ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ വില്ളേജ് കാണാനുള്ള യാത്ര ഏറെ ആകാംക്ഷനിറഞ്ഞതായിരുന്നു. തെക്കന്‍ ചൈനീസ് കടലിന് അഭിമുഖമായി ബ്രൂണെയ് നദിയുടെ മുകളിലാണ് ഈ ജലഗ്രാമം. ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് വാട്ടര്‍ സെറ്റില്‍മെന്‍റിന്. മലേഷ്യയുടെ ഭാഗമായ സറാവയുടെയും സബയുടെയും ഇടയിലെ ഒരു ചെറുപ്രദേശമാണ് സമ്പന്നരാഷ്ട്രമായ ബ്രൂണെ. ആഡംബരവിമാനത്തിന്‍െറയും വീടിന്‍െറയും വിവാഹസല്‍ക്കാരത്തിന്‍െറയുംപേരില്‍ ലോകശ്രദ്ധ നേടിയ സുല്‍ത്താന്‍െറ നാട്.
തലസ്ഥാനനഗരിയായ ബന്ദര്‍ സരി ബെഗാവനിലത്തെിയപ്പോഴേ മുന്‍ധാരണകളില്‍ ചിലത് തിരുത്തിയെഴുതേണ്ടി വന്നു. നമ്മുടെ ദല്‍ഹിയിലെ പുതിയ എയര്‍പോര്‍ട്ടിന്‍െറയത്രയൊന്നും തലയെടുപ്പില്ലാത്ത ചെറിയ വിമാനത്താവളം. യാത്രക്കാരുടെ വന്‍ തിരക്കൊന്നുമില്ല. പുറത്തിറങ്ങിയപ്പോഴും വമ്പന്‍ റോഡുകളും മേല്‍പാലങ്ങളും നിരനിരയായി നീങ്ങി തിരക്കുസൃഷ്ടിക്കുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ടിങ് സിസ്റ്റമൊന്നും കണ്ടില്ല. പഴയ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതീതിമാത്രം. എന്നാല്‍, ഉള്ള റോഡുകള്‍ നല്ല മേന്മയുള്ളതാണ്. വാഹനങ്ങള്‍ ഏറ്റവും മുന്തിയ തരമാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അത്രയൊന്നും ഉയരമില്ല.
നദിക്കരയില്‍ അനേകം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. പുഴക്ക് നടുവിലുള്ള ജലഗ്രാമങ്ങളില്‍ താമസിക്കുന്നവരുടേതാണിവയെല്ലാം. ജലഗ്രാമത്തിലേക്ക് ഇടതടവില്ലാതെ ബോട്ട് സര്‍വീസുണ്ട്. ഓരോ വീട്ടുകാര്‍ക്കും ഇഷ്ടത്തിനൊത്ത് വരാനും പോകാനും സ്വകാര്യബോട്ടുകള്‍. ഒന്നും രണ്ടും ആളുകളെയുംകൊണ്ട് അത് വീടുകളില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് വീടുകളിലേക്കും ഓടിക്കൊണ്ടിരുന്നു. ഓരോ ജെട്ടികളിലും പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ബോട്ടുകളുണ്ട്. ഇതില്‍ ചിലത് ഫൈബര്‍ബോട്ടുകളും ചിലത് പരമ്പരാഗത മരത്തില്‍ നിര്‍മിച്ചവയുമാണ്.
1521ല്‍ ഈ ജലഗ്രാമം സന്ദര്‍ശിച്ച ഫെര്‍ഡിനാന്‍റ് മഗല്ലന്‍െറ പ്രശംസാവചനങ്ങള്‍ ആന്‍േറാണിയോ രേഖപ്പെടുത്തിയിരുന്നു. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷവും ഈ ഗ്രാമങ്ങള്‍ കൂടുതല്‍ അദ്ഭുതമുണര്‍ത്തുന്നു. ഏറ്റവും സമ്പന്നമായ രാജ്യത്ത്, എല്ലാ അത്യാധുനിക സൗകര്യങ്ങളും കൈപ്പിടിയിലൊതുങ്ങുന്ന ജനത പാരമ്പര്യത്തിന്‍െറ പിന്‍ബലത്തില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നു.
കേരളത്തിനുമുണ്ടായിരുന്നു തനത് വാസ്തുശില്‍പവും നിര്‍മാണരീതിയും ആവാസവ്യവസ്ഥയും. പുരോഗതിയുടെപേരില്‍ അത് നാം എവിടെയോ നഷ്ടപ്പെടുത്തി. വികസനത്തിന്‍െറ നിറവിലും പണക്കൊഴുപ്പിലും പാരമ്പര്യ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന ബ്രൂണെയിലെ ജനങ്ങളോട് മനസ്സില്‍ ബഹുമാനം തോന്നി. ബെന്‍ലിയും ബി.എം.ഡബ്ള്യുവും ബെന്‍സുമൊക്കെ പുഴയോരത്തു നിര്‍ത്തിയാണ് ഇവര്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ജലഗ്രാമത്തില്‍ താമസിക്കുന്നത്!
തലസ്ഥാനനഗരിയിലെ ഒരു ജില്ലയാണിത്. ഇവിടെ മുപ്പതിനായിരത്തോളം ആളുകള്‍ താമസിക്കുന്നു. ഏകദേശം രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരും ഇത്. ഒരു നദിയുടെ മുകളില്‍ ഒരു ജില്ല. ഹോസ്പിറ്റല്‍, സ്കൂള്‍, റസ്റ്റാറന്‍റ്, ഷോപ്പുകള്‍, ആരാധനാലയം തുടങ്ങി സര്‍വ സൗകര്യങ്ങളും ലഭ്യമാണ്. ഈ കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങളുപയോഗപ്പെടുത്തുന്നതോടൊപ്പം, പാരമ്പര്യചര്യകളെ പിന്തുടരുന്നുവെന്ന സവിശേഷതയും കാണാം. വാട്ടര്‍ വില്ളേജിനെ ഇവിടത്തുകാര്‍ കംപോങ്ങ് എയര്‍(kampong ayer)എന്നാണ് വിളിക്കുന്നത്. ഇതിന്‍െറ അര്‍ഥം ‘ജലഗ്രാമം’ എന്നുതന്നെ.
ഈ ജല ജില്ലയില്‍ നിരവധി ഗ്രാമങ്ങളുണ്ട്. ഓരോ ഗ്രാമത്തെയും മരപ്പാതകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്നു. ഗ്രാമത്തിലെ കാര്യങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഗ്രാമത്തലവനാണ്. ഇന്നും ആ പാരമ്പര്യത്തിന് മാറ്റംവന്നിട്ടില്ല.
ഒഴുക്കിനെ തടയാതെ, കാറ്റിനെ സ്വതന്ത്രമായി അലയാനനുവദിച്ചുകൊണ്ടാണ് ഇതിന്‍െറ മാസ്റ്റര്‍ പ്ളാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. വീടിനകത്തും പുറത്തും ഇളംതെന്നലിന്‍െറ തഴുകിയുണര്‍ത്തല്‍. നിര്‍മാണപ്രവര്‍ത്തനത്തിലെ ലാളിത്യം, നിര്‍മിക്കാനുള്ള എളുപ്പം, വൃത്തി, ജലലഭ്യത എന്നിവ ഈ പ്രദേശത്തിന്‍െറ പ്രത്യേകതകളാണ്.
ഏതു സമയത്തും വീട്ടിനകത്തും മരപ്പാതയോരത്തുമിരുന്ന് മീന്‍പിടിക്കുന്നവര്‍. ഇതില്‍ മിക്ക ആളുകളും വലിയ ഉദ്യോഗസ്ഥരാണ്. രാവിലെ ബോട്ടില്‍ പുഴക്കരയിലത്തെി കാറെടുത്ത് ഓഫിസില്‍ പോകും. ഉച്ചയോടെ തിരിച്ചത്തെിയാല്‍ ഈ പ്രകൃതി ആസ്വദിച്ചും മീന്‍പിടിച്ചും കാറ്റു കൊണ്ടും സസന്തോഷം പ്രകൃതിയോടുചേര്‍ന്ന് ജീവിക്കുന്നു.
സിംഗ്ള്‍ ബെഡ്റൂം, ടു ബെഡ്റൂം, ത്രീ ബെഡ്റൂം തുടങ്ങി വിവിധ വലുപ്പത്തിലും സൗകര്യത്തിലുമുള്ള വീടുകള്‍ ഇവിടെയുണ്ട്. രണ്ട് കിടപ്പുമുറിയും ഒരു ലിവിങ് റൂമും കിച്ചണും വലിയ വരാന്തയുമുള്ള വീട്ടില്‍ കുളിക്കാനും തുണിയലക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ വീടുകളുടെ ഒരുഭാഗവും സ്ഥിരമായി ഉറപ്പിച്ചവയല്ല. എപ്പോള്‍ വേണമെങ്കിലും എടുത്തുമാറ്റാവുന്ന രീതിയിലാണ് രൂപകല്‍പന. രണ്ട് ബെഡ്റൂം മൂന്നും നാലുമാക്കാനും ലിവിങ്ങിലും ഡ്രോയിങ്ങിലും കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ളപ്പോള്‍ വരുത്താനും ഇതുവഴി സാധിക്കും. ഇതുതന്നെയാണ് നമ്മുടെയും പരമ്പരാഗത രീതി. മരയാണികൊണ്ടു നിര്‍മിച്ച വീടുകള്‍ ഇന്ന് നമുക്ക് ഓര്‍മമാത്രമാണ്. മണ്‍സൂണ്‍ കാറ്റ് വീടുകളില്‍ ചെറിയ ക്ഷതങ്ങളേല്‍പിക്കാറുണ്ട്. അത്തരം കേടുപാടുകള്‍ വളരെപ്പെട്ടെന്ന് ശരിയാക്കാവുന്ന തരത്തിലാണ് ഇതിന്‍െറ നിര്‍മാണരീതി.
1940വരെ പരമ്പരാഗതരീതിയില്‍ മരം കൈകൊണ്ട് അറുത്തെടുത്താണ് വീടുകള്‍ പണിതിരുന്നത്. അന്നുവരെ പ്രാദേശികമായി ലഭ്യമായിരുന്ന നിര്‍മാണവസ്തുക്കള്‍മാത്രമാണ് ഉപയോഗിച്ചിരുന്നത്. 1950ന് ശേഷമാണ് മരമില്ലുകളില്‍നിന്ന് ഈര്‍ന്നെടുക്കുന്ന മരങ്ങള്‍ വീടുകളുടെ ഭാഗമായത്. ഇന്ന് ചില വീടുകളില്‍ സര്‍വവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്ളാസ് ഡോറുകളും ജനല്‍ ചില്ലുകളും വെച്ച് അകത്ത് എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നവരുമുണ്ട്. ആധുനികരീതിയിലുള്ള ഇന്‍റീരിയറുകള്‍ കണ്ടാല്‍ ഇത് മരത്തില്‍ നിര്‍മിച്ച ജലവീടുകളാണെന്ന് പറയില്ല. 1990കള്‍ക്കുശേഷം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നു. കളര്‍ പെയിന്‍റുകളും പൈ്ളവുഡുകളും സ്മോക്ഡ് ഗ്ളാസും സാധാരണയായി ഇന്‍റീരിയറില്‍ ഉപയോഗിച്ചുതുടങ്ങി. രണ്ടുനിലകളുള്ള വലിയ സ്ട്രെക്ചറുകള്‍ വാട്ടര്‍ വില്ളേജിന്‍െറ ഭാഗമായി. ഇത്തരത്തിലുള്ള വലിയ സ്ട്രെക്ചറുകളുടെ ബലം താങ്ങാന്‍വേണ്ടി വലിയ പില്ലറുകള്‍ ഉയര്‍ന്നു. ഇവിടത്തെ വലിയ പള്ളിയുടെ തൂണുകള്‍ കോണ്‍ക്രീറ്റില്‍ പണിതുയര്‍ത്തിയതുകാണാം. ഇതിന്‍െറ മേല്‍ക്കൂരയില്‍ കളര്‍ ഷീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു.
ഈ ജലഗ്രാമത്തെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ ഇവിടത്തെ ആര്‍ക്കിടെക്ചറല്‍ രീതിയില്‍ ചെറിയ രീതിയിലെങ്കിലും കൊളോണിയല്‍ ആഭിമുഖ്യം പ്രത്യക്ഷമായി കാണാന്‍ സാധിക്കും. നിലവിലുള്ള ഈ വാട്ടര്‍ വില്ളേജിനെ ആംഗ്ളോ-മലായ് വാസ്തുശില്‍പ മാതൃകയായാണ് വിശേഷിപ്പിക്കുന്നത്.
ആളുകളുടെ ജീവിതരീതിയിലുമുണ്ട് കാലത്തിനൊത്ത മാറ്റം. തൊഴില്‍രംഗത്തും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാണ്. ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്നവരുടെ തൊഴില്‍ ആഭരണനിര്‍മാണവും പാത്ര നിര്‍മാണവും നെയ്ത്തുമായിരുന്നു. ഇന്ന് ഡോക്ടര്‍മാരും ബിസിനസുകാരും എന്‍ജിനീയര്‍മാരും ടീച്ചര്‍മാരുമൊക്കെയാണ് ഇവിടെ താമസിക്കുന്നത്.
ഈ പ്രദേശത്തുകാര്‍ ആതിഥ്യമര്യാദ കാത്തുസൂക്ഷിക്കുന്നവരാണ്. ഇഷ്ടത്തോടെ സ്വീകരിച്ച് സല്‍ക്കാര മര്യാദകള്‍ കാണിച്ചു. ഇവിടെ സ്ഥലപരിമിതികള്‍കൊണ്ടോ സമ്പത്തിന്‍െറ കുറവുകൊണ്ടോ അല്ല ആളുകള്‍ പരമ്പരാഗതരീതിയെ പുല്‍കുന്നത്. സീതി ഫാത്തിമ ബിന്‍ത് അഹ്മദ് പറഞ്ഞു: “ഞങ്ങള്‍ വര്‍ഷങ്ങളായുള്ള പാരമ്പര്യത്തിന്‍െറ കണ്ണികളാണ്. ആധുനിക ജീവിത ചുറ്റുപാടുകളുടെ ദു$സ്വാധീനങ്ങളില്‍നിന്നു വിട്ട് പൂര്‍വ പിതാക്കളുടെ വഴിയെ ജീവിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു”.
ഇവര്‍ ഗ്രാമത്തലവനെ അനുസരിക്കുന്നു. ഗ്രാമത്തിന്‍െറ പവിത്രത മനസ്സിലും ശരീരത്തിലും സൂക്ഷിക്കുന്നു. വീട്ടിനകത്തും പരിസരത്തും പാരമ്പര്യവും കൂട്ടായ്മയും കൈവിടാതെ നാല്‍പതുഗ്രാമങ്ങളുടെ, മൂവായിരം ജലവീടുകളുടെ, ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള ജലകുടുംബമായി ജീവിക്കുന്നു.
എല്ലാ വീടുകളില്‍നിന്നും പുഴയിലേക്ക് ചെറിയ പടവുകളുണ്ട്. അതിറങ്ങി താഴെ വന്ന് പുഴയെ ആവോളം ആസ്വദിക്കാം. ഇത്രയധികം ആളുകള്‍ പുഴക്കുമുകളില്‍ താമസിച്ചിട്ടും ഈ വെള്ളത്തിന് നിറംമാറ്റമില്ല. തെളിഞ്ഞ്, താളത്തില്‍ കടലിലേക്ക് ഒഴുകിച്ചേരുന്നു. ഈ ശാന്തതയും തെളിമയും ഇവരുടെ ജീവിതത്തിലുമുണ്ട്. ബോട്ടില്‍ കയറി മടക്കയാത്രക്ക് തയാറായപ്പോള്‍ മനസ്സു മന്ത്രിച്ചു, ‘ബ്രൂണെയിലെ ജനങ്ങള്‍ ധനികരാണ്. ഈ ജലഗ്രാമത്തില്‍ ജീവിക്കുന്നവര്‍ മനസ്സുകൊണ്ടും ധനികരാണ്’.
ഗ്രാമവും നഗരവും സമ്പത്തും സമൃദ്ധിയും പ്രകൃതിയോടെങ്ങനെ പെരുമാറണമെന്നതിന് വലിയ ഒരു പാഠമാണ് ലോകത്തിലെ ഏറ്റവും വലിയ ഈ ജലഗ്രാമം.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍