Mon, 07/09/2012 - 23:31 ( 49 weeks 2 daysago)
ലണ്ടന്‍ ഒളിമ്പിക്സ്: താരങ്ങളെത്തിത്തുടങ്ങി
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മികവിന്‍െറ മെഡല്‍ത്തിളക്കം ലക്ഷ്യമിട്ട് താരങ്ങള്‍ ഇംഗ്ളീഷ് മണ്ണിലെത്തിത്തുടങ്ങി. ലണ്ടനിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ ആഗ്രഹിച്ച് നേരത്തേയെത്തിയ താരങ്ങള്‍ ലഭ്യമായ പരിശീലനസൗകര്യങ്ങളില്‍ മുന്നൊരുക്കം തകൃതിയായി നടത്തുകയാണ്. ഈ ആഴ്ച പിന്നിടുന്നതോടെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളില്‍ പകുതിയും ലണ്ടനില്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
ലണ്ടനിലെ ഒളിമ്പിക് പാര്‍ക്കിലുള്ള അക്വാറ്റിക് സെന്‍ററില്‍ മൂന്നാഴ്ചക്കുള്ളില്‍ മത്സരത്തിനിറങ്ങുന്ന ആവേശത്തിലാണ് മലാവിയില്‍നിന്നുള്ള നീന്തല്‍താരങ്ങളായ ചാള്‍ട്ടണ്‍ നിറേന്‍ഡയും ജോയ്സ് ടഫാടാത്തയും. ഒളിമ്പിക്സിനായി മൂന്നു ദിവസം മുമ്പ് ഇംഗ്ളണ്ടിലെത്തിയ ഇവര്‍ ചെല്‍റ്റന്‍ഹാം ലിഡോയിലെ നീന്തല്‍ക്കുളത്തില്‍ പരിശീലനത്തിലാണ്. ഒരു സെഷനില്‍ ഒരാള്‍ സാധാരണഗതിയില്‍ 4.20 പൗണ്ട് (ഏകദേശം 365 രൂപ) വാടക കൊടുക്കേണ്ട ഈ സ്വിമ്മിങ്പൂള്‍ ഒളിമ്പിക് രീതിയിലുള്ള ബ്രിട്ടനിലെ അപൂര്‍വം ഔ്ഡോര്‍ സ്വിമ്മിങ്പൂളുകളിലൊന്നാണ്. ആസ്ട്രേലിയന്‍ നീന്തല്‍ ടീം ഇംഗ്ളണ്ടിലെത്തി മാഞ്ചസ്റ്ററിലാണ് പരിശീലനം നടത്തുന്നത്. ജമൈക്കന്‍ അത്ലറ്റുകള്‍ ബിര്‍മിങ്ഹാമിലും പാകിസ്താന്‍ ഹോക്കി ടീം മിഡ്ലാന്‍ഡ്സിലെ കനോക്ക് ഹോക്കി ക്ളബിലുമാണ് പരിശീലിക്കുന്നത്.
മാലദ്വീപില്‍നിന്നുള്ള താരങ്ങള്‍ ബെഡ്ഫോഡ്ഷയര്‍ യൂനിവേഴ്സിറ്റിയിലെ സൗകര്യങ്ങളിലും മൊസാംബിക് ടീം കോംബേര്‍ട്ടനിലെ ഒരു ഗ്രാമപ്രദേശത്തുള്ള സ്കൂളിലും മുന്നൊരുക്കം നടത്തുന്നു. ബ്രസീലിയന്‍ ജിംനാസ്റ്റുകള്‍ക്ക് ഇപ്സ്വിച്ചാണ് പരിശീലനവേദി. ബഹാമാസ് ടീം ക്രോളിയിലെ കെ ടു ലീഷര്‍ സെന്‍ററില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. 80 ആസ്ട്രേലിയന്‍ അത്ലറ്റുകള്‍ക്ക് കെന്‍റിലെ ടോണ്‍ബ്രിഡ്ജ് സ്കൂളില്‍ നാട്ടിലേതുപോലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആസ്ട്രേലിയന്‍ ജിംനാസ്റ്റുകളാവട്ടെ, സഫോള്‍കിലെ വേവ്നിയിലാണ് തമ്പടിച്ചിരിക്കുന്നത്. ഓരോ ടീമും പരിശീലിക്കുന്ന ട്രെയ്നിങ് ക്യാമ്പുകള്‍ 25,000 പൗണ്ട് വീതം ചെലവിട്ടാണ് ലണ്ടന്‍ ഒളിമ്പിക്സ് സംഘാടക സമിതി നവീകരിച്ചിരിക്കുന്നത്. മേളക്ക് കൊടിയേറുന്നതിന് മുമ്പ് ഒളിമ്പിക് വില്ലേജ് തുറന്നുകൊടുക്കുന്നതോടെ താരങ്ങള്‍ അവിടേക്ക് ചേക്കേറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍