തിരുവനന്തപുരം: നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ഭരണ മുന്നണിയില്‍ പരസ്യ വിഴുപ്പലക്കല്‍. വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജുമാണ് സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ വി. ചെന്താമരാക്ഷന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് നിയമസഭ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സഭയില്‍ ചീഫ് വിപ്പിനെ മന്ത്രി തള്ളിപ്പറഞ്ഞതോടെ രോഷാകുലനായ പി.സി. ജോര്‍ജ് പുറത്ത് വാര്‍ത്താസമ്മേളനം നടത്തി ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.എം. മാണിയും സഭയിലെ തര്‍ക്കത്തില്‍ ഇടപെട്ടില്ല.
ചീഫ് വിപ്പിനും മന്ത്രിക്കും വിഷയത്തില്‍ രണ്ടഭിപ്രായമാണെന്നും ആരുടേതാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി പറയുന്നതാണ് സര്‍ക്കാര്‍ നയമെന്ന് പറഞ്ഞ ഗണേഷ്കുമാര്‍, സഭയില്‍ എം.എല്‍.എ എന്ന നിലയില്‍ ചീഫ്വിപ്പിനെ അനുസരിക്കുമെന്നും പുറത്ത് മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിയെ മാത്രമേ അനുസരിക്കുകയുള്ളൂവെന്നും വ്യക്തമാക്കി. വിഷയത്തില്‍ സഭയില്‍ മറുപടി പറയാന്‍ ജോര്‍ജ് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് കടുത്ത ആരോപണങ്ങളുമായി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയത്. ഗണേഷിനെതിരെ ജോര്‍ജ് പിന്നീട് മുഖ്യമന്ത്രിക്കും കക്ഷി നേതാക്കള്‍ക്കും പരാതി നല്‍കി. ജോര്‍ജിനെതിരെ മന്ത്രി ഗണേശ്കുമാറും മുഖ്യമന്ത്രി, മന്ത്രി മാണി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജോര്‍ജിനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതേസമയം പി.സി. ജോര്‍ജിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവും ഗണേഷ്കുമാറിന്റെ പിതാവുമായ ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവന്നു. വനംവകുപ്പും ചീഫ് വിപ്പും തമ്മിലെ തര്‍ക്കം ക്രമേണ ഭരണപക്ഷത്തെ മറ്റുചിലര്‍ കൂടി ഏറ്റെടുക്കുകയായിരുന്നു. ഗണേഷ്കുമാര്‍ യു.ഡി.എഫിനെ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ജോര്‍ജ്് ആരോപി ച്ചു. അടിയന്തരപ്രമേയം മന്ത്രി ഗണേഷ്കുമാര്‍ സ്പോണ്‍സര്‍ ചെയ്തതാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരെയും കണ്ട് പ്രതിഷേധം അറിയിച്ച ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു. സഭയില്‍ ചര്‍ച്ച നടക്കവെ എസ്റ്റേറ്റുകളുടെ കാര്യം പഠിക്കാന്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് കമ്മിറ്റിയുണ്ടോയെന്ന് പ്രതിപക്ഷം ആരാഞ്ഞു. പത്രത്തില്‍ കണ്ടതല്ലാതെ അതേക്കുറിച്ച് തനിക്ക് രേഖാമൂലം അറിയിപ്പ് കിട്ടിയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജോര്‍ജ് അതിന്റെ ചെയര്‍മാനാണോ എന്നും അറിയില്ല. അങ്ങനെയൊരു കമ്മിറ്റിയില്ല. ഒരു നിര്‍ദേശവും യു.ഡി.എഫില്‍നിന്ന് നല്‍കിയില്ലെന്നും മന്ത്രി വിശദീകരിച്ചു. നെല്ലിയാമ്പതിയിലെ കൃഷിക്കാരുടെ പ്രശ്നം പഠിക്കാന്‍ യു.ഡി.എഫ് സമിതിയെ നിയോഗിച്ചെന്ന് ജോര്‍ജ് സഭക്ക് പുറത്ത് മറുപടി നല്‍കി. സമിതിയില്‍ തന്റെ പേര് ഉണ്ടെങ്കിലും കൃഷിക്കാര്‍ക്ക് വേണ്ടി പരാതി നല്‍കിയതിനാല്‍ അതില്‍ തുടരുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
നെല്ലിയാമ്പതി പ്രദേശം സമിതി സന്ദര്‍ശിച്ചോ എന്നറിയില്ല. കമ്മിറ്റിയുമായി തനിക്ക് ബന്ധമില്ല. കമ്മിറ്റിയെ വെച്ചത് അറിയില്ലെന്ന് സഭയില്‍ മന്ത്രി പറഞ്ഞത് മോശമാണ്. ഒരാള്‍ മന്ത്രിയായാല്‍ യു.ഡി.എഫിന് മുകളിലാണെന്നും എന്തും ചെയ്യുമെന്നും പറഞ്ഞാല്‍ എവിടെ ചെന്ന് നില്‍ക്കും. യു.ഡി.എഫിന്റെ കമ്മിറ്റി അറിയാത്തയാള്‍ യു.ഡി.എഫ് മന്ത്രിയാകുമോ? യു.ഡി.എഫിനെ അപമാനിച്ച മന്ത്രിയുടെ പേരില്‍ നടപടി വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. നിവേദനം നല്‍കാന്‍ ചെന്ന ചെന്താമരാക്ഷന്‍ എം.എല്‍.എയെയും സംഘത്തെയും മന്ത്രി പരിഗണിച്ചില്ലെന്ന് ജോര്‍ജ് സഭയില്‍ പറഞ്ഞു.
തന്നോട് ചെന്താമരാക്ഷന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അവരെയും കൂട്ടി മന്ത്രിയുടെ അടുത്ത് പോയി ചര്‍ച്ച നടത്തി. അതേസമയം, തന്നെ കാണാന്‍ വന്നപ്പോള്‍ മോശമായി പെരുമാറിയോ എന്ന് മന്ത്രി സഭയില്‍ തന്നെ ചെന്താമരാക്ഷനോട് ചോദിച്ചു. തൊഴിലാളികളുടെ പ്രശ്നത്തിനാണ് താന്‍ മന്ത്രിയെ കണ്ടതെന്ന് ചെന്താമരാക്ഷന്‍ വ്യക്തമാക്കി. താന്‍ എം.എല്‍.എയോട് മോശമായി പെരുമാറിയെന്ന് ജോര്‍ജ് പറഞ്ഞത് സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് ഗണേഷ് കുമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇടപെടല്‍ നടന്നത് വ്യക്തമാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചീഫ് വിപ്പിന്റെ അഭിപ്രായമല്ല തന്റേതെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കയാണെന്നും ഇതില്‍ പൊരുത്തക്കേടുകളുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി. ചെന്താമരാക്ഷന്‍ ചെയ്തതുപോലെ പി.സി. ജോര്‍ജും നിവേദനം കൊടുത്തുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെയാണ് വിഷയം സഭക്ക് പുറത്ത് ജോര്‍ജ് ഉന്നയിച്ചത്. നെല്ലിയാമ്പതിയിലെ ഗണേഷിന്റെ താല്‍പര്യം എല്ലാവര്‍ക്കുമറിയാമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സംവിധാനം എന്താണെന്ന് മന്ത്രിയെ അറിയിക്കും. അല്ലെങ്കില്‍ പി.സി.ജോര്‍ജ് ഈ പണി നിര്‍ത്തും. ഒരു വാര്‍ത്താസമ്മേളനംകൊണ്ട് പ്രശ്നം അവസാനിക്കില്ല. ഇനിയും വാര്‍ത്താസമ്മേളനവും വാര്‍ത്തകളും ഉണ്ടാകും. പിള്ള-ഗണേഷ് തര്‍ക്കം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. പല തവണ ഗണേഷിനെ കണ്ടു. കൂടുതല്‍ കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്നും ജോര്‍ജ് പറഞ്ഞു.
വനംവകുപ്പിന്റെ ധനാഭ്യര്‍ഥനക്കുള്ള മറുപടിയില്‍ ജോര്‍ജിന്റെ വിമര്‍ശങ്ങള്‍ക്ക് ഗണേഷ് മറുപടി നല്‍കി. ഇടതു മുന്നണി ബഹിഷ്കരിച്ചുകൊണ്ടിരിക്കെ താന്‍ എങ്ങനെയാണ് അവര്‍ക്കുവേണ്ടി അടിയന്തരപ്രമേയം സ്പോണ്‍സര്‍ ചെയ്യുന്നത്.
ചില ആളുകള്‍ക്ക് എന്തും പറയാമെന്ന സ്ഥിതിയാണെന്നും അത് മുഖവിലക്കെടുക്കരുതെന്നും ജോര്‍ജിനെ പരോക്ഷമായി സൂചിപ്പിച്ച് ഗണേഷ് തിരിച്ചടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍