12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ബാഗേജിനുള്ളില്‍ കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

ദുബൈ: പിഞ്ചുകുഞ്ഞിനെ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച് യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച അറബ് ദമ്പതികളെ ഷാര്‍ജ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. സ്വദേശത്തു നിന്ന് അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഈ ദമ്പതികള്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇവരുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് യാത്രാ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ കുഞ്ഞിനെ വിമാനത്താവളത്തിന് പുറത്തിറക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വെള്ളി, ശനി ദിവസങ്ങള്‍ ഓഫിസുകള്‍ക്ക് അവധിയായതിനാല്‍ ഞായറാഴ്ച രാവിലെ കുഞ്ഞിന് സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. ഇതിന് രണ്ട് ദിവസം വിമാനത്താവളത്തില്‍ കഴിയുന്നതിനും അനുമതി നല്‍കി.
ഇതനുസരിച്ച് ശനിയാഴ്ച വരെ വിമാനത്താവളത്തില്‍ കഴിഞ്ഞ ഇവര്‍ രാവിലെ 10ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കി കുഞ്ഞിനെ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷിനില്‍ നടത്തിയ പരിശോധനയിലാണ് ബാഗിനകത്ത് കുഞ്ഞിനെ കണ്ടെത്തിയത്. പിഞ്ചുകുഞ്ഞിന്റെ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com