കൈറോ: ഈജിപ്തില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി റദ്ദാക്കിയത് രാജ്യത്തെ പരമോന്നത ഭരണഘടനാ കോടതി തള്ളി. പാര്‍ലമെന്‍റ് പിരിച്ചുവിട്ടുകൊണ്ടുള്ള നേരത്തേയുള്ള തങ്ങളുടെ ഉത്തരവ് നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈജിപ്തിലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ടുകൊണ്ട് സൈനിക ഭരണകൂടത്തിന് (സ്കാഫ്) വേണ്ടി ഭരണഘടനാ കോടതി പുറപ്പെടുവിച്ച ഉത്തരവ് മുര്‍സി ഞായറാഴ്ച റദ്ദാക്കിയിരുന്നു. എം.പിമാര്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രവേശിക്കാനായി അവിടെയുള്ള സൈനികരെ പിന്‍വലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനാ കോടതി തിങ്കളാഴ്ച യോഗം ചേര്‍ന്നാണ് മുര്‍സിയുടെ ഉത്തരവ് റദ്ദാക്കിയത്. തങ്ങളുടെ ഉത്തരവുകള്‍ അന്തിമവും അപ്പീലില്ലാത്തതുമാണെന്ന് കോടതി പറഞ്ഞു. സ്വതന്ത്രന്മാര്‍ക്കുവേണ്ടി നീക്കിവെച്ച പാര്‍ലമെന്‍റ് സീറ്റുകളില്‍ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ മത്സരിച്ചുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവനുസരിച്ച് സൈന്യം പാര്‍ലമെന്‍റ് പിരിച്ചുവിട്ടിരുന്നത്. പ്രസിഡന്‍റിന്‍െറ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവും സൈന്യം പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ പിന്‍ബലത്തോടെ അധികാരത്തില്‍ പിടിമുറുക്കാനുള്ള സൈന്യത്തിന്‍െറ നീക്കത്തിനെതിരെ ഈജിപ്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഈജിപ്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ബദര്‍ഹുഡിന്‍െറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് വ്യക്തമായ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് ഇലക്ടറല്‍ കൗണ്‍സില്‍ മുര്‍സിയെ പ്രസിഡന്‍റായി പ്രഖ്യാപിച്ചിരുന്നത്. മുര്‍സിയുടെ വിജയം രാജ്യത്തെ ജനാധിപത്യവാദികളും അറബ്ലോകവും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു. പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ മുര്‍സിയുടെ നടപടി ഈജിപ്തില്‍ ജനകീയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. രണ്ടുമാസത്തിനകം പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്താനും മുര്‍സി നിര്‍ദേശിച്ചിരുന്നു.
ഭരണഘടനാ കോടതിയുടെ പുതിയ ഉത്തരവ് ഈജിപ്തിലും പുറത്തും കടുത്ത പ്രതിഷേധത്തിനിടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുമായും സൈനിക നേതൃത്വവുമായും ഏറ്റുമുട്ടലിന് മടിക്കില്ലെന്ന വ്യക്തമായ സൂചന മുര്‍സി നടത്തിയതോടെ ഈജിപ്തിലെ ജനാധിപത്യവാദികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നാണ് കണക്കുകൂട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍