മലപ്പുറം: ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കടക്കെണിയിലായ അക്ഷയ സംരംഭകര്‍ക്ക് നേരെ ബാങ്കുകള്‍ ജപ്തി നടപടികളും അറസ്റ്റ് നീക്കവുമായി മുന്നോട്ട്.
ജില്ലയിലെ 166 സംരംഭകര്‍ക്കെതിരെയാണ് ബാങ്കുകള്‍ നടപടി തുടരുന്നത്. അക്ഷയ സംരംഭകരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ജപ്തി നടപടി നിര്‍ത്താന്‍ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസവും കരുവാരകുണ്ടിലെ രണ്ട് സംരംഭകര്‍ക്ക് നേരെ ജപ്തി നടപടി സ്വീകരിക്കാന്‍ വില്ളേജ് അധികൃതരുടെ സഹായത്തോടെ ബാങ്കുകള്‍ നീക്കം നടത്തി. ജപ്തി നടപടിക്ക് വിധേയനാകുന്നയാള്‍ കടക്കെണിയിലായ അക്ഷയ സംരംഭകനാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ സാക്ഷ്യപ്പെടുത്തി നടപടി പാടില്ളെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വില്ളേജ് അധികൃതര്‍ പിന്‍വാങ്ങിയത്. എസ്.എം.ജി.ബി ഉള്‍പ്പെടെ ബാങ്കുകള്‍ അക്ഷയ സംരംഭകര്‍ക്കെതിരെ കോടതിയെ സമീപിച്ച് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്. ബാങ്കുകളുടെ നടപടി സര്‍ക്കാര്‍ ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന് അക്ഷയ സംരംഭകര്‍ പറയുന്നു.
സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇപ്രകാരം എടുത്ത വായ്പയുടെ പിഴയും പിഴപ്പലിശയും കുടിശ്ശികയായ മുതലിന്‍െറ 25 ശതമാനം തുകയും ബാങ്ക് എഴുതിത്തള്ളുകയും ചെയ്യും. ബാക്കിവരുന്ന 75 ശതമാനം മുതലില്‍ 37.5 ശതമാനം സംരംഭകനും അത്രതന്നെ സര്‍ക്കാറും അടച്ച് തീര്‍ക്കുന്നതായിരുന്നു പദ്ധതി. സംരംഭകന്‍ വിഹിതം അടച്ചാല്‍ മാത്രമേ സര്‍ക്കാര്‍ വിഹിതം അടക്കുമായിരുന്നുള്ളൂ.
2011 മാര്‍ച്ച് 31ന് അവസാനിച്ച പദ്ധതി പ്രകാരം 99 സംരംഭകര്‍ വിഹിതം അടച്ച് നടപടികള്‍ ഒഴിവാക്കി. ബാക്കി 166 പേര്‍ക്ക് ഭാരിച്ച തുക അടയ്ക്കാനായില്ല. ഇവര്‍ക്കെതിരെയാണ് ഇപ്പോഴും നടപടി തുടരുന്നത്.
അതിനിടെ, സംരംഭകരുടെ കടം പൂര്‍ണമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങിയതായി സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍