ബുധനാഴ്ചത്തെ കൊച്ചി വിമാനം നിര്‍ത്തിയത് ആഗസ്റ്റ് 31 വരെ നീട്ടി

കുവൈത്ത് സിറ്റി: പൈലറ്റുമാരുടെ സമരം അവസാനിച്ചെങ്കിലും അതിന്റെ പേരില്‍ വെട്ടിക്കുറച്ച കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഉടനൊന്നും പുനത്തസ്ഥാപിക്കാന്‍ സാധ്യതയില്ല. എല്ലാ ബുധനാഴ്ചകളിലും കൊച്ചി വഴി കോഴിക്കോട്ടേക്ക് നടത്തിയിരുന്ന സര്‍വീസ് ജൂലൈ 31 വരെ നിര്‍ത്തിവെച്ചിരുന്നു.
ഇത് ആഗസ്റ്റ് മാസത്തില്‍ കൂടി തുടരാനാണ് തീരുമാനമെന്നാണ് കുവൈത്തിലെ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതായത്, ജൂലൈ 11, 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഈ സര്‍വീസ് ഉണ്ടാകില്ല. ഇതോടെ കുവൈത്തിലെ മലയാളികളുടെ പെരുന്നാള്‍, ഓണം യാത്രകള്‍ ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പായി.
ആഗസ്റ്റ് 31 വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് പ്രതിവാരം നാല് സര്‍വീസുകള്‍ മാത്രമേ കാണുകയുള്ളൂ. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മംഗലാപുരം വഴി കോഴിക്കോട്ടേക്കും ശനിയാഴ്ച കൊച്ചി വഴി കോഴിക്കോട്ടേക്കുമാണ് സര്‍വീസ് ഉണ്ടാകുക. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ മുമ്പേ സര്‍വീസ് ഉണ്ടായിരുന്നില്ല. ഇക്കൂട്ടത്തിലേക്ക് ബുധനും സ്ഥിരമായി ഇടം പിടിക്കുകയാണ്.
പൈലറ്റുമാരുടെ സമരം മൂലം നാട്ടിലേക്കുള്ള യാത്രകള്‍ മുടങ്ങിയതിനാല്‍ കുവൈത്തിലെ വേനലവധി 'വേദനയവധി' ആയി മാറിയിരുന്നു. സമരം കാരണം സര്‍വീസുകള്‍ അവസാന നിമിഷം നിരന്തരം റദ്ദാക്കപ്പെട്ടതും അവസരം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയതുമെല്ലാം പ്രവാസികളെ വെട്ടിലാക്കിയിരുന്നു. പൊതുവെ നിരക്ക് വര്‍ധിക്കുന്ന വേനലവധി സീസണില്‍ സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെടുക കൂടി ചെയ്തതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലായിരുന്നു പാവം യാത്രക്കാര്‍. സമരം പിന്‍വലിച്ചെങ്കിലും റമദാന്‍-ഓണം സീസണിലും ഈ അവസ്ഥ തന്നെ തുടരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ചെറിയ പെരുന്നാളിനും ഓണത്തിനും അടുത്തുള്ള ഒരു ബുധനാഴ്ചകളിലും കൊച്ചി വഴിയുള്ള കോഴിക്കോട് വിമാനം സര്‍വീസ് നടത്തുന്നില്ല. ആഗസ്റ്റില്‍ 1, 8, 15, 22, 29 തീയതികളിലൊന്നും ഈ വിമാനമില്ല. ചെറിയ പെരുന്നാള്‍ ആഗസ്റ്റ് 19ന് ആകുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് എട്ടിനും 15നുമുള്ള സര്‍വീസുകള്‍ ഗുണകരമായേനേ. തിരുവോണം ആഗസ്റ്റ് 29നാണ്. എന്നാല്‍, ആഗസ്റ്റ് 22, 29 തീയതികളില്‍ കൊച്ചി വഴിയുള്ള കോഴിക്കോട് വിമാനമില്ല.
അതേസമയം, പൈലറ്റുമാര്‍ സമരം പിന്‍വലിച്ചിട്ടും സാങ്കേതികമായ പ്രശ്നങ്ങളാല്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. പൂര്‍ണമായും സര്‍വീസുകള്‍ പുനത്തസ്ഥാപിക്കുന്നതിന് ഒന്നര മാസത്തിലേറെ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും നാള്‍ സമരത്തിലായിരുന്ന പൈലറ്റുമാരുടെ മെഡിക്കല്‍ പരിശോധന നടത്തി അവര്‍ ജോലി ചെയ്യാന്‍ സജ്ജരാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല, ഇത്രയും നാള്‍ വിമാനം പറത്താതെ ഇരുന്നതിനാല്‍ മതിയായ പരിശീലനം കൂടി നല്‍കിയ ശേഷമേ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മുടങ്ങിയ സര്‍വീസുകള്‍ പൂര്‍ണമായും പുനത്തസ്ഥാപിക്കാന്‍ കഴിയൂയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus