കൊല്ലം: കേരളാ കോണ്‍ഗ്രസ് (ബി) യിലെ ചേരിതിരിവ് പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ ഇരവിപുരം, കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റികള്‍ കെ.ബി. ഗണേഷ്കുമാര്‍ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തില്‍ നിന്ന് നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് മൂന്ന് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഗണേഷ്കുമാറുമായി ഒത്തു തീര്‍പ്പിനോ ശ്രമങ്ങള്‍ നടക്കുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മന്ത്രിയെന്ന നിലയില്‍ കെ.ബി.ഗണേഷ്കുമാറില്‍നിന്ന് നല്ല പരിഗണന കിട്ടുന്നുണ്ട്. ഗണേഷ്കുമാര്‍ കൈകാര്യം ചെയ്യുന്ന വനം, സ്പോര്‍ട്സ്, സിനിമ വകുപ്പുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളാ കോണ്‍ഗ്രസ്-ബിയിലുള്ളത് അച്ഛനും മകനും തമ്മിലെ പ്രശ്നമല്ല. ചെയര്‍മാനും പാര്‍ട്ടിയും തമ്മിലുള്ളതാണ്. അണികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഗണേഷ്കുമാറിന്‍െറ നിലപാടിനെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. കണ്‍വെന്‍ഷനുകളില്‍ ഗണേഷ്കുമാറിനെ പങ്കെടുപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്‍റ് പ്രതാപന്‍ കുണ്ടറ, കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്‍റ് രാജു പണ്ടകശാല, കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് രവികുമാര്‍, സ്റ്റീഫന്‍കുഞ്ഞ്, ആന്‍േറാ തോമസ്, വിഷ്ണു കുന്നത്തൂര്‍, സന്തോഷ് കുന്നത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍