ എത്തിയപ്പോള്‍ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചു. സംഭവം കുടുതല്‍ പ്രശ്നങ്ങളിലേക്ക് കടക്കുമെന്നായപ്പോള്‍ കോര്‍പറേഷന്‍ എ.ഡി.എം പി.കെ.ഗിരിജയെ വിവരം അറിയിച്ചു. കൂടുതല്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് വളം നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. മാലിന്യത്തില്‍ നിന്ന് സംസ്കരിച്ച് മാറ്റിയ രണ്ടുകോടിയിലേറെ രൂപ വിലയ്ക്കുള്ള വളം വിളപ്പില്‍ശാലയില്‍ കെട്ടിക്കിടക്കുകയാണ്. ഫാക്ടറി പൂട്ടുന്നതിന് മുമ്പുതന്നെ സംസ്കരിച്ചെടുത്തവയാണിവ. മഴക്കാലം തുടങ്ങിയതോടെ വിളപ്പില്‍ശാലയില്‍ നേരത്തേ കൊണ്ടിട്ട മാലിന്യവും സംസ്കരിച്ചെടുത്ത വളവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യാമെന്ന തീരുമാനം സര്‍ക്കാറും കോര്‍പറേഷനും കൈക്കൊണ്ടത്.
ഇന്നലെ നീക്കം ചെയ്ത വളം കൂടാതെ അവശേഷിക്കുന്നവ വരും ദിവസങ്ങളില്‍ മാറ്റുന്ന പ്രവൃത്തികള്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. അതുകൂടി ഉടന്‍ നടത്തണമെന്നാണ് കോര്‍പറേഷന്‍െറ തീരുമാനം.
അതേസമയം ലീച്ചേറ്റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉപകരണങ്ങള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിപ്പോഴും കോര്‍പറേഷന്‍ ആസ്ഥാനത്ത് ഇറക്കിയിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍