ഒരു ചിത്രത്തിനു പിന്നിലെ ജീവിതം

ഒരു ചിത്രത്തിനു പിന്നിലെ ജീവിതം

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചിത്രങ്ങള്‍ കണ്ട മലയാളിയെ വിയറ്റ്നാം യുദ്ധത്തില്‍ ഏജന്‍റ് ഓറഞ്ച് എന്ന മാരക രാസപ്രയോഗത്തിനിരയായവരുടെ ചിത്രങ്ങള്‍ ഞെട്ടിപ്പിച്ചെന്നുവരില്ല. എങ്കിലും, നാപാം ബോബുകള്‍ തീ മഴപെയ്ത വിയറ്റ്നാം ഗ്രാമത്തില്‍നിന്ന് ഉടുതുണിയില്ലാതെ ജീവനുവേണ്ടി ഓടുന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ ചിത്രം നമ്മുടെ കനവുകളില്‍ കനല്‍പെയ്യിച്ചിട്ടുണ്ടാവും.
1972 ജൂലൈ എട്ടിനായിരുന്നു ആ സംഭവം. തീപടര്‍ന്ന ഉടുപ്പ് ഊരിയെറിഞ്ഞ് നിലവിളിച്ച് കിം പുക് ഓടുന്ന രംഗം ഒപ്പിയെടുത്തത് അസോസിയേറ്റ് പ്രസിന്‍െറ 21 കാരനായ ഫോട്ടോഗ്രാഫര്‍ നിക് ഉട്ട്. ആ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡും പുലിറ്റ്സര്‍ പ്രൈസും ചിത്രത്തെ തേടിയത്തെി. ഹോചിമിന്‍ സിറ്റിയിലെ വാര്‍ റെമനന്‍സ് മ്യൂസിയത്തില്‍ (War Remnants Museum) ഇന്നും ആ ഫോട്ടോയുടെ ആദ്യ കോപ്പി സൂക്ഷിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ എട്ട് വെള്ളിയാഴ്ച ടൊറണ്ടോയിലെ ഒരുഹോട്ടലില്‍ അവര്‍ ഒരുമിച്ചുകൂടി. പ്രശസ്തമായ ആ ഫോട്ടോയുടെ 40ാം വാര്‍ഷികാചരണമായിരുന്നു അന്ന്. കിം പുക്, ഫോട്ടോ എടുത്ത നിക് ഉട്ട്, അന്നത്തെ പത്രപ്രവര്‍ത്തകര്‍, കിമ്മിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവിതത്തിന്‍െറ വിവിധതുറകളിലുള്ള പ്രശസ്തര്‍, യുദ്ധവിരുദ്ധപ്രവര്‍ത്തകര്‍ തുടങ്ങി പലരും ആ മുഹൂര്‍ത്തത്തില്‍ പങ്കെടുത്തു.
l
സൗത് വിയറ്റ്നാമിലെ ട്രാന്‍ഗ് ബാങ്കിലാണ് കിമ്മും കുടുംബവും താമസിച്ചിരുന്നത്. അന്ന് കിമ്മിന് ഒമ്പത് വയസ്സുമാത്രം. 1972 ജൂണ്‍ എട്ടിന് നോര്‍ത് വിയറ്റ്നാം കൈയടക്കിയ ട്രാന്‍ഗ് ബാങ്ക് മോചിപ്പിക്കുന്നതിന് സൗത് വിയറ്റ്നാമീസ് പോര്‍വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചുതുടങ്ങി. സൗത് സൈന്യവും സാധാരണക്കാരുമടങ്ങിയ ഒരു കൂട്ടത്തില്‍ കിമ്മും കുടുംബവും ചേര്‍ന്നു. അവര്‍ രക്ഷതേടി കൊടായ് ടെമ്പിളിലേക്ക് പോയി. സൗത് വിയറ്റ്നാമിനുകീഴിലുള്ള ഒരു പ്രദേശമാണിത്. ഈ സമയം ആകാശത്ത് വട്ടമിട്ട സൗത് പോര്‍വിമാനം ശത്രുപട്ടാളക്കൂട്ടമെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ക്കുമേല്‍ ബോബ് വര്‍ഷിക്കുകയായിരുന്നു. (കിമ്മിന്‍െറ ബന്ധുക്കളായ രണ്ടുപേര്‍ പൊള്ളലേറ്റ് മരണപ്പെട്ടിരുന്നു). പൊള്ളലേറ്റ് ഉടുപ്പൂരിയെറിഞ്ഞ് നിലവിളിച്ച് അവള്‍ ഓടി.
എ.പി ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിന്‍െറ കാമറയില്‍ ആ ചിത്രം പതിഞ്ഞു. 20ാം നൂറ്റാണ്ടുകണ്ട അവിസ്മരണീയചിത്രമായിരുന്നു അത്. വിയറ്റ്നാം യുദ്ധത്തിനെതിരെ ലോകശ്രദ്ധതിരിക്കുന്നതിലും യുദ്ധത്തിന് അന്ത്യംകുറിക്കുന്നതിലും ആ ചിത്രം മഹത്തായ പങ്കുവഹിച്ചു. കാമറ ഒരു രാഷ്ട്രീയ ആയുധമാകുകയായിരുന്നു.
‘‘നിക്, നിന്‍െറ ഫോട്ടോ കാരണം ഞങ്ങള്‍ക്ക് നേരത്തെ വീട്ടില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞുവെന്ന് ധാരാളം അമേരിക്കന്‍ പട്ടാളക്കാര്‍ പറഞ്ഞിട്ടുണ്ട്’’- നിക് ഉട്ട് പറയുന്നു.
ഫോട്ടോ എടുത്തതിനുശേഷം കിമ്മിനെയും പൊള്ളലേറ്റ മറ്റു കുട്ടികളെയും നിക്കും കൂട്ടുകാരും സെയ്ഗണിലെ ബാര്‍സ്കൈ ആശുപത്രിയിലത്തെിച്ചു. ശരീരത്തില്‍ ഏറെ ഭാഗവും പൊള്ളലേറ്റ കിം രക്ഷപ്പെടില്ളെന്ന് ഡോക്ടര്‍ വിധിയെഴുതി. എന്നാല്‍, നീണ്ട 14 മാസത്തെ ആശുപത്രിജീവിതവും 17 ഓപറേഷനുകളും കിമ്മിന്‍െറയും കുടുംബത്തിന്‍െറയും പ്രതീക്ഷകള്‍ക്ക് നിറമേകി.
തന്‍െറ ഫോട്ടോ ലോകശ്രദ്ധ നേടിയപ്പോഴും കിം കംബോഡിയന്‍ അതിര്‍ത്തിയിലെ ആ കൊച്ചുഗ്രാമത്തില്‍ കളിയാരവങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു, വേദനകള്‍ മറന്ന് പഴയ കൊച്ചുലോകം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തില്‍. പക്ഷേ, ചരിത്രം മറ്റൊന്ന് കാത്തുവെച്ചിട്ടുണ്ടായിരുന്നു. ആ ഫോട്ടോ അവളുടെ ജീവിതത്തെ അടിമുടി മാറ്റിപ്പണിയുകയായിരുന്നു.
ഡോക്ടറാവുകയെന്ന ജീവിതാഭിലാഷം പൂര്‍ത്തീകരിക്കാന്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ജീവിതം തിരിച്ചുതന്ന ആ ഫോട്ടോ അവളുടെ ഭാവിയെ വേട്ടയാടുകയാണോ എന്ന് ആശങ്കിച്ച സമയം. വിയറ്റ്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആ ചിത്രത്തെ ഒരു പ്രചാരണായുധമാക്കിക്കഴിഞ്ഞിരുന്നു. താന്‍ വീണ്ടും ഇരയാക്കപ്പെടുന്നുവോ എന്നവള്‍ക്ക് തോന്നിത്തുടങ്ങി.
‘‘നാപാം എന്‍െറ ശരീരത്തെ പൊള്ളിച്ചു. യുദ്ധത്തിന്‍െറ ഇരയായി ഞാന്‍ മാറി. പക്ഷേ, ജീവിതസാഹചര്യങ്ങള്‍ മാറിയതിനുശേഷവും ഞാന്‍ മറ്റൊരുതരം ഇരയായിത്തീരുകയാണ്. നാപാം ജീവനെടുത്ത എന്‍െറ സഹോദരങ്ങളോടൊപ്പം ഞാനും തീര്‍ന്നുപോയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് തോന്നിപ്പോകുന്നു’’- അന്നവള്‍ പറഞ്ഞു.
പക്ഷേ, ആ ഫോട്ടോ വീണ്ടും മറ്റൊരുരൂപത്തില്‍ കിമ്മിന്‍െറ ജീവിതത്തെ ധന്യമാക്കുകയായിരുന്നു. അവളുടെ കഥയറിഞ്ഞ് മനമലിഞ്ഞ വിയറ്റ്നാം പ്രധാനമന്ത്രി ക്യൂബയില്‍ മെഡിക്കല്‍പഠനം തുടരാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.
അതിനിടെ, പരമ്പരാഗത വിശ്വാസത്തില്‍നിന്ന് (cao Dai) ക്രിസ്തുമതത്തിലേക്ക് അവള്‍ മാറിയിട്ടുണ്ടായിരുന്നു. ക്യൂബയിലത്തെിയ കിം വിയറ്റ്നാം വിദ്യാര്‍ഥിയായ ബൂയി ഹൂയ് ടോനിനെ പരിചയപ്പെട്ടു. 1992ല്‍ ഇരുവരും വിവാഹിതരായി. പിന്നീട്, അവര്‍ കാനഡയിലെ ഒണ്ടാറിയോ(Ontario)യിലെ അജാക്സില്‍ താമസമാക്കി. അവര്‍ക്ക് രണ്ടു കുട്ടികള്‍; തോമസും സ്റ്റീഫനും. താമസിയാതെ കനേഡിയന്‍ പൗരത്വവും നേടി.
ജീവിതത്തിന്‍െറ തുറസ്സിലേക്ക്, പ്രതീക്ഷകളിലേക്ക് ആ ഫോട്ടോ കിമ്മിനെ നയിക്കുകയായിരുന്നു. തന്‍െറതന്നെ ദൈന്യതയും യുദ്ധം സൃഷ്ടിച്ച അരാജകത്വവും ഓര്‍ത്തെടുക്കാന്‍ ആ ചിത്രംവഴി കിമ്മിന് കഴിയുന്നുണ്ടായിരിക്കണം.
യുദ്ധത്തിന്‍െറ ഇരയായി എവിടെയോ ഒടുങ്ങേണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയെ ആ ചിത്രം യുനസ്കോയുടെ അംബാസഡറാക്കി. നിരവധി പൊതുവേദികളില്‍ അംഗമായ കിം, യുനസ്കോയുടെ ശമ്പളം വാങ്ങാത്ത ഗുഡ്വില്‍ അംബാസഡര്‍കൂടിയാണ്.
‘‘യുദ്ധത്തിന്‍െറ പ്രശസ്ത അടയാളമായ ഒരു കുട്ടി സമാധാനത്തിന്‍െറ പ്രതീകമാവാന്‍ ക്ഷണിക്കപ്പെടുന്ന ഒരു അദ്ഭുതം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’’ -ലോകപ്രശസ്തമായ ആ ഫോട്ടോയുടെ 40ാം വാര്‍ഷികം പ്രമാണിച്ച് ഒത്തുകൂടിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും കിം പറഞ്ഞു.
തിരിച്ചുകിട്ടിയ ജീവിതം തനിക്കുമാത്രം ഒതുക്കിവെക്കാന്‍ കിം തീരുമാനിച്ചിരുന്നില്ല. സഹജീവികള്‍ക്ക് കാരുണ്യമായി അത് പ്രവഹിച്ചു. പലവഴികളിലൂടെ ഒഴുകി ദുരിതജീവിതത്തിന്‍െറ കയ്പുനീര്‍ കുടിക്കുന്നവര്‍ക്ക് ആശ്വാസമേകി.
2004ല്‍ കണക്ടികുട്ട് യൂനിവേഴ്സിറ്റിയില്‍ കിമ്മിന്‍െറ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ‘വേദനകളില്‍നിന്ന് കരുത്തുനേടാന്‍ പഠിക്കാം’ എന്ന പ്രഭാഷണം ശ്രദ്ധേയമായിരുന്നു. 2009 ഡിസംബര്‍ 28ന് ദേശീയ റേഡിയോ അവരുടെ ‘വിട്ടുവീഴ്ചയുടെ നീണ്ട വഴിദൂരം’ എന്ന പ്രഭാഷണം പ്രക്ഷേപണം ചെയ്തു. 2010 മേയില്‍ ‘ഇതെന്‍െറ ജീവിത കഥ’ എന്ന വിഷയത്തില്‍ ബി.ബി.സിയില്‍ പരിപാടി അവതരിപ്പിച്ചു. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ ആക്രമണത്തിനിടെ ബഗ്ദാദില്‍ ഇരുകൈകളും നഷ്ടപ്പെട്ട അലി അബ്ബാസ് എന്ന കുട്ടിക്ക് കാനഡയില്‍ തന്‍െറ ഫൗണ്ടേഷന്‍ നല്‍കുന്ന സഹായത്തിന്‍െറ കഥ അവര്‍ ഓര്‍മിക്കുകയുണ്ടായി. ‘ദ ഗേള്‍ ഇന്‍ ദ പിക്ചര്‍’ എന്ന, ജീവചരിത്ര പുസ്തകത്തില്‍നിന്നും ആ മഹത്തായ ചിത്രത്തിനു പിന്നിലെ അവരുടെ ജീവിതം നമുക്ക് വായിച്ചെടുക്കാം.
1997ലാണ് കിം പുക് ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷനല്‍ സ്ഥാപിക്കപ്പെട്ടത്. യുദ്ധത്തിനിരയാവുന്ന കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ശുശ്രൂഷയും സേവനങ്ങളും നിര്‍വഹിക്കുകയാണ് ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനം. അന്താരാഷ്ട്രതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനരംഗത്ത് വിപുലമായ പരിപാടികളാണ് ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് യുഗാണ്ടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി തയാറാക്കിയ അതിബൃഹത്തായ പദ്ധതികളാണ്.
ലോകപ്രശസ്തമായ ആ ഫോട്ടോയുടെ നാല്‍പതാണ്ട് ആചരിക്കുന്ന വേളയിലും യുദ്ധം പത്തിമടക്കിയിട്ടില്ല. യുദ്ധത്തിന്‍െറ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ വിവിധ രാജ്യങ്ങളിലുണ്ട്. ചരിത്രം അങ്ങനെയാണ്. ചിലപ്പോള്‍ ക്രൂരമായ ആവര്‍ത്തനങ്ങള്‍ ബാക്കിവെക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus