ദോഹ: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും ടിക്കറ്റ് നല്‍കാതെയും കര്‍വ ടാക്സികളില്‍ ഡ്രൈവര്‍മാര്‍ യാത്രക്കാരെ കബളിപ്പിക്കുന്നതിനെതിരെ ബോധവത്കരണവുമായി മുവാസലാത്ത്. ടാക്സികളില്‍ ഡ്രൈവര്‍മാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ടിക്കറ്റ് നല്‍കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ പണം നല്‍കേണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കാമ്പയിന്‍െറ ഭാഗമായി ‘ടാക്സി മീറ്റര്‍ ഓഫ് ആണെങ്കില്‍ നിങ്ങളുടെ യാത്ര സൗജന്യം’ എന്ന് ഇംഗ്ളീഷില്‍ രേഖപ്പെടുത്തിയ പോസ്റ്ററുകളും സ്റ്റിക്കറുകളും ടാക്സികളില്‍ പതിക്കുകയും പൊതുജനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്യും.
പല ഡ്രൈവര്‍മാരും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാറില്ളെന്ന പരാതി പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായിട്ടുണ്ട്. യാത്രാനിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് ഡ്രൈവര്‍ നല്‍കിയില്ളെങ്കില്‍ ഒരു കാരണവശാലും യാത്രക്കാര്‍ പണം നല്‍കേണ്ടതില്ളെന്ന് മുവാസലാത്ത് അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കുന്നതിന് ഡ്രൈവര്‍മാര്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. കര്‍വ ടാക്സികളില്‍ മീറ്റര്‍ കേടാക്കിവെക്കുന്നത് ഡ്രൈവര്‍മാരുടെ പതിവ് തന്ത്രമാണത്രെ.
നഗരത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് നഗരത്തിനുള്ളിലുള്ളളതിനേക്കാള്‍ നിരക്ക് കൂടുതലാണ്. നഗരത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ മീറ്ററില്‍ കൃത്രിമം കാണിച്ച് പുറത്തെ യാത്രയുടെ നിരക്ക് ഈടാക്കുന്നതും പതിവാണ്. ഡ്രൈവര്‍മാരുടെ ഇത്തരം സൂത്രങ്ങളെക്കുറിച്ച് പല യാത്രക്കാരും ബോധവാന്‍മാരല്ല.
മുവാസലാത്തില്‍ നിന്ന് വാഹനം വാടകക്കെടുത്ത് സര്‍വീസ് നടത്തുന്നവരാണ് പൊതുവെ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്. ഇവര്‍ പ്രതിദിനം നിശ്ചിത തുക കമ്പനിക്ക് അടക്കണം. അതുകൊണ്ടാണ് കൂടുതല്‍ പണമുണ്ടാക്കാന്‍ ഇവര്‍ വളഞ്ഞവഴികള്‍ തേടുന്നത്. ചിലര്‍ ഒന്നിലധികം യാത്രക്കാരെ കയറ്റി ഓരോരുത്തരില്‍ നിന്നും മുന്‍കൂട്ടിയുറപ്പിച്ച തുക ഈടാക്കുന്ന രീതിയുമുണ്ട്. മീറ്റര്‍ പ്രവര്‍ത്തിക്കാതെ നിശ്ചിത തുക പിടിച്ചുവാങ്ങുന്ന ഡ്രൈവര്‍മാരും കുറവല്ല. ഇതിനെ ചോദ്യം ചെയ്താല്‍ വാഹനത്തില്‍ നിന്നിറങ്ങിക്കൊള്ളാനായിരിക്കും ഡ്രൈവറുടെ മറുപടി.
എന്നാല്‍, ബോധവത്കരണം കൊണ്ട് മാത്രം കാര്യമില്ളെന്നും യാത്രക്കാരെ വഞ്ചിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്നുമാണ് പൊതുജനങ്ങളുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍