12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കര്‍ണാടകയുടെ ദുരന്തം

കര്‍ണാടകയുടെ ദുരന്തം

കര്‍ണാടകയില്‍ നാടകം അവസാനിക്കുന്നില്ല. അധികാരത്തിലെത്തി നാലു വര്‍ഷംകൊണ്ട് മൂന്നു മുഖ്യമന്ത്രിമാരെ ഉല്‍പാദിപ്പിച്ച് അവിടെ ബി.ജെ.പി അവസരവാദത്തിനും അധികാരപ്രേമത്തിനും പുതിയ ഭാഷ്യങ്ങള്‍ ചമക്കുകയാണ്. അഴിമതി മുതല്‍ അശ്ളീലംവരെയും ക്രിമിനല്‍ ശൈലി മുതല്‍ മുരത്ത വര്‍ഗീയതവരെയും അറപ്പുകൂടാതെ എടുത്തണിഞ്ഞിട്ടുണ്ട് ദക്ഷിണേന്ത്യയിലെ ഈ ആദ്യത്തെ ബി.ജെ.പി ഭരണകൂടം. പരസ്പരം പോരടിക്കുന്ന ജാതിനേതൃത്വങ്ങള്‍ക്കും കസേരമോഹികള്‍ക്കുമിടയില്‍ ഭരണം നിലനിന്നുപോകുന്നത് എല്ലാവരെയും ഒന്നിപ്പിക്കുന്ന അധികാരഭ്രമമെന്ന ബലിഷ്ഠമായ കണ്ണി ഉള്ളതുകൊണ്ടുമാത്രം. 2008ല്‍ ബി.ജെ.പി സംസ്ഥാന ഭരണം പിടിച്ചത് തീര്‍ത്തും ആധികാരികമായ ജനപിന്തുണയോടെയായിരുന്നില്ല. 224 അംഗ അസംബ്ളിയില്‍ 110 സീറ്റ് നേടിയെങ്കിലും (കോണ്‍ഗ്രസിന് 80) വോട്ടുശതമാനം കോണ്‍ഗ്രസിനേക്കാള്‍ (34.6) കുറവായിരുന്നു (33.9). തുടക്കംമുതല്‍ നേതാക്കള്‍ അധികാരമുപയോഗിച്ച് സ്വാര്‍ഥതാല്‍പര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതാണ് കണ്ടത്. സംശുദ്ധഭരണം അജണ്ടയില്‍ ഒരിക്കലുമുണ്ടായില്ല. ആദ്യം മുഖ്യമന്ത്രിയായ യെദിയൂരപ്പ ഭരണത്തിന് അതിവേഗം അഴിമതിമുഖം നല്‍കി. ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നിട്ടും ബി.ജെ.പി നേതൃത്വം നിസ്സഹായരായി എല്ലാം കണ്ടുനിന്നു- 2008ല്‍ 160 കോടി രൂപയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ചെലവിലേക്ക് സംഭാവന ചെയ്തത്. ഈ ‘നിക്ഷേപം’ അദ്ദേഹം എങ്ങനെ മുതലെടുത്തു എന്നതിന്‍െറ ഒരു ചിത്രം ലോകായുക്ത സന്തോഷ് ഹെഗ്ഡെയുടെ 25,000 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. അത് പുറത്തുവന്നതോടെ ബി.ജെ.പിക്ക് യെദിയൂരപ്പയെ സംരക്ഷിക്കാനാവാതെ വന്നു. എങ്കിലും സ്വന്തം നോമിനിയെ (സദാനന്ദ ഗൗഡ) പിന്‍ഗാമിയാക്കിയും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തില്‍ പിടിമുറുക്കിയും അദ്ദേഹം തന്‍െറ സ്വാധീനം നിലനിര്‍ത്തുകതന്നെ ചെയ്തു. അന്ന് യെദിയൂരപ്പക്കെതിരെ പടനയിച്ച ജഗദീഷ് ശിവപ്പ ഷെട്ടര്‍ എന്ന ലിംഗായത്ത് നേതാവാണ് ഇന്ന്, ഗൗഡ അനഭിമതനായതോടെ, യെദിയൂരപ്പയുടെ അനുഗ്രഹാശിസ്സുകളോടെ മുഖ്യമന്ത്രിയാകുന്നത് എന്നതില്‍നിന്നുതന്നെ അവസരവാദത്തിന്‍െറ തീക്ഷ്ണത വ്യക്തമാണ്. കലാപങ്ങളും രാജിഭീഷണികളും നാടകീയമാക്കിയ ദിവസങ്ങള്‍ക്കൊടുവിലാണ് ഈ കസേരമാറ്റവും.
അഴിമതിയും വര്‍ഗീയതയും സ്ഥാപനവത്കരിച്ചതാണ് കര്‍ണാടകക്ക് ബി.ജെ.പി ഭരണത്തിന്‍െറ സംഭാവന. വന്‍തോതില്‍ അഴിമതി നടത്തിയിട്ടും യെദിയൂരപ്പ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു തന്നെയാണിപ്പോഴും. വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ തലത്തിലും അദ്ദേഹം തുടങ്ങിവെച്ച വര്‍ഗീയവത്കരണം ഗൗഡയുടെ ഭരണത്തില്‍ വര്‍ധിച്ചു. ഗുജറാത്തിലെ പരീക്ഷണങ്ങള്‍ കര്‍ണാടകയില്‍ തുടരുന്നുണ്ട്. സാമുദായികവൈരം മുമ്പ് ഇല്ലാതിരുന്ന മംഗലാപുരം, സൂരത്കല്‍, ഭട്കല്‍, ഉള്ളാള്‍, ദക്ഷിണ കന്നട തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയവിഷം പടര്‍ന്നത് ബി.ജെ.പി ഭരണത്തിലാണ്. ശ്രീറാം സേന, ഹിന്ദുജാഗരണ്‍ വേദിക, ഹിന്ദുജനജാഗൃതി സമിതി, സനാതന്‍ സന്‍സ്ഥ, ബജ്റംഗ്ദള്‍ തുടങ്ങിയവ വിഹരിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഒറ്റക്കും സംഘടിതമായും ആക്രമണങ്ങള്‍ നടക്കുന്നതിന്‍െറ തെളിവുകള്‍ പി.യു.സി.എല്‍ പോലുള്ള സംഘടനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയവത്കരണം സഹിക്കാനാവാതെ മികച്ച പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നുമുണ്ട്. പണാധിപത്യം, അഴിമതി, വര്‍ഗീയതയിലൂന്നിയ അധികാരപ്രമത്തത എന്നിവയുടെ മാരകമായ മിശ്രിതമാണ് കര്‍ണാടകയിലെ ബി.ജെ.പി ഭരണം.
നരേന്ദ്രമോഡിയുടെ വര്‍ഗീയതയെച്ചൊല്ലി പ്രതിരോധത്തിലായിരുന്നപ്പോഴും ബി.ജെ.പി അഴിമതി വിരുദ്ധതയും സംശുദ്ധഭരണവും മുദ്രാവാക്യമായി കൊണ്ടുനടന്നിരുന്നു. ഇപ്പോള്‍ കര്‍ണാടക അതിന്‍െറ തനിനിറം കൂടി വെളിച്ചത്താക്കുന്നു. സംസ്ഥാനത്തിന് 16,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും റെഡ്ഡി സഹോദരന്മാര്‍ക്ക് 30,000 കോടിരൂപയുടെ സ്വത്ത് സമ്പാദിച്ചുകൊടുക്കുകയും ചെയ്ത ഖനി അഴിമതിയുടെ ഗുണഭോക്താക്കള്‍ പാര്‍ട്ടി കൂടിയായിരുന്നു. ഇന്ന് ഷെട്ടറെ മുന്നില്‍ നിര്‍ത്തി യെദിയൂരപ്പ വീണ്ടും കളിക്കിറങ്ങുമ്പോള്‍ ഭരണവിശുദ്ധിയല്ല, അധികാരം മാത്രമാണ് ലക്ഷ്യമെന്ന് വിളംബരം ചെയ്യുകയാണവര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com