വിലനിയന്ത്രണം: പൂഴ്ത്തിവെപ്പിനെതിരെ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്

ദോഹ: റമദാന്‍ പ്രമാണിച്ച് 275 ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലനിയന്ത്രണത്തിന്‍െറ മറവില്‍ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വ്യാപാരികള്‍ക്ക് വാണിജ്യ, വ്യാപാര മന്ത്രാലയത്തിന്‍െറ ശക്തമായ മുന്നറിയിപ്പ്. വിലനിയന്ത്രണ നിയമപ്രകാരം കുറഞ്ഞവിലക്ക് വില്‍ക്കേണ്ട ഉല്‍പ്പന്നങ്ങള്‍ റമദാന്‍ കഴിഞ്ഞ് കൂടിയ വിലക്ക് വില്‍ക്കുന്നതിനായി പൂഴ്ത്തിവെക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നീട് വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നതിനായി കഴിഞ്ഞ റമദാനില്‍ ചില വ്യപാരികള്‍ വിലനിയന്ത്രണത്തിന്‍െറ പരിധിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പൂഴ്ത്തിവെച്ചതായി പരാതിയുണ്ടായിരുന്നു.
റമദാന്‍ പ്രമാണിച്ച് 275 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് മന്ത്രാലയം നാളെ മുതല്‍ വിലനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. വിപണി വിലയേക്കാള്‍ ശരാശരി പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ കുറച്ചാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് മന്ത്രാലയം വില നിശ്ചയിച്ചിരിക്കുന്നത്. ഇറക്കുമതിക്കാരില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങിയ ശേഷം വിലനിയന്ത്രണത്തിന്‍െറ സമയപരിധി കഴിയുമ്പോള്‍ കൂടിയ വിലക്ക് വില്‍ക്കാനുള്ള നീക്കം അനുവദിക്കില്ളെന്നും പട്ടികയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വിലനിയന്ത്രണം റമദാന്‍ അവസാനം വരെ പ്രാബല്യത്തിലുണ്ടായിരിക്കും. വിലനിയന്ത്രണം ഏര്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ വിശദമായ പട്ടിക മന്ത്രാലയത്തിന്‍െറ www.mbt.gov.qa എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
റമദാനില്‍ വില കുറച്ചുവില്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ വിശദമായ പട്ടിക ഇന്നേക്കകം സമര്‍പ്പിക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് മന്ത്രാലയം കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ ഫ്ളോര്‍ മില്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ടിഷ്യുവും അലൂമിനിയം ഫോയിലും വരെയുള്ള ഉല്‍പ്പന്നങ്ങളാണ് 275 സാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്. അല്‍ ഗദീര്‍ ഓറഞ്ച് ജ്യൂസിന്‍െറ മൂന്ന് ലിറ്റര്‍ പാക്ക് ഏഴ് റിയാലിനും രണ്ടര ലിറ്റര്‍ ടാംഗ് 34.25 റിയാലിനും വില്‍ക്കാനാണ് നിര്‍ദേശം. പഞ്ചാബ് ബസ്മതി അരിയുടെ അഞ്ച് കിലോ പാക്കിന് 30.50 റിയാലും ടില്‍ഡ ബസ്മതി അരി പത്ത് കിലോക്ക് 127 റിയാലുമാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന വില.
ബ്രസീലില്‍ നിന്നുള്ള സാദിയ ചിക്കന്‍ 1200 ഗ്രാം പാക്കിന് 14 റിയാല്‍, 1100 ഗ്രാമിന് 12.75 റിയാല്‍, 1000 ഗ്രാമിന് 11.50 റിയാല്‍ എന്നിങ്ങനെയാണ് വില തീരുമാനിച്ചിട്ടുള്ളത്. ആവശ്യക്കാരേറെയുള്ള സാദിയ ചിക്കര്‍ ബര്‍ഗറിനും വില കുറച്ചിട്ടുണ്ട്. 672 ഗ്രാം പാക്ക് 15.25 റിയാലിന് ലഭിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus