സുല്‍ത്താന്‍ ബത്തേരി: രോഗിയായ ആദിവാസി കുടുംബനാഥന്‍ തുടര്‍ ചികിത്സക്ക് വഴി തേടുന്നു. ചെതലയം പുല്ലുമല കോളനിയിലെ ജയന്‍ (40) ആണ് ചികിത്സക്ക് നിവൃത്തിയില്ലാതെ ദുരിതത്തിലായത്. പ്രാക്തന ഗോത്രവര്‍ഗ വിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് ജയന്‍.
തൈറോയ്ഡ് രോഗം ബാധിച്ച ജയന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ചികിത്സ തേടിയിരുന്നു. രോഗം പൂര്‍ണമായും മാറിയില്ളെന്നു മാത്രമല്ല, ഇടതുകാല്‍ അമിതമായി നീരുവന്ന് പൊട്ടി. തുടയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത്, വ്രണമുണ്ടായ ഭാഗത്ത് പിന്നീട് തുന്നിച്ചേര്‍ത്തു. ഇപ്പോഴും വേദന മാറിയിട്ടില്ല. ഒപ്പം അസഹനീയമായ ചുമയും ഛര്‍ദിയും. ആശുപത്രിയില്‍ പോകാന്‍ വണ്ടിക്കൂലിക്കുപോലും പണമില്ല. ഭക്ഷണത്തിനും തുടര്‍ ചികിത്സക്കും മാര്‍ഗമില്ല. ബിരുദ വിദ്യാര്‍ഥിനിയടക്കം മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ് ജയന്‍. 12 വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ഇവരുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലാണ്. ഭാര്യ ഉഷ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. ട്രൈബല്‍ വകുപ്പ് തിരിഞ്ഞുനോക്കുന്നില്ളെന്ന് പരാതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍