വേതനമില്ല; ഉമ്മുല്‍ഖുവൈനില്‍ 15 മലയാളികള്‍ യാതനയില്‍

വേതനമില്ല; ഉമ്മുല്‍ഖുവൈനില്‍ 15 മലയാളികള്‍ യാതനയില്‍

ഉമ്മുല്‍ഖുവൈന്‍: ആത്മഹത്യകള്‍ പെരുകുന്ന പ്രവാസ ലോകത്ത് ജോലിയും കൂലിയുമില്ലാതെ, ഒരു നേരത്തെ അന്നത്തിന് ആര് വക നല്‍കുമെന്ന ആശങ്കയോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് പതിനഞ്ചോളം മലയാളികള്‍. ഉമ്മുല്‍ഖുവൈനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയിലെ തൊഴിലാളികളാണ് മൂന്ന് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനാല്‍ നരകയാതന അനുഭവിക്കുന്നത്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ഈയിടെയായി ജോലിക്ക് പോകുന്നത് നിര്‍ത്തിയിരുന്നു. 120ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകാരുടെ ഒൗദാര്യത്തിലാണ് ഇത്രയും കാലം ഇവര്‍ ജീവിച്ചുപോന്നത്. എന്നാല്‍ മലയാളിയായ കടയുടമക്കും ഇവരെ സഹായിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഇവര്‍ക്ക് മറ്റ് പ്രവാസികള്‍ക്ക് മുന്നില്‍ കൈനീട്ടുകയല്ലാതെ മറ്റു പോംവഴിയില്ല. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും കെ.എം.സി.സി അടക്കം ചില സാമൂഹിക സംഘടനകളും ഇവര്‍ക്ക് സഹായമത്തെിച്ചിരുന്നു. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ഇവിടുത്തെ പോലെ നാട്ടിലും ഇവര്‍ക്ക് ബാധ്യതകള്‍ കുന്നുകൂടിയിട്ടുണ്ട്. ഓരോ ദിവസവും ഭക്ഷണം കഴിക്കാന്‍ പോലും മറ്റുള്ളവര്‍ കനിയേണ്ട അവസ്ഥയിലാണ് ഇവരിപ്പോള്‍. മകന്‍ മരണപ്പെട്ടപ്പോള്‍ ഒരു തൊഴിലാളിക്ക് വീട്ടില്‍ പോകാന്‍ നാട്ടില്‍ നിന്ന് പണം അയച്ചുനല്‍കുകയായിരുന്നുവത്രെ.
ഇതില്‍ അധിക പേരും രാജ്യത്തത്തെിയിട്ട് രണ്ടര വര്‍ഷത്തോളമായി. പാകിസ്താന്‍, ഫിലിപ്പീന്‍സ്, ബംഗ്ളാദേശ്, ഈജിപ്ത് സ്വദേശികളാണ് കമ്പനിയില്‍ ബാക്കിയുള്ളവര്‍. ബില്ലടക്കാത്തതിനാല്‍ ഇടക്ക് താമസ സ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് ഇത് പുനഃസ്ഥാപിച്ചത്.
കമ്പനിയിലെ ഭൂരിഭാഗം തൊഴിലാളികളും വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തി തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ നാലിന് കമ്പനി ഉടമകള്‍ ഹാജരാകാത്തതിനാല്‍ കേസ് അടുത്ത മാസം പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ കമ്പനി മുനിസിപ്പാലിറ്റി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണെന്നാണ് മരപ്പണിക്കാരും സ്പ്രേ പെയിന്‍റിങ് തൊഴിലാളികളും പറയുന്നത്.
കമ്പനി ഉടമകള്‍ തമ്മിലെ കിട മത്സരമാണ് തങ്ങളുടെ ഗതികേടിന് കാരണമെന്ന് ഇവര്‍ പറയുന്നു. വീട്ടുചെലവിനും കുട്ടികളുടെ സ്കൂള്‍ ആവശ്യങ്ങള്‍ക്കുമായി വീട്ടുകാരുടെ വിളിവരുമ്പോള്‍ നിശ്ശബ്ദത പാലിക്കാന്‍ മാത്രമേ ഈ തൊഴിലാളികള്‍ക്ക് കഴിയുന്നുള്ളൂ.
പ്രവാസ ലോകത്തെ കൊടും ചൂടിനൊപ്പം അനുഭവിക്കേണ്ടി വരുന്ന ഈ നരക യാതനക്ക് അറുതിവരുത്താന്‍ അധികാരികളുടെയും സാമൂഹിക സംഘടനകളുടെയും കനിവിനായി കൈ നീട്ടുകയാണിവര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus