തിരുവനന്തപുരം: കുര്യാത്തി വാര്‍ഡില്‍ വിവിധ ഭാഗങ്ങളിലായി നിലനില്‍ക്കുന്ന ഡ്രെയിനേജ് പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 35ലക്ഷത്തോളം രൂപയുടെ ജോലികള്‍ക്ക് എസ്റ്റിമേറ്റ് നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷമൊന്ന് കഴിഞ്ഞെന്ന് കൗണ്‍സിലര്‍ ആരോപിക്കുന്നു.
ശ്രീനഗര്‍, ചിത്രനഗര്‍, കളിപ്പാന്‍കുളം, കടിയപട്ടണം, കാവുവിള, ചരുവിള എന്നീ സ്ഥലങ്ങളിലായി 32 മാന്‍ഹോളും ഹര്‍ഷന്‍ നഗര്‍, സീതാപുരം കിഴങ്ങുവിള മുതല്‍ കാവുവിള വരെയുള്ള ഭാഗങ്ങളില്‍ പുതിയ ലൈന്‍ സ്ഥാപിക്കുന്നതിനുമാണ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് എസ്റ്റിമേറ്റ് എടുത്തത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ നാലോളം മാന്‍ഹോളുകള്‍ ഇടിഞ്ഞ് താണ് അപകടാവസ്ഥയിലാണ്. അപ്രതീക്ഷിതമായി കൂടുതല്‍ ഇടിഞ്ഞ് താഴുന്നത് മൂലം വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും ഇതിനുള്ളില്‍ വീഴാന്‍ സാധ്യതയേറെയാണ്.
മഴപെയ്താല്‍ വെള്ളക്കെട്ടില്‍ ഇവ തിരിച്ചറിയാനും സാധിക്കില്ല. ട്രിഡയെ സമീപിച്ചെങ്കിലും പണം ഗവണ്‍മെന്‍റ് നല്‍കുന്നില്ളെന്നാണ് മറുപടി ലഭിച്ചതെന്ന് കൗണ്‍സിലര്‍ പറയുന്നു.
ഇതിനിടെ പട്ടാണിക്കുഴി ഭാഗത്തെ പണി പൂര്‍ത്തിയാക്കാനും അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു കമ്മറ്റികൂടി ചേര്‍ന്നാലേ പണം നല്‍കാനാകൂവെന്ന നിലപാടിലാണ് ട്രിഡ. പ്രശ്നപരിഹാരമുണ്ടായില്ളെങ്കില്‍ സമരം നടത്തുമെന്ന് കൗണ്‍സിലര്‍ മോഹനന്‍നായര്‍ അറിയിച്ചു. റസിഡന്‍സ് അസോസിയേഷനുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍