മൂന്നു മാസത്തിനിടെ സൗദിയില്‍ പിടിച്ചത് 734 കിലോ മയക്കുമരുന്ന്

മൂന്നു മാസത്തിനിടെ സൗദിയില്‍ പിടിച്ചത് 734 കിലോ മയക്കുമരുന്ന്

ദമ്മാം: മൂന്നു മാസം കൊണ്ട് സൗദി കസ്റ്റംസ് പിടികൂടിയത് 734 കിലോ മയക്കുമരുന്ന്. ഇതിനുപുറമെ 87 ലക്ഷം മയക്കുമരുന്ന് ഗുളികകളും 60,000 കുപ്പി മദ്യവും ഒരു കോടി 82 ലക്ഷം വ്യാജ ഉല്‍പന്നങ്ങളും പിടിച്ചെടുത്തായി കസ്റ്റംസിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് ഈ വേട്ടകള്‍ നടന്നത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ ഉള്‍പ്പെട്ട ആദ്യ പാദത്തില്‍ പിടിച്ചതിനേക്കാള്‍ 16 ശതമാനം അധികം വ്യാജ ഉല്‍പന്നങ്ങള്‍ രണ്ടാം പാദത്തില്‍ പിടികൂടിയെന്നും കസ്റ്റംസ് വക്താവ് അബ്ദുല്ല ഖര്‍ബൂശ് പറഞ്ഞു.
കസ്റ്റംസ് പിടികൂടിയ 87 ലക്ഷം മയക്കുമരുന്ന് ഗുളികകളില്‍ മാരക ദൂഷ്യഫലങ്ങളുള്ള ‘കാപ്റ്റഗോണും’ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഹുദൈത ചെക് പോയിന്‍റില്‍ 20 ലക്ഷം കാപ്റ്റഗോണ്‍ ഗുളിക പിടികൂടിയിരുന്നു. മറ്റൊരു പ്രധാന വേട്ട നടന്ന ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ്. ഇവിടെ എത്തിയ ഒരു ഈജിപ്തുകാരനില്‍നിന്ന് 21,380 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചു. വിദഗ്ധ പരിശോധനയിലാണ് അഭിഭാഷകന്‍ കൂടിയായ പ്രതി കുടുങ്ങിയത്. രണ്ടു വിശുദ്ധ ഖുര്‍ആന്‍ കെയ്സിലും കുഞ്ഞുങ്ങളുടെ പാല്‍പൊടിയിലും ഒളിപ്പിച്ചാണ് ഇയാള്‍ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്.
18,000 കുപ്പി മദ്യം ഒറ്റയടിക്ക് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. ബത്ഹ അതിര്‍ത്തി ചെക് പോയിന്‍റിലാണ് ഈ വേട്ട നടന്നത്. പാചക എണ്ണയുമായി എത്തിയ ട്രക്കില്‍ നിന്നാണ് ഈ മദ്യ ശേഖരം കണ്ടെടുത്തത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 100 കോടി 65 ലക്ഷം റിയാല്‍ വില വരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 503 പേരെ അറസ്റ്റ് ചെയ്തു. ഇത്തരം വേട്ടകള്‍ക്കിടെ പല തവണ സുരക്ഷാ വിഭാഗം പ്രതികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 43 ഓപറേഷനുകളില്‍ 20 ഓഫിസര്‍മാര്‍ക്ക് കൊള്ളക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. 2011 ഡിസംബര്‍ അവസാനം മുതല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെയാണ് ഇത്രയും ഏറ്റുമുട്ടല്‍ നടന്നത്.
ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രധാന ഏറ്റുമുട്ടലുണ്ടായത് തബൂകിന്‍െറ തീര പ്രദേശത്താണ്. അവിടെ തിറാന്‍ ദ്വീപില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടാനായിരുന്നു ഈ ദൗത്യം. ഒരു ലക്ഷം ‘ആംഫെറ്റാമിന്‍’ ഗുളികകളാണ് പിടിച്ചത്. മാരക ദൂഷ്യഫലങ്ങളാണ് ഇത് ഉപയോഗിക്കുന്നവര്‍ക്കുണ്ടാവുക. രണ്ടു ഈജിപ്തുകാരെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇതിനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ വിഭാഗം ദ്വീപിലേക്ക് പോയപ്പോള്‍ അവര്‍ക്ക് നേരെ കനത്ത ആക്രമണമുണ്ടായി.
കടല്‍ മാര്‍ഗം വന്‍ മയക്കുമരുന്ന് ശേഖരം കടത്താന്‍ ശ്രമിച്ചതും പരാജ്യപ്പെടുത്തി. അഞ്ച് ഇറാന്‍കാരും ആറു പാകിസ്താന്‍കാരും ഉള്‍പ്പെട്ട സംഘമാണ് അര ടണ്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്.
ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 70,598 കേസുകളാണ് പ്രോസിക്യൂഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ കമീഷന്‍ കഴിഞ്ഞ വര്‍ഷം അന്വേഷിച്ചത്. 1,04,809 പേരാണ് ഇതില്‍ ഉള്‍പ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus