വെടിപ്പായ വേഷവും മാന്യതയുടെ മുഖവുമായി

പലിശച്ചൂണ്ടയില്‍ പരദേശി-6

വെടിപ്പായ വേഷവും, മാന്യമായ പെരുമാറ്റവുമാണ് പലിശ കച്ചവടക്കാരുടെ പ്രത്യേകത. ഇവരുടെ ദുര്‍മുഖം കാണേണ്ടിവരുന്നത് ഇടപാട് തെറ്റുമ്പോള്‍ മാത്രം. കെണിയില്‍ കുടുങ്ങിയവന്‍ മരണത്തില്‍ അഭയം തേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. റിയാദില്‍ ബത്ഹ, ഹറാജ്, ഹാര, ശുമൈസി, നസീം, സുലൈ, എക്സിറ്റ് 10, ശിഫ സനാഇയ്യ തുടങ്ങിയവയാണ് പ്രധാനമായും പലിശക്കാരുടെ കേന്ദ്രങ്ങള്‍. പലിശക്കാര്‍ പലതരമാണ്. ഏര്‍പ്പാടും പല വിധം. മൊത്ത കച്ചവടക്കാരാണ് ബഡാപുള്ളികള്‍. അവരില്‍ പലരും പുറംലോകത്ത് മാന്യന്മാര്‍. ഇവരില്‍നിന്ന് മാസപലിശക്ക് പണമെടുക്കുന്നവരാണ് ചില്ലറ വ്യാപാരികള്‍. മാസപലിശയുടെ ശതമാനം കുറവായിരിക്കും. 'ഡെയ്ലി വട്ടിക്കാരാ'യ ചില്ലറ വ്യാപാരികള്‍ ഈ പണവുമായി വിപണിയിലിറങ്ങും. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ബഖാലകള്‍ മുതല്‍ ബാര്‍ബര്‍ ഷോപ്പുകാരന്‍ വരെ ഇവരുടെ ചൂണ്ടയില്‍ കുരുങ്ങും. കച്ചവടക്കാരും സ്ഥാപന നടത്തിപ്പുകാരുമാവുമ്പോള്‍ ദിവസം പണം വേണം. സ്വന്തം ഇഖാമ പുതുക്കല്‍ മുതല്‍ കടയിലേക്ക് സ്റ്റോക്ക് എടുക്കല്‍, ജീവനക്കാരുടെ ശമ്പളം, കടയുടെ വാടക വരെ പലതരം ആവശ്യങ്ങള്‍. ഇത് കണ്ടറിഞ്ഞാണ് 'ഡെയ്ലി വട്ടി'യുടെ സഹായം. 1000 റിയാല്‍ വേണ്ടവന് 900 റിയാല്‍ കൊടുത്ത് ഒരു മാസം കൊണ്ട് 1000 റിയാല്‍ പിരിച്ചെടുക്കുന്ന രീതിയും 1000 റിയാല്‍ തന്നെ വേണ്ടവന് അത്ര തന്നെ കൊടുത്തു രണ്ട് മാസം കൊണ്ട് 1200 റിയാല്‍ പിരിച്ചെടുക്കുന്ന രീതിയുമാണ് പ്രധാനമായും ഡേയിലിക്കാര്‍ക്കുള്ളത്. വൈകീട്ടാണ് പുറത്തിറങ്ങുക. ഇടപാടുകാരുടെ കടകളിലും സ്ഥാപനങ്ങളിലുമെത്തി ഡേയിലി കളക്ഷനും വീക്കിലി കളക്ഷനുമുണ്ട്. അന്നന്ന് പിരിഞ്ഞുകിട്ടുന്ന തുക അന്നുതന്നെ മറ്റൊരു ഇരക്ക് കൊടുക്കും. ഇങ്ങനെ പണം പെറ്റുപെരുകും. റോളിങ് ഏര്‍പ്പാടെന്നും ഇതിനെ പറയും. ബഡാപുള്ളിക്ക് നിശ്ചിത ശതമാനം മാസ പലിശ കൊടുത്താല്‍ മതി. ബാക്കിയെല്ലാം ചില്ലറ വ്യാപാരിക്ക്.
പലിശ പണം നിശബ്ദമായി വിപണിയില്‍ ഒഴുകി നടക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഗുണവും കിട്ടുന്നത് ചില്ലറ വ്യാപാരിക്കു തന്നെയാണ്. ചില്ലറ വ്യാപാരികളാണ് റിയാദില്‍ കൂടുതലും. എത്ര പണം പെരുകിയാലും ചില്ലറ വ്യാപാരികളാവാനാണ് ഇവര്‍ക്ക് ഇഷ്ടം. ഹൗസ് ഡ്രൈവര്‍ മുതല്‍ നല്ല കമ്പനികളില്‍ എക്സിക്യുട്ടീവ് ജോലി ചെയ്യുന്നവര്‍ വരെ ഇങ്ങനെ ഡേയിലി വട്ടിക്കാരായുണ്ട്. മറ്റു പണികളൊന്നുമില്ലാതെ മുറികളില്‍ പകല്‍ മുഴുവന്‍ കഴിച്ചുകൂട്ടുകയോ ഉറങ്ങിത്തീര്‍ക്കുകയോ ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. അധ്വാനമില്ലാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയെന്ന നിലയിലാണ് പലരും ഇതിലേക്ക് തിരിയുന്നത്. ബിസിനസ് ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ഓഹരി ചേരാന്‍ തുഛ ശമ്പളക്കാരനേയും ക്ഷണിക്കും. ആയിരം റിയാല്‍ ഒപ്പിച്ചുകൊടുത്താല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കൂടുതല്‍ പണം തരാമെന്ന ഓഫറിന്റെ ചൂണ്ടയില്‍ എണ്ണിച്ചുട്ട അപ്പം പോലെ മാസ ശമ്പളം വാങ്ങുന്നവന്‍ കുടുങ്ങും. ആ മാസം നാട്ടിലേക്ക് പണമയക്കണ്ടെന്ന് തീരുമാനിച്ച് ശമ്പളം ഡേയിലിക്കാരന് കൊടുക്കും. വിപണിയില്‍നിന്ന് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ പണമായി തിരിച്ചുകിട്ടും. കൊള്ളാമല്ലോ ഏര്‍പ്പാടെന്ന് തോന്നുമ്പോള്‍ സഹപ്രവര്‍ത്തകനില്‍നിന്നുപോലും കടം വാങ്ങി ഡേയിലിക്കാരന് കൂടുതല്‍ തുക കൊടുക്കും. ബത്ഹയിലെ ചില സ്ഥാപനങ്ങളില്‍ ജോലിക്കാരായി വ്യാപക പരിചിത വലയമുണ്ടാക്കിയ പലരും ഇങ്ങനെ പണമിരട്ടിപ്പിലേക്ക് തിരിഞ്ഞിട്ടുണ്ട്. സ്വകാര്യമായ പല ആവശ്യങ്ങള്‍ പറഞ്ഞാണ് നേരിയ പരിചയമുള്ളവരില്‍നിന്നുപോലും പണം കടംവാങ്ങുക. ഇത് ഡേയിലി വട്ടി വഴി വിപണിയിലിറക്കും. ദിവസങ്ങള്‍ക്കകം കളക്ഷന്‍ തിരിച്ചെത്തുമ്പോള്‍ ലാഭമെടുത്ത് പണം ഉടമസ്ഥന് തിരിച്ചുനല്‍കും. അത്യാഗ്രഹം മൂത്ത് വ്യാപകമായി പണം തിരിമറി നടത്തി കുടുങ്ങിപ്പോയവരുമുണ്ട്. പണം ചാക്രിക രീതിയില്‍ ഇടമുറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നാലേ ഇവരുടെ തിരിമറി സുഗമമായി നടക്കൂ. എന്നാല്‍ ഡേയിലി വട്ടിക്കാരനോ അയാളില്‍നിന്ന് പണമെടുത്ത കടക്കാരനോ മുങ്ങിയാല്‍ പലരില്‍നിന്ന് രണ്ടും മൂന്നും ദിവസത്തെ കാലാവധി പറഞ്ഞ് വ്യാപകമായി കടം വാങ്ങിയവന്‍ കുടുങ്ങും. അവസാനം കടം കിട്ടാനുള്ളവരെല്ലാം കൂടി ഒത്തുകൂടുമ്പോഴാണ് യുവാവ് എല്ലാവരേയും പറ്റിക്കുകയായിരുന്നെന്ന സത്യം വെളിപ്പെടുക. സ്ഥാപനത്തിന് കൂടി ചീത്തപ്പേരുണ്ടാക്കിയെന്ന കാരണത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടലിലോ നാട്ടിലേക്ക് തിരിച്ചയക്കലിലോ ഒക്കെയാവും അത് കലാശിക്കുക. വലിയ ഗ്യാങ്ങുകളായി പലിശ കച്ചവടം നടത്തുന്നവരും വ്യക്തിഗത ബിസിനസില്‍ ഏര്‍പ്പെട്ടവരുമുണ്ട്. പലിശ, ചിട്ടി, കുഴല്‍പ്പണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ബിസിനസ് കൊഴുപ്പിക്കുന്ന ഏര്‍പ്പാടുകളുമുണ്ട്. പലിശയും ചിട്ടിയും അല്ലെങ്കില്‍ കുഴല്‍പ്പണവും ചേര്‍ന്നുള്ള ബിസിനസും കൂടുതല്‍ ലാഭകരമാണ്. അതേക്കുറിച്ച് നാളെ.

ഓര്‍മക്കായി പലിശ മരവും
റിയാദ് നഗരത്തിലെ പഴയ ഉരുപ്പടികളുടെ വിപണിയായ ഹറാജില്‍ പലിശ മരം എന്ന് മലയാളികള്‍ പേരിട്ട ഒരു മരമുണ്ടായിരുന്നു, രണ്ട് വര്‍ഷം മുമ്പുവരെ. ഹറാജിലെ മലയാളി മാര്‍ക്കറ്റിന് സമീപത്തായിരുന്നത്രെ കാറ്റാടിയിനത്തില്‍പെട്ട ആ മരം. അതിന്റെ ചുവട്ടില്‍ ആളുകള്‍ക്ക് വിശ്രമിക്കാനായി, നിര്‍മാണ തൊഴിലുകള്‍ ചെയ്യുന്ന പാകിസ്താനികള്‍ കല്ലും ബ്ലോക്കുകളും കൊണ്ട് ഒരു തറയും പടുത്തിരുന്നു. പ്രദേശത്തെ പ്രധാന പലിശക്കാരെല്ലാം വൈകീട്ട് ഈ സ്ഥലം കൈയടക്കും. പലിശക്കാര്‍ക്കിടയിലെ വാഗ്വാദങ്ങള്‍ക്കും കണക്കുകളുടെ ഉരുക്കഴിക്കലുകള്‍ക്കും പുതിയ ആസൂത്രണങ്ങള്‍ക്കും ഈ മരം സാക്ഷിയും തറ വേദിയുമായി. അപരനു ചെല്ലപ്പേര് ചാര്‍ത്തി ശീലിച്ച മലയാളി ആ മരത്തിനും പേരിട്ടു, 'പലിശ മരം' എന്ന്. ആ മരം ഇന്നില്ല. പലിശയില്‍ കുടുങ്ങി ജീവിതം നശിച്ചവരുടെ ശാപത്തിന്റെ ചൂടേറ്റ് അത് ഉണങ്ങി നശിച്ചതോ അതോ, മുനിസിപ്പാലിറ്റിക്കാര്‍ മുറിച്ചുനീക്കിയതോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus