12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഇനിയും ചോര വീഴരുത്

അക്രമ-കൊലപാതക രാഷ്ട്രീയത്തിന് അവസാനം കാണാന്‍ കേരളത്തിനാവില്ളേ? ഈയിടെയുണ്ടായ സംഭവങ്ങളും അത് സമൂഹത്തിലുണ്ടാക്കിയ പ്രതികരണങ്ങളും പൊലീസും സര്‍ക്കാറും ബഹുജനങ്ങളുമൊക്കെ സ്വീകരിച്ച നിലപാടുകളും കണക്കിലെടുക്കുമ്പോള്‍ പ്രത്യാശക്ക് വകയുണ്ട്. എന്നാല്‍, അതുകൊണ്ടായില്ല. ജാതി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കൂട്ടായ നീക്കംകൂടി ഇതിനൊപ്പം നടക്കണം. ചോര ചിന്തിയുള്ള ഒരു സമാജസേവനവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും ഈ നാട്ടില്‍ ഇനി വേണ്ടെന്ന് തുറന്നുപറയാന്‍ എല്ലാവരും തയാറാവണം. ടി.പി. ചന്ദ്രശേഖരന്‍െറയും ഫസലിന്‍െറയും ഷുക്കൂറിന്‍െറയും വധവും എം.എം. മണിയുടെ മണക്കാട്ടെ പ്രസംഗവും കണ്ണൂരിലെ പ്രശാന്ത് ബാബുവിന്‍െറ വെളിപ്പെടുത്തലും എല്ലാം നല്ളൊരു നാളേക്കായി വാതില്‍തുറക്കുന്നതിനുള്ള കാരണങ്ങളായി മാറണം.
സംസ്ഥാനത്ത് ഒട്ടനവധി രാഷ്ട്രീയ സംഘട്ടനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിരവധി ഗ്രാമങ്ങളും നഗരങ്ങളും അത്തരം ദാരുണ, മൃഗീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടി മാത്രമല്ല അതിന് ഉത്തരവാദി. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുണ്ട് എന്ന വസ്തുത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാനാവില്ല. അനവധി ജീവനുകള്‍ പൊലിഞ്ഞു. ചെയ്യാത്ത കുറ്റത്തിനും അറിയാത്ത സംഭവങ്ങള്‍ക്കും നിരവധി പേര്‍ക്ക് ജീവന്‍ കൊടുക്കേണ്ടിവന്നിട്ടുണ്ട്. എത്രയോ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. വീടിന്‍െറ പ്രതീക്ഷയും ആശ്രയവുമൊക്കെയായവരാണ് കൊലക്കത്തിക്കിരയായത്. അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് പരാശ്രയത്താല്‍ മാത്രം നിത്യവൃത്തി നടത്തിപ്പോരുന്നവരുടെ എണ്ണവും കുറച്ചൊന്നുമല്ല. കേസുകളില്‍പെട്ട് ജയില്‍വാസത്തിന് വിധിക്കപ്പെട്ട നിരപരാധികളും ഏറെയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീര്‍ ഈ മലയാള മണ്ണില്‍ ഇനിയും വീഴില്ളെന്ന് ഉറപ്പിക്കാന്‍ നമുക്കാവണം. അതിനുള്ള സന്ദര്‍ഭമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്‍െറയും ഷുക്കൂറിന്‍െറയും ഫൈസലിന്‍െറയുമൊക്കെ വധക്കേസുകള്‍ അന്വേഷണ ഏജന്‍സികളുടെ കൈകളിലാണ്. നമ്മുടെ ക്രമസമാധാനപാലന സംഘത്തിന്‍െറ പ്രവര്‍ത്തന മികവ് അവര്‍ കാണിക്കട്ടെ. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. അതിനെക്കുറിച്ചുള്ള പരാതികളും വേവലാതികളും അതിന്‍െറ വഴിക്ക് പോകട്ടെ.
എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അന്വേഷിക്കട്ടെ. കണ്ണൂരിലെ കെ. സുധാകരന് എതിരെയുയര്‍ന്നുവന്ന ആക്ഷേപങ്ങളും അന്വേഷിക്കട്ടെ. എല്ലാ പ്രശ്നങ്ങളിലും സത്യം വെളിച്ചത്തുവരണം. തെറ്റ് ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. പല കേസുകളിലും യഥാര്‍ഥ കുറ്റവാളികളല്ല വിചാരണ ചെയ്യപ്പെട്ടതെന്ന വെളിപ്പെടുത്തലുകളും അന്വേഷണ വിധേയമാക്കണം. നിയമം നിയമത്തിന്‍െറ വഴിയേ പോകട്ടെ.
ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം അതല്ല. ഈ കൊലപാതക-അക്രമ രാഷ്ട്രീയത്തിന് എന്നെന്നേക്കുമായി അവസാനം ഉണ്ടാവണം. അതിനുതക്ക തീരുമാനങ്ങളും ബോധവത്കരണവും നടക്കണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. അക്രമങ്ങളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയേതര, സാമൂഹിക-സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവരെല്ലാം ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് മുതിരണം. അതിന്‍െറയൊക്കെ തലപ്പത്തുള്ളവര്‍ ഇത്തരം ഒരു സംഭവത്തിന് അനുമതി നല്‍കില്ല, കൂട്ടുനില്‍ക്കില്ല എന്ന് സ്വയം തീരുമാനിക്കണം. അറിഞ്ഞും അറിയാതെയും അത്തരം സംഭവങ്ങള്‍ നടന്നിരിക്കാം. പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ സ്വന്തം നിലക്ക് ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടന നിര്‍ബന്ധിതമായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടാവാം. ആസൂത്രണം ചെയ്ത കൊലപാതകങ്ങളും അക്രമങ്ങളും നടന്നിരിക്കാം. അതിനൊക്കെയാണ് അവസാനമുണ്ടാവേണ്ടത്. ഈ പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ വലിയമാറ്റമുണ്ടാക്കാനാവും. പക്ഷേ, നേതാക്കള്‍മാത്രം വിചാരിച്ചാല്‍ എല്ലാമാവില്ല. അതിന്‍െറ സന്ദേശം താഴത്തെട്ടില്‍ വരെയത്തെണം. അക്രമങ്ങളെ തള്ളിപ്പറയുകയും അക്രമികളെ പരസ്യമായി കൈയൊഴിയുകയും വേണം. നേതാക്കള്‍ അക്കാര്യം പരസ്യമായി പ്രസ്താവിക്കണം.
പലരും താല്‍ക്കാലികമായ ലാഭവും കൈയടിയുമൊക്കെ ലക്ഷ്യമിട്ടാണ് പ്രസംഗവേദിയില്‍ കയറുന്നത്. കൈയടിയുടെ ശബ്ദത്തിനനുസരിച്ച് ആവേശവും ആക്രോശവും കോപ്രായം കാണിക്കലും കാണാം. വെല്ലുവിളികളും അക്രമങ്ങളുമാണ് രാഷ്ട്രീയപ്രസംഗം എന്ന സ്ഥിതിയായിരിക്കുന്നു. ഇതൊക്കെ ടി.വിയില്‍ ലൈവായി ജനങ്ങള്‍ കാണുകയും, കേള്‍ക്കുകയും ചെയ്യുന്നു. ജനങ്ങള്‍ അതോടെ ഈ പ്രസംഗകരെ ശരിയായി വിലയിരുത്തുന്നുണ്ട്. ഇത്തരം പ്രസംഗം ശൈലിയില്‍ മാറ്റം വരുത്തണം. ആശയാദര്‍ശങ്ങളിലും നയപരിപാടികളിലും അധിഷ്ഠിതമാവട്ടെ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍ എത്തുന്നവര്‍ കാര്യഗൗരവം കാണിക്കുന്നില്ളെന്ന തോന്നല്‍ സാര്‍വത്രികമായുണ്ട്. സഭാനാഥന്‍ എന്ന നിലക്ക് ഇക്കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയും. എല്ലാ കക്ഷിനേതാക്കളെയും വിളിച്ചുകൂട്ടി ഇക്കാര്യം ചര്‍ച്ചചെയ്യണം.
ആധ്യാത്മിക-മത-സാമുദായിക നേതാക്കള്‍ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രംഗത്തുവരണം. സന്യാസി സമൂഹങ്ങള്‍ ഇവിടെ അനവധിയുണ്ട്. അവര്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഈ കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാവണം. കലാശാലകള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് പലതും ചെയ്യാനാവും.
കേരളത്തില്‍ ഗ്രാമങ്ങള്‍ കുറഞ്ഞുവരുകയാണ്. ടി.വിയും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഇല്ലാത്ത പ്രദേശങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. യുവാക്കള്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ഇന്ന് എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഓരോ രാഷ്ട്രീയ നേതാക്കളെയും വിലയിരുത്തുന്നു. യുവാക്കള്‍ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും കൊലവിളി നടത്തുകയുമൊക്കെ ചെയ്യുന്നവരെ എങ്ങനെയാണ് കാണുകയെന്ന് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ മനസ്സിലാക്കേണ്ടതാണ്. 2011ലെ ജനസംഖ്യപ്രകാരം സംസ്ഥാനത്ത് 47.9 ശതമാനം ജനങ്ങള്‍ 21 വയസ്സിന് താഴെയുള്ളവരത്രെ. 25ന് താഴെ പ്രായമുള്ളവര്‍ 53 ശതമാനം വരും. ഇവരാണ് നാളെ സംസ്ഥാനത്തിന്‍െറ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. അവരുടെ മനസ്സില്‍ അക്രമോത്സുകതക്ക് എത്രമാത്രം സ്ഥാനമുണ്ട്, കവലയോഗങ്ങളിലും ടി.വി ചാനലുകളിലും വന്ന് കൊലവിളി നടത്തുന്നവരോട് അവര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നൊക്കെ കണ്ടറിയണം. ഇന്ന് രാഷ്ട്രീയകക്ഷികള്‍ക്കൊപ്പം അണിനിരക്കാന്‍ യുവഹൃദയങ്ങള്‍ മടികാണിക്കുന്നുണ്ട്. രാഷ്ട്രീയ അവബോധത്തിന്‍െറ അഭാവം കാമ്പസിലുണ്ടാവുകയും ചെയ്യുന്നു. അത് തീര്‍ച്ചയായും ഒരു രാജ്യത്തിനും ഗുണകരമല്ല. അഴിമതിക്കെതിരായി ദല്‍ഹിയില്‍ അണ്ണാ ഹസാരെ സംഘം രാഷ്ട്രീയത്തിനതീതമായി നടത്തിയ സമരത്തില്‍ യുവാക്കളുടെ ക്രമാതീതമായ പങ്ക് നാം ശ്രദ്ധിക്കേണ്ടതാണ്. 53 ശതമാനം ജനങ്ങള്‍ അതും യുവാക്കള്‍ രാഷ്ട്രീയത്തെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സ്ഥിതി ആലോചിച്ച് നോക്കൂ. അവരാവും നാളെ ഇവിടെ വിധിയെഴുത്തിന് ചുക്കാന്‍പിടിക്കുന്നതെങ്കിലോ? തീര്‍ച്ചയായും അത് നല്ലതാവില്ല. രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയേണ്ട വസ്തുതയാണ് ഇത്. കൊലപാതകങ്ങളും അതിക്രമങ്ങളും യുവാക്കളെ രാഷ്ട്രീയക്കാരില്‍നിന്ന് അകറ്റുന്നുണ്ട്. ഇവിടെയാണ് മാറ്റം അനിവാര്യമാവുന്നത്. രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യം മനസ്സിലാക്കണം. നല്ളൊരു കേരളത്തിനായി, രക്തംചിന്താത്ത കേരളത്തിനായി നമുക്ക് കാതോര്‍ക്കാനാവണം.
(ബി.ജെ.പി മുന്‍ ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)
n


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com