മലപ്പുറം: ആധാറില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ദേശീയ ജനസംഖ്യാ രജിസ്ട്രേഷന് (എന്‍.പി.ആര്‍) വീണ്ടും ബയോ മെട്രിക് വിവരം ശേഖരിക്കുന്നത് സോഫ്റ്റ്വെയറില്‍ വന്ന അപാകത മൂലമെന്ന് അധികൃതര്‍. ജൂലൈ അവസാനത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് സംസ്ഥാന സെന്‍സസ് ഡയറക്ടറേറ്റ് അറിയിച്ചു. ആധാറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന് വീണ്ടും കണ്ണ്, കൈവിരലുകള്‍ ഉള്‍പ്പെടെ ശരീരഭാഗങ്ങളുടെ ബയോമെട്രിക് രേഖകളും ഫോട്ടോയും നല്‍കേണ്ടിവരുന്നത് ജില്ലയില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. ഇതിനത്തെുടര്‍ന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. ആധാര്‍ സോഫ്റ്റ്വെയര്‍ പരിശോധിച്ചപ്പോള്‍ മലയാളം അക്ഷരങ്ങള്‍ തെറ്റായി കണ്ടു. ഇത് പരിഹരിക്കാന്‍ സോഫ്റ്റ്വെയര്‍ തിരിച്ചയച്ചിട്ടുണ്ട്. അപാകത തീര്‍ത്ത് സോഫ്റ്റ്വെയര്‍ ലഭ്യമാവുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. അതുവരെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ജനസംഖ്യാ രജിസ്ട്രേഷനും ബയോമെട്രിക് വിവരം നല്‍കണം. സോഫ്റ്റ്വെയര്‍ ലഭ്യമായാല്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മറ്റുള്ളവര്‍ക്കും എന്‍.പി.ആര്‍ രജിസ്ട്രേഷന് പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുമെന്ന് സെന്‍സസ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ആധാറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് വിവരം നല്‍കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം, ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന്‍ മാത്രം നടത്തിയാല്‍ മതി. എന്‍.പി.ആര്‍ കാര്‍ഡിനോടൊപ്പം ആധാര്‍ നമ്പറും നല്‍കും.
എന്‍.പി.ആര്‍ കാര്‍ഡ് അനുവദിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫ് സിറ്റിസണ്‍ രജിസ്ട്രേഷന് ആധാര്‍ രജിസ്ട്രേഷനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍