പെണ്‍മയുടെ താഴ്ചയും പെരുമയും

പെണ്‍മയുടെ താഴ്ചയും പെരുമയും

മണമ്പൂര്‍ രാജന്‍ബാബുവിന്‍െറ കവിതകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ പല അവസ്ഥകളില്‍ അകപ്പെട്ടുപോയ സ്ത്രീജീവിതങ്ങളുടെ ദൈന്യം തൊട്ടറിഞ്ഞ് ഉത്കണ്ഠപ്പെടുന്ന ഒരു കവിമനസ്സ് കാണാനാകും. അവ സ്ത്രീപക്ഷത്തുനിന്ന് സ്ത്രീജീവിതങ്ങളെ നോക്കിക്കാണാനും അവരുടെ അനുഭവങ്ങളോട് ഐക്യംസ്ഥാപിക്കാനും ശ്രമിക്കുന്നവയാണ്.
‘അഴലിന്‍െറയാഴക്കിണറ്റിലേക്കായുസ്സിന്‍
പകുതിയും നീളുന്ന ബന്ധപാശത്തിന്‍െറ
യറ്റത്തു കര്‍മബന്ധങ്ങള്‍ കുടുക്കിട്ടു
കെട്ടിയ പാളയായ് ജന്മംകളഞ്ഞവള്‍...’
‘മഹര്‍നിസ’ എന്ന കവിതയിലെ ചില വരികളാണിവ്. കര്‍മബന്ധങ്ങള്‍ കുടുക്കിട്ടു കെട്ടിയ പാളയായി തങ്ങളുടെ ജന്മംമുഴുവന്‍ കളഞ്ഞുകൊണ്ടിരിക്കുന്ന അനേകം മഹര്‍നിസമാര്‍ കിണറ്റില്‍നിന്ന് എത്തിനോക്കുന്നതും വലിഞ്ഞുകയറാന്‍ ഉഴറുന്നതും കാണാന്‍ കഴിയുന്ന ഒരാള്‍ക്കുമാത്രമേ അങ്ങനെയുള്ള ഒരു സ്ത്രീജീവിതത്തിന്‍െറ വ്യഥകള്‍ എത്രയെന്ന് സങ്കല്‍പിക്കാന്‍ കഴിയൂ. ലോകത്തിന്‍െറ വൃത്തികേടുകൊണ്ടുണ്ടാവുന്ന നിവൃത്തികേടില്‍നിന്നാണ് ഒരുവള്‍ തന്‍െറ നഗ്നത പകുക്കേണ്ട അവസ്ഥയില്‍ എത്തുന്നതെന്ന് ഈ കവി മനസ്സിലാക്കുന്നു.
‘നഗ്നത മൂടാന്‍
തുണിക്കായി നീ നിന്‍െറ
നഗ്നതപോലും
പകുത്തു!’
ഇങ്ങനെയുള്ള ആ അവസ്ഥയില്‍ അകപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് നിറഞ്ഞ ഖേദവും കവിക്കുണ്ട്. ആ അവസ്ഥ അവളുടെ ഉടല്‍ മാത്രമല്ല, ഉയിരും അടിമത്തത്തില്‍ കുരുക്കിയിടുന്നു എന്ന ബോധം കവിയുടെ ഉള്ളുരുക്കുന്നുണ്ട്. ദാരിദ്ര്യത്തിലും നുണച്ചിയോ കള്ളിയോ കള്ളക്കടത്തുകാരിയോ ആകാതെ, ഉയിരും ഉടലും പണയംവെക്കാതെ ആത്മാഭിമാനത്തോടെ കഴിയുന്ന അവള്‍ക്ക് വിശപ്പിന്‍െറ പ്രണയചേഷ്ടകൊണ്ടുമാത്രമാണ് ഉറക്കംവരാതിരിക്കുന്നത്. പ്രശ്നകലുഷിതരായ കഥാപാത്രങ്ങളായി മാത്രമല്ല ഈ കവിതകളിലെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത്. അവള്‍ പ്രണയിനിയും വേശ്യയും ഭാര്യയും കൂട്ടുകാരിയും അമ്മയും മുത്തശ്ശിയുമൊക്കെയായുള്ള നിരവധി ഭാവങ്ങളില്‍ വരുന്നു. നമ്മുടെ ചുറ്റുമുള്ള സ്ത്രീകളുടെ ഒരു കൂട്ടംതന്നെയാണ് ഈ കവിതകളില്‍ മിഴിവോടെ നില്‍ക്കുന്നത് എന്ന് നാം അവരെ തിരിച്ചറിയുകയും ചെയ്യുന്നു.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus