നമ്മുടെ പഴയ ട്രേഡ്മാര്‍ക്കായ ജീപ്പ് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന പോലെയാണ് പുതിയ പജേറോയുടെ നില്‍പ്പും നടപ്പുമൊക്കെ. നെഗളിപ്പ് അല്‍പം കൂടിയപ്പോള്‍ സ്പോര്‍ട്ട് എന്നുകൂടി
പേരിനൊപ്പം ചേര്‍ത്തു. ഈ വണ്ടിയുണ്ടാകുന്നതു വരെ ലാറ്റിനമേരിക്കയിലെ പുലിയെയാണ് പജേറോഎന്നു വിളിച്ചിരുന്നത്. അതായത് സ്പോട്സില്‍ ചേര്‍ന്ന പുലി പോലെയാണ് പുതിയ പജേറോസ്പോര്‍ട്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യുണ്ടായ് സാന്‍റഫേ എന്നിവക്കിട്ട് പണിയാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ധൃതിപിടിച്ച് ഇവനെ ഇന്ത്യയില്‍ എത്തിച്ചത്. പക്ഷേ, പണി കിട്ടിയത്
പഴയ പജേറോക്കാണ്. ഇതിന്‍െറ സകല ഗ്ളാമറും പോയി. പുലിയും പുച്ചയും പോലെ വിത്യാസം. രണ്ട് വണ്ടിയും അടുത്തു കണ്ടതോടെ പഴയ പജേറോയുടെ വില്‍പന നാല് വര്‍ഷത്തിനകം
നിര്‍ത്താനാണ് എച്ച്എം തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ സെലക്ട് ഫോര്‍ വീല്‍ ഡ്രൈവ് എന്ന പരിപാടിയാണ് പജേറോയെ പുലികളിക്ക് പ്രാപ്തനാക്കുന്നത്. ജീപ്പിന്‍െറ ഹനുമാന്‍ ഗിയര്‍
പോലെ ചെറിയൊരു സെറ്റപ്പ് ഇതിലുമുണ്ട്. ഇത് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ തെന്നിച്ചാല്‍ പുലി പലതരത്തില്‍ പ്രതികരിക്കും. ഉസൈന്‍ ബോള്‍ട്ടിനോട് മല്‍സരിക്കണമെങ്കില്‍ ടു വീല്‍ ഡ്രൈവ്.
പഴത്തൊലി കിടക്കുന്ന റോഡുകള്‍ക്ക് ഫോര്‍ വീല്‍ ഡ്രൈവ്. റോഡ് പരിണാമ ഘട്ടത്തിലാണെങ്കില്‍ ലോക്ക്ഡ് സെന്‍ട്രല്‍ ഡിഫ്രന്‍ഷ്യല്‍ ഹൈറേഞ്ച് വീല്‍ ഡ്രൈവ് റെഡി. വല്ല സ്ഥലത്തും അള്ളിപ്പിടിച്ചു കയറണമെങ്കില്‍ സെന്‍ട്രല്‍ ഡിഫ്രന്‍ഷ്യല്‍ ലോക്കുള്ള ലോറേഞ്ച് ഫോര്‍ വീല്‍ ഡ്രൈവ്. അതായത് പുലിക്ക് ഉടുമ്പിലുണ്ടായ സന്തതിയെയാണ് മിറ്റ്സുബിഷി പജേറോയെന്ന് പേരിട്ട് വില്‍ക്കുന്നത്. 178 പിഎസ് കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.5 ലീറ്റര്‍ കോമണ്‍റയില്‍ ഡീസല്‍ എന്‍ജിനാണ് ഈ വികൃതികള്‍ക്ക് കുടപിടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്. മുന്നില്‍ ഡബിള്‍ വിഷ്ബോണും പിന്നില്‍ ത്രീ ലിങ്ക് കോയില്‍ സ്പ്രിങ്ങും അടങ്ങിയ സസ്പെന്‍ഷനുണ്ട്. നിലവില്‍ ഒറ്റവേരിയന്‍േറ കിട്ടുകയുള്ളൂ. ഇപ്പോള്‍ പൂര്‍ണകായത്തിലുള്ള
ഇറക്കുമതിയാണ് നടത്തുന്നത്. സമീപഭാവിയില്‍ നിര്‍മാണം തുടങ്ങുമ്പോള്‍ പല രുചികളില്‍ ലഭിക്കും. വര്‍ഷം 6000 വണ്ടി വിറ്റാല്‍ ഭാഗ്യമെന്നാണ് കമ്പനി പറയുന്നത്. കാരണം പുലിക്ക് വില കാല്‍
കോടി കവിയും

നിങ്ങളുടെ അഭിപ്രായങ്ങള്‍